കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ചകേസില്‍ ഹൈക്കോടതിയില്‍ രണ്ടാം വട്ടം ജാമ്യാപേക്ഷ വന്നപ്പോള്‍ ദിലീപിന്റെ ആരാധകരും സുഹൃത്തുക്കളും ബന്ധുക്കളും മാത്രമല്ല പോലീസില്‍ ഒരു വിഭാഗം പോലും ഉറച്ചു വിശ്വസിച്ചത് ജാമ്യം ലഭിക്കുമെന്നുതന്നെ. അതിനനുസരിച്ച് ദിലീപിനെ സ്വീകരിച്ചാനയിച്ച് കൊണ്ടുപോകാന്‍ ഫാന്‍സ് അസോസിയേഷന് ചില ക്രമീകരണങ്ങള്‍ പോലും ഒരുക്കിയിരുന്നുവത്രേ.
എന്നാല്‍ അന്വേഷണ സംഘത്തിന്റെ കടുത്ത നിലപാട് സ്വാഭാവികമായും പ്രോസിക്യൂഷന് കോടതിയില്‍ ഏറ്റെടുത്തതോടെ വീണ്ടും ജാമ്യം നിഷേധിക്കപ്പെടുകയായിരുന്നു.
രാവിലെ പത്തേകാലിന് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിധി ടി വി ചാനലുകളില്‍ വന്നപ്പോള്‍ ദിലീപ് ഫാന്സിന്റെയാകെ മുഖം മ്ലാനമായി. ദിലീപിന്റെ വീട്ടില്‍ ഭാര്യ കാവ്യാ മാധവന്, മകള്‍ മീനാക്ഷി എന്നിവരെ വിവരം വിളിച്ചു പറഞ്ഞത് അടുത്ത കുടുംബ സുഹൃത്തുകൂടിയായ പ്രമുഖ നടനാണ്. വിഷമിക്കരുതെന്നും അദ്ദേഹം അവരോട് പറഞ്ഞത്രേ. അതേസമയം, ജാമ്യം ലഭിക്കാതിരുന്നാല്‍ കാവ്യയ്ക്കും അമ്മയ്ക്കും മീനാക്ഷിക്കും ഉണ്ടാകാവുന്ന മാനസികാഘാതം മനസിലാക്കി അടുത്ത ബന്ധുക്കളും പ്രമുഖ നടന്റെ ഭാര്യയും ഉള്‍പ്പെടെ നേരത്തേതന്നെ വീട്ടില്‍ എത്തിയിരുന്നതായി അറിയുന്നു.
ദിലീപിനെ പുറത്തുവിട്ടാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന കാര്യത്തില്‍ പ്രത്യേക അന്വേഷണ സംഘം അതിശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഓണത്തിന് ദിലീപ് പുറത്തുണ്ടാകണം എന്ന് ആഗ്രഹിക്കുന്ന കുടുംബാംഗങ്ങളുടെ ആഗ്രഹത്തിന് ചെവി കൊടുത്താല്‍ നടി ആക്രമിക്കപ്പെട്ട കേസ് മൊത്തത്തില്‍ത്തന്നെ വഴിതിരിഞ്ഞുപോകുമെന്ന ആശങ്ക എഡിജിപി ബി സന്ധ്യയും ഐജി ദിനേന്ദ്ര കശ്യപും ഉള്‍പ്പെടെ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു മുന്നില്‍ വിശദീകരിച്ചുവെന്നാണ് വിവരം.
ജാമ്യം നല്‍കാതെ തന്നെ കുറ്റപത്രം നല്‍കാനാണ് പോലീസ് തീരുമാനം. അതേസമയം, ദിലീപിന് അനുകൂലമായി ജനവികാരം സൃഷ്ടിക്കാന്‍ ദിലീപ് ഫാന്‍സ് സമൂഹ മാധ്യമങ്ങളിലൂടെയും ചില ചാനലുകളിലൂടെയും നടത്തിയ ശ്രമം വലിയ തോതില്‍ വിജയിച്ചതായി വിലയിരുത്തപ്പെടുന്നു. ജാമ്യം നിഷേധിച്ചുവെന്ന് അറിഞ്ഞതോടെ ദിലീപ് ആരാധകരായ വീട്ടമ്മമാരില്‍ പലരും ദു:ഖത്തോടെയാണത്രേ പ്രതികരിച്ചത്. ദിലീപ് അനുകൂല വികാരമുണ്ടാക്കാന്‍ ചാനലുകളിലൂടെയും മറ്റും വ്യാപക ശ്രമം നടക്കുന്നതായി കഴിഞ്ഞ ദിവസം കെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.