ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും…!

യുവനടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിയ്ക്കും. ജാമ്യാപേക്ഷയിന്‍ മേല്‍ പ്രതിഭാഗത്തിന്റെ വാദമാകും ആദ്യം നടക്കുക. കേസിന്റെ സാഹചര്യങ്ങളില്‍ മാറ്റമില്ലാതെ വീണ്ടും എന്തിനാണ് ദിലീപ് കോടതിയെ സമീപിച്ചത് എന്ന് വാക്കാല്‍ നിരീക്ഷിച്ചു കൊണ്ടാണ് ജസ്റ്റിസ് സുനില്‍ തോമസ് കഴിഞ്ഞയാഴ്ച ജാമ്യാപേക്ഷ മാറ്റിവച്ചത്.

കേസന്വേഷണത്തിന്റെ സാഹചര്യങ്ങളില്‍ മാറ്റമുണ്ടായിട്ടില്ല എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുകയും ചെയ്തു. രണ്ട് തവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കോടതിയുടെ ഈ നിരീക്ഷണം ദിലീപിന് തിരിച്ചടിയായി വിലയിരുത്തപ്പെട്ടിരുന്നു.

സംവിധായകന്‍ നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഒക്ടോബര്‍ നാലിലേക്ക് കോടതി മാറ്റിവെക്കുകയും ചെയ്തു. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ കോടതി തീര്‍പ്പാക്കിയിരുന്നു. കേസില്‍ കാവ്യയെ അറസ്റ്റ് ചെയ്യാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കിയ സാഹചര്യത്തിലാണ് ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ സുനിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് വിലയിരുത്തിയ കോടതി, സുപ്രധാന തെളിവുകള്‍ സുനി നശിപ്പിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെക്കുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*