‘സര്‍ഗാത്മകതയുടെ മൂന്നര ദശാബ്ദങ്ങള്‍..!!

മലയാളത്തിന്‍റെ സാരസ്വതരഹസ്യം തേടുന്ന വിമര്‍ശകനും നോവലിസ്റ്റും കോളമിസ്റ്റുമായ എം.കെ. ഹരികുമാര്‍ തന്‍റെ രചനാ ജീവിതത്തിന്‍റെ മുപ്പത്തഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. സാഹിത്യം, തത്ത്വചിന്ത, സൗന്ദര്യാനുഭവം, ഭാഷാനുഭവം എന്നിങ്ങനെയുള്ള വൈയക്തികതലങ്ങളില്‍ ഊന്നിനിന്നുകൊണ്ട് പ്രാപഞ്ചികവും ആത്മീയവുമായ സത്യത്തെ തേടുകയാണ് ഹരികുമാര്‍ ചെയ്യുന്നത്. ഒരു സത്യത്തെ പല കോണുകളില്‍നിന്നു തേടുന്ന രീതിയുണ്ട്. എന്നാലും സത്യം തെളിഞ്ഞുകിട്ടണമെന്നില്ല. എപ്പോഴും എന്തെങ്കിലും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് അന്വേഷണത്തിന്‍റെ കാതല്‍. കാരണം ആത്യന്തികമായി ഒന്നുംതന്നെ ശേഷിക്കണമെന്നില്ല. എന്തുതന്നെയാണ് നാം തേടുന്നതെങ്കിലും, അത് ഒരു സത്യമായി നില്‍ക്കുക എന്നത് സ്തംഭനാവസ്ഥയാണ്. അതായത്, പരമമായ സത്യം അതിന്‍റെ തന്‍റെ പൂര്‍ണതയില്‍ ഉറച്ചുപോകുകയാണെങ്കില്‍, അതിനു ഇതര ലോകങ്ങളോട് എങ്ങനെ ബന്ധം പുലര്‍ത്താനാകും.?

ഒരു പരസ്പരബന്ധിതമായ, സദാ സംവാദാത്മകമായ ഒരു പ്രപഞ്ചാവസ്ഥയാണ് ഹരികുമാര്‍ തന്‍റെ സിദ്ധാന്തങ്ങളിലൂടെയും നിരൂപണങ്ങളിലൂടെയും അവതരിപ്പിച്ചത്. നവാദ്വൈതം, ഓരോ വസ്തുവിലും മനുഷ്യന്‍ ജീവിക്കുന്നു, തനിമനസ്സ്, വിനിയോഗ സൗന്ദര്യശാസ്ത്രം, മാധ്യമമാണ് കല തുടങ്ങിയ സിദ്ധാന്തങ്ങള്‍ ഹരികുമാറിന്‍റേതായുണ്ട്. മലയാളത്തിനു ഇങ്ങനെയൊരു പാരമ്പര്യമില്ലല്ലോ. മറ്റു ഭാഷകലിലെ കൃതികളില്‍നിന്ന് സിദ്ധാന്തങ്ങള്‍ കടമെടുത്ത് ഉപയോഗിക്കാനായിരുന്നല്ലോ നമ്മുടെ നിയോഗം. അതാണ് ഹരികുമാര്‍ തിരുത്തിയത്. വളരെ കഷ്ടപ്പെട്ടും ഒറ്റപ്പെട്ടും പരിത്യജിച്ചുമാണ് അദ്ദേഹം ഈ സിദ്ധാന്തങ്ങളിലെത്തിയത്. തന്‍റെ സര്‍ഗാത്മകമായ തിരച്ചിലുകളുടെ സ്വാഭാവികമായ എത്തിച്ചേരലായി വേണം ഹരികുമാറിന്‍റെ ‘ജലഛായ’, ‘ശ്രീനാരായണായ’, ‘വാന്‍ഗോഗിന്’ എന്നീ നോവലുകളെ കാണാന്‍.

ഇന്നുവരെ നമ്മുടെ ഭാഷയില്‍ പരിചിതമല്ലായിരുന്ന ഒരു രൂപഘടന ഈ കൃതികളില്‍ കാണാം. പുതിയതൊന്ന് പിറവിയെടുക്കുന്നതിന്‍റെ അനുഭവത്തിലേക്ക് നമ്മള്‍ എത്തിച്ചേരുകയാണ്. വളരെ ധീരമാണ് ഈ നിലപാടുകള്‍. കൂടുതല്‍ പതിപ്പുകള്‍ ഇറങ്ങുന്നതോ പെട്ടെന്ന് അവാര്‍ഡ് കിട്ടുന്നതോ ഒക്കെ ആണല്ലോ ഇപ്പോള്‍ മികവിന്‍റെ അടയാളങ്ങളായി കരുതപ്പെടുന്നത്. എന്നാല്‍ പെട്ടെന്ന് അംഗീകരിക്കപ്പെടുന്ന കൃതികള്‍, നിലവിലുള്ള ആവിഷ്കാരരീതിയിലോ, ആസ്വാദനതലത്തിലോ യാതൊരു പോറലും ഏല്‍പിക്കാതെ വളരെ അനുരഞ്ജന മനോഭാവത്തോടെ ദാസ്യവേല ചെയ്യുന്നതായിട്ടാണ് വിവരമുള്ളവരൊക്കെ വിലയിരുത്തിയിട്ടുള്ളത്. മാക്സിംഗോര്‍ക്കി പറഞ്ഞു, ഉത്തമ സാഹിത്യകൃതിയില്‍ ഒരു വിപ്ലവാംശം ഉണ്ടായിരിക്കണമെന്ന്. ആ വിപ്ലവാംശം നവീകരിക്കുന്നത് നമ്മുടെ സമ്പൂര്‍ണ അവബോധത്തെയാണ്. ഹരികുമാറിന്‍റെ കൃതികളും സിദ്ധാന്തങ്ങളുമൊക്കെ ഇനി പഠിക്കാനിരിക്കുന്നതേയുള്ളൂ.

കലാശാല പഠനങ്ങളുടെ ഗതാനുഗതികത്വവും സാമ്പ്രദായിക വായനയുടെ ജീര്‍ണതകളും കടന്നുവേണം ഹരികുമാറിന്‍റെ പരീക്ഷണാത്മകതയിലും സര്‍ഗാത്മകതയുടെ ശൃംഗങ്ങളിലും എത്താന്‍. അദ്ദേഹത്തിന്‍റെ വിപുലമായ സാഹിത്യരചനകളുടെ പശ്ചാത്തലത്തില്‍, കഴിഞ്ഞ മുപ്പത്തഞ്ച്വര്‍ഷത്തെ ചിന്താമണ്ഡലത്തില്‍ താന്‍ എങ്ങനെ സ്വയം കണ്ടെത്തുന്നു എന്ന് പരിശോധിക്കുന്ന ഒരഭിമുഖമാണ് ചുവടെ:

ചോദ്യം: താങ്കള്‍ എന്നാണ് എഴുതിത്തുടങ്ങിയത്?

എം.കെ. ഹരികുമാര്‍: ഞാന്‍ 1982 ല്‍ ‘മൂന്നുകഥകള്‍’ എന്ന ഒരു ലഘുഗ്രന്ഥത്തിനു അവതാരിക എഴുതിക്കൊണ്ടാണ് തുടങ്ങിയത്. അതിനുശേഷം, ആ വര്‍ഷംതന്നെ തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘സംക്രമണ’ത്തില്‍ ‘വര്‍ത്തമാനത്തിന്‍റെ ബോധവിചാരണ’ എന്ന ലേഖനമെഴുതി.

 ആദ്യ പുസ്തകം?

1984 ല്‍ ‘ആത്മായനങ്ങളുടെ ഖസാക്ക്’ പ്രസിദ്ധീകരിച്ചു. ഒരു നോവലിനെക്കുറിച്ച് മാത്രമായി മലയാളത്തിലുണ്ടായ ആദ്യ നിരൂപണഗ്രന്ഥമാണത്.

ആ കൃതി പലര്‍ക്കും മനസിലായില്ലെന്ന് ആക്ഷേപമുണ്ടായി ഇല്ലേ?

ആ കൃതി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കുന്നില്ല. അവനവന്‍റെ ശേഷിക്കൊത്ത് വായിക്കാനേ പറ്റൂ.

താങ്കള്‍ എവിടെയാണ് പഠിച്ചത്? ആ കാലത്ത് വായനയും എഴുത്തും എങ്ങനെയായിരുന്നു?

ഞാന്‍ കൂത്താട്ടുകുളത്ത് തന്നെയാണ് സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് ദേവമാതാ കോളേജി (കുറവിലങ്ങാട്)ല്‍ ചേര്‍ന്നു. ബി.എ. വരെ അവിടെയായിരുന്നു. എം.എയ്ക്ക് മൂവാറ്റുപുഴ നിര്‍മ്മലാ കോളേജിലും. പഠിക്കുന്ന കാലത്ത് ഞാന്‍ സാഹസിക വായനക്കാരനായിരുന്നു. മനസിലാകാത്ത പലതും വായിച്ചു. ഒരു പുസ്തകത്തില്‍ ചിലപ്പോള്‍ ഒരു പാരഗ്രാഫ്, ഒരു വാക്യം ആകര്‍ഷിച്ചെന്നിരിക്കും. അതുമതി. അതുപോലുള്ള വാക്യങ്ങള്‍ എവിടെ കണ്ടാലും പെട്ടെന്ന് തിരിച്ചറിയാനാകും. കോളേജ് പഠനകാലത്ത് ലൈബ്രറിയിലും കാന്‍റീനിലും നടത്തിയതുപോലുള്ള ആത്മാര്‍ത്ഥമായ സംസാരം പിന്നൊരിക്കലും ഉണ്ടായില്ല. ഒരു യഥാര്‍ത്ഥ വായനക്കാരന്‍ മരണക്കിണറില്‍ സൈക്കിള്‍ ഓടിക്കുന്നതുപോലെയാണ്. ഒരഭ്യാസം ഉണ്ട്. അപകടവുമുണ്ട്. വലിയ വൃക്ഷത്തിനു മുകളിലേക്ക് കയറിപ്പോകുന്നതുപോലെയുമാണ്. വീഴ്ചയിലല്ല, കയറ്റത്തിലാണ് ത്രില്ല്.

പത്രപ്രവര്‍ത്തനകാലം എങ്ങനെയായിരുന്നു?

പത്രപ്രവര്‍ത്തനത്തിലൂടെ ഞാന്‍ ഭാഷയുടെ പ്രായോഗിക ഉപയോഗം മനസിലാക്കി. എഴുതിത്തീര്‍ന്ന ഉടനെ അച്ചടിയിലേക്ക് നീങ്ങുന്നതിന്‍റെ ഒരു അനിവാര്യത അവിടെയുണ്ട്. ഒറ്റ കോപ്പിയേ എനിക്കുള്ളൂ. രണ്ടാമതൊരു എഴുത്തില്ല. ആദ്യമെഴുതി ഒന്നുവായിച്ച് നോക്കും. ചെറിയ തിരുത്തലുകളേ ഉണ്ടാവൂ. ഇപ്പോഴും എന്‍റെ ഏത് രചനയും ആദ്യത്തെ കോപ്പിയേ ഉള്ളൂ. പകര്‍പ്പെടുക്കുകയോ രണ്ടാമത് എഴുതുകയോ ചെയ്യില്ല. ആദ്യരചനയില്‍, തുടക്കത്തില്‍ ഫ്ളോ കിട്ടും. അതുണ്ടായില്ലെങ്കില്‍ ആ രചന ഞാനുപേക്ഷിക്കും.

താങ്കളുടെ ‘അക്ഷരജാലകം’ വല്ലാത്ത അനുഭവമായിരുന്നു. ഇത്ര ഗഹനമായ വിഷയങ്ങള്‍, സര്‍വ്വതല സ്പര്‍ശിയായ ചിന്തകള്‍ എങ്ങനെ ആഴ്ചതോറും എഴുതാന്‍ കഴിഞ്ഞു?

അത് പത്രപ്രവര്‍ത്തന പരിചയത്തിന്‍റെകൂടി ഫലമാണ്. ചിന്തയുടെ വേഗത പ്രധാനമാണ്. ചവറു കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയണം. ക്ലീഷേ ബോധ്യപ്പെടണം. പാഴായിപ്പോകുന്ന ചിന്തകള്‍ ഉദ്ധരിക്കരുത്. എം. കൃഷ്ണന്‍ നായര്‍ക്ക് ഇങ്ങനെ എഴുതാന്‍ കഴിയില്ലെന്ന് എന്നോട് പറഞ്ഞത് അഴീക്കോട് സാറാണ്. അദ്ദേഹം എല്ലാ ആഴ്ചയിലും കൃത്യമായി അക്ഷരജാലകം വായിച്ചിരുന്നു. ചിലപ്പോഴൊക്കെ കത്തെഴുതുമായിരുന്നു. 

ആ കോളം താങ്കള്‍ക്ക് ധാരാളം ശത്രുക്കളെ സമ്പാദിച്ചുതന്നു എന്നുതോന്നുന്നു.?

ശത്രുക്കള്‍ ഉണ്ടായിരിക്കും. നമ്മള്‍ ഒന്നും എഴുതാതെ വെറുതെ ഇരുന്നാലും ചിലര്‍ ശത്രുക്കളായി വരും. എത്ര നന്നായി എഴുതിയാലും കുറേപ്പേര്‍ വെറുക്കും. സ്ഥാപിത താത്പര്യക്കാരാണ് വെറുപ്പിന്‍റെ വാള്‍ കൊണ്ടുനടക്കുന്നത്. ചില ഗ്രൂപ്പുകളുടെ ആള്‍ക്കാര്‍ എന്നുമുണ്ട്.

താങ്കള്‍ പല മാഗസിനുകളില്‍ നിന്നും പുറത്താക്കപ്പെട്ടതാണോ?

എന്നോട് രചനകള്‍ ആവശ്യപ്പെടാത്തവരുണ്ട്. അവര്‍ എന്നെ വെറുക്കുന്നുണ്ടോ എന്നറിയില്ല. ഞാന്‍ വളരെ തിരക്കുള്ള ഒരെഴുത്തുകാരനാണ്. എനിക്ക് എപ്പോഴും എഴുതാന്‍ പറ്റും. വളരെ സ്വാഭാവികമായ രചനാരീതിയാണ് എന്‍റേത്. എനിക്ക് വളരെ ആന്തരികമായി ജ്ഞാനപാതയില്‍ സഞ്ചരിക്കാന്‍ ഒരു ലഹരിയുടെയും ആവശ്യമില്ല. ഞാന്‍ മദ്യപിക്കാറില്ല. അനാവശ്യ സൗഹൃദങ്ങളുമില്ല. എനിക്ക് ഒറ്റപ്പെടല്‍ ഒരു മരുന്നാണ്. എന്നെ എപ്പോഴും ഒരു സുഹൃത്സംഘത്തിനു നടുക്കുനിറുത്തിയാല്‍ എന്‍റെ സൃഷ്ടിപരത കുറയും. എന്‍റെ വായന വളരെ ഉപരിപ്ലവമായിപ്പോകും. എനിക്ക് വളരെ ഏകാന്തമായ നിമിഷങ്ങള്‍ ആവശ്യമാണ്. ഞാന്‍ എഴുതുന്നത് എന്നെക്കൊണ്ടാണ്. വായിച്ച പുസ്തകങ്ങളെ ആദ്യം പ്രേമിച്ചുതുടങ്ങുകയും പിന്നീട് അതിനപ്പുറം പോകുകയുമാണ് പതിവ്. പുസ്തകം വായിച്ചുകഴിഞ്ഞാണ് നാം മറ്റൊരു ശൂന്യതയെക്കുറിച്ച് ബോധ്യപ്പെടുന്നത്. ആ പുസ്തകം നമുക്ക് തന്നതിനുമപ്പുറം മറ്റൊരു ലോകം ഉയര്‍ന്നുവരും. അത് നമ്മെ പെട്ടെന്നുതന്നെ നിശ്ശൂന്യമാക്കും. അതിന്‍റെ തരിശുനിലങ്ങള്‍ വായിച്ചുകഴിഞ്ഞാണ് തെളിഞ്ഞുവരുക. ആ തരിശുനിലങ്ങളില്‍ നാം നമ്മെത്തന്നെയാണ് കാണുന്നത്. എന്തെങ്കിലും എഴുതണമെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതിനു ഒരു കാരണം ഈ തരിശുനിലമാണ്. നമ്മുടെയുള്ളിലെ തരിശുനിലമാണിത്. ഇത് വായിക്കുന്നവേളയില്‍ മാത്രം ഒഴിഞ്ഞുനില്‍ക്കുന്നു. അതുകഴിഞ്ഞാല്‍ രംഗപ്രവേശം ചെയ്യുന്നു. സ്വന്തം തനിമ എന്നു പറയുന്നത് മിഥ്യയാണ്. ആ തനിമയില്‍ വാസ്തവത്തില്‍ ഒന്നുമില്ല. നാം മാറ്റാതെ, അനക്കാതെ കൊണ്ടുനടക്കുന്ന അന്ധവിശ്വാസമാണ് തനിമ. ഒരു കലാസൃഷ്ടി ശ്രമിക്കുന്നത്, നമ്മെ ഈ മിഥ്യാരൂപമായ തനിമയില്‍ നിന്ന് രക്ഷിക്കാനാണ്.

താങ്കളുടെ സിദ്ധാന്തങ്ങള്‍ എങ്ങനെയാണ് സ്വീകരിക്കപ്പെടുന്നത്.?

വലിയ എസ്റ്റാബ്ലിഷ്മെന്‍റുകള്‍ ആദ്യമൊന്നും ശ്രദ്ധിക്കില്ല. കാരണം അവരുടെ മുമ്പില്‍ വളരെ പ്രശസ്തവും പ്രതിഷ്ഠനേടിയതുമായ നൂറുകൂട്ടം വിഷയങ്ങളുണ്ടായിരിക്കും. അതൊക്കെ ശ്രദ്ധിക്കാനേ അവര്‍ക്ക് നിര്‍വാഹമുള്ളൂ. ശ്രദ്ധാലുവും സ്വതന്ത്രനുമായ വായനക്കാരന്‍ എപ്പോഴുമുണ്ട്. അവന്‍ ഇതെല്ലാം കാണുന്നുണ്ട്. എന്‍റെ ‘ഓരോ വസ്തുവിലും മനുഷ്യന്‍ ജീവിക്കുന്നു’ എന്ന നവാദ്വൈത സാഹിത്യദര്‍ശനം വായിച്ചിട്ട് പ്രശസ്തനായ ഒരു പത്രപ്രവര്‍ത്തകന്‍ എന്നെ വിളിച്ചു ഏറെനേരം സംസാരിച്ചു. ആ ലേഖനം തന്നെ വല്ലാതെ ചെറുതാക്കിക്കളഞ്ഞുവെന്നാണ് അദ്ദേഹം സരസമായി പറഞ്ഞത്. നവാദ്വൈതം ഒരു ദാര്‍ശനിക വീക്ഷണമാണ്. ആശയങ്ങളും വസ്തുക്കളും എങ്ങനെ പ്രതീതി എന്ന നിലയില്‍ നിലനില്‍ക്കുന്നുവെന്നും അത് ഒരു ശൃംഖലയായി, പ്രപഞ്ചലീലയായി മാറുന്നുവെന്നുമാണ് നവാദ്വൈതം പറയുന്നത്. ‘എന്‍റെ മാനിഫെസ്റ്റോ’, സാഹിത്യത്തിന്‍റെ നവാദ്വൈതം തുടങ്ങിയ കൃതികളില്‍ ഞാന്‍ ഇത് വിവരിച്ചിട്ടുണ്ട്.

താങ്കള്‍ എഴുതിയ ജലഛായ, ശ്രീനാരായണായ, വാന്‍ഗോഗിന് എന്നീ നോവലുകള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണല്ലോ. ഇതിനെ എങ്ങനെ കാണുന്നു.?

നല്ല വായനക്കാര്‍ ഇപ്പോഴുമുണ്ട്. ഗ്രൂപ്പുകളില്‍ നിന്നെല്ലാം മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്നവരുണ്ട്. ‘ശ്രീനാരായണായ’ വായിച്ചതുകൊണ്ടുമാത്രം മരുത്വാമലയില്‍ പോകണമെന്ന് ഉള്‍വിളി ഉണ്ടായി അവിടെ പോയിവന്ന ഒരു വായനക്കാരനെ ഈയിടെ പരിചയപ്പെട്ടു. അദ്ദേഹം ഇതിനെ ഒരു വിശുദ്ധഗ്രന്ഥമെന്ന് വിശേഷിപ്പിച്ചത് ശരിക്കും എന്നെ സന്തോഷിപ്പിച്ചു. എനിക്ക് നേരത്തെ പരിചയമില്ലാത്തയാള്‍ പറയുമ്പോള്‍ അതിനു മാറ്റുകൂടും.

‘ശ്രീനാരായണായ’ ഒരു വിപ്ലവകരമായ ചുവടുവയ്പാണോ.?

ഗുരുവിനെക്കുറിച്ച് വളരെ സ്വതന്ത്രമായി, സര്‍ഗാത്മകമായി ഞാന്‍ ചിന്തിച്ചു. എനിക്ക് ഒരു മുന്‍ മാതൃകയുമില്ല. ഗുരുവിനെക്കുറിച്ച് ഇതുവരെ എഴുതപ്പെട്ട ഒരു പുസ്തകവും എന്നെ സ്വാധീനിച്ചിട്ടില്ല. എന്‍റെ നോവല്‍ ഒരു ആഗോള സൗന്ദര്യാത്മക വ്യവഹാരമാണ്. പുതിയൊരു ക്രാഫ്റ്റാണിത്. തികച്ചും വ്യത്യസ്തമായ ഉള്ളടക്കമാണ്. പി. വത്സല പറഞ്ഞത്, സര്‍ഗാത്മകതയുടെ പാരമ്യമാണ് ഇതെന്നാണ്. എനിക്ക് ഈ നോവല്‍ ആത്യന്തികമായ എഴുത്താണ്. അതായാത് ‘അള്‍ട്ടിമേറ്റ് ലിറ്ററേച്ചര്‍’. ഇതിനപ്പുറം എഴുതാനൊക്കില്ല.

‘ജലഛായ’യോ?

അത് ആദിമധ്യാന്ത കഥയല്ല പറയുന്നത്.

 ആദിമധ്യാന്ത സങ്കല്പം ഒരു ന്യൂനതയാണോ?

ആദിമധ്യാന്തം എന്നത് ഒരു കൃത്യമമായ ആലോചനയാണ്. മനുഷ്യന്‍റെ അവസ്ഥയും സൗന്ദര്യാനുഭവവും ആദിമധ്യാന്തമല്ല. നോവല്‍ വായിക്കുന്നവന്‍ നോവലിനെ അനുഭവിക്കുന്നു. അവനു ആദിമധ്യാന്തം വേണമെന്നല്ല ചിന്തിക്കേണ്ടത്. താന്‍ എന്ത് അനുഭവിച്ചു എന്നാണ്. ആദിമധ്യാന്തം ഒരു സമീപനമാണ്; കീഴ്വഴക്കമാണ്. അതിനകത്താണ് ശരിയായ നോവല്‍ അനുഭവം. വായിക്കുന്നവേളയില്‍ എന്താണ് വായിച്ചതെന്ന് മറുന്നുപോകുന്ന ഒരു ഉന്നതമായ അവസ്ഥയുണ്ട്. അതാണ് സാഹിത്യത്തിന്‍റെ മഹത്തായ മന്ത്രം.

താങ്കളുടെ നോവലുകള്‍ എസ്റ്റാബ്ലിഷ്മെന്‍റുകളും യാഥാസ്ഥിതിക എഴുത്തുകാരും പ്രോത്സാഹിപ്പിക്കുമോ?

അതൊന്നും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. ഞാന്‍ കഴിഞ്ഞ മുപ്പത്തഞ്ച് വര്‍ഷം കൊണ്ട് നേടിയ അവബോധമാണ് എന്നെ നയിക്കുന്നത്. മഹത്തായ ചിന്തകള്‍ക്ക് ലോകനിലവാരത്തില്‍ ഒരു ധാരയുണ്ട്. അവിടെയെത്തിയാലേ സാര്‍ത്ഥകമായ വാക്യങ്ങള്‍ എഴുതാന്‍ പറ്റൂ. നല്ലൊരു വാക്യമെഴുതണമെങ്കില്‍ ധ്വനിയും അഗാധതയും ഭാഷയും നല്ലപോലെ മനസിലാക്കണം. എന്‍റെ നോവലുകള്‍ ഒരു വലിയ മാറ്റത്തെയാണ് കാണിക്കുന്നത്. സമഗ്രമായ ഒരു സാംസ്കാരിക വിച്ഛേദമാണത്. അതിനു ക്രമേണ വായനക്കാര്‍ വന്നുകൊള്ളും. നാളത്തെ സാഹിത്യത്തെ ശോഭനീയമാക്കുന്നത് ഈ നോവലുകളായിരിക്കും. ഇന്ന് പലരീതിയില്‍ ശ്രദ്ധിക്കപ്പെടുന്ന രചനകള്‍ നിറംമങ്ങിപ്പോകും.

താങ്കളെ അതിശയിപ്പിച്ച എഴുത്തുകാരന്‍ ആരാണ്.?

അമേരിക്കന്‍ പരിസ്ഥിതിവാദിയായ ഹെന്‍റി ഡേവിഡ് തോറോ.

താങ്കള്‍ എന്നും വായിക്കാനിഷ്ടപ്പെടുന്ന പുസ്തകം.?

എന്‍റെ നോവല്‍ ‘ശ്രീനാരായണായ’.

അതെന്താ.?

അതിനു മുകളില്‍ മറ്റൊന്ന് എഴുതാന്‍ എനിക്കാവില്ല.

ഒരു വിമര്‍ശകന്‍ എന്ന നിലയില്‍ താങ്കളുടെ ആദര്‍ശമെന്താണ്.?

അവനവനുവേണ്ടി എഴുതണം.

 ഒരു നോവലിസ്റ്റ് എന്ന നിലയിലോ?

ഓരോ വസ്തുവിലും ജീവിക്കണം.

താങ്കളുടെ ‘ആത്മായനങ്ങളുടെ ഖസാക്ക്’ എന്ന പുസ്തകത്തിന്‍റെ പേരില്‍ കഴിഞ്ഞ ഇരുപത്തിയൊന് വര്‍ഷങ്ങളായി അവാര്‍ഡ് കൊടുക്കുന്നുണ്ടല്ലോ. ഇതിനെ എങ്ങനെ വിലയിരുത്തുന്നു?

ഒരു എഴുത്തുകാരന്‍ മറ്റൊരു എഴുത്തുകാരന് അവാര്‍ഡ് കൊടുക്കാന്‍ പ്രയാസമാണ്. അവനവനു കിട്ടാനല്ലേ പ്രയത്നിക്കൂ. ഞാന്‍ മറ്റെഴുത്തുകാര്‍ക്ക് കൊടുക്കുകയാണ്. എനിക്ക് അസൂയയോ കുശുമ്പോ ഇല്ല. അവാര്‍ഡ് നടത്തുന്നവര്‍ ട്രസ്റ്റുകളോ മുതലാളിമാരോ ആണ്. ഞാന്‍ പാവപ്പെട്ട എഴുത്തുകാരനാണ്. അതുകൊണ്ട് പകിട്ട് കുറയുമോ ആവോ? പി. കുഞ്ഞിരാമന്‍ നായര്‍ മരണമടഞ്ഞശേഷം അദ്ദേഹത്തിന്‍റെ പേരിലുള്ള അവാര്‍ഡ് സ്വീകരിക്കാം. എന്നാല്‍ അദ്ദേഹം നേരിട്ട് ഒരവാര്‍ഡ് കൊടുത്താല്‍ മോശം എന്ന് പറയുന്നത് വൃത്തികെട്ട ഫ്യൂഡല്‍ മനോഭാവത്തിന്‍റെ പ്രതിഫലനമാണ്. ഏത് ട്രസ്റ്റിന്‍റെ അവാര്‍ഡിനേക്കാളും മൂല്യമേറും എന്‍റെ അവാര്‍ഡിന്. കാരണം എന്‍റേത് എഴുത്തുകാരന്‍ നല്‍കുന്ന അവാര്‍ഡാണ്.

അക്ഷരജാലകത്തെ അനുകരിച്ച് പലരും ഇപ്പോള്‍ കോളം എഴുതുന്നുണ്ട്. ജാലകം എന്ന് പേരിട്ടില്ലെങ്കില്‍ ഒരു കോളമിസ്റ്റിനും ഉറക്കം വരില്ല. ഇതിനെ എങ്ങനെ വീക്ഷിക്കുന്നു?

കോളമെഴുതാന്‍ ആര്‍ക്കും സാധിക്കും. ആനുകാലികങ്ങളില്‍ വരുന്ന ലേഖനങ്ങളോ കഥയോ കവിതയോ വായിച്ച് എന്തെങ്കിലും പറഞ്ഞാല്‍ കോളമായി എന്ന് വിചാരിക്കുന്ന പാവത്താന്മാര്‍ ധാരാളമുണ്ട്. സമകാലീനമായ ജ്ഞാനവുമായി മുഖാമുഖം നില്‍ക്കാന്‍ കഴിയണം. വല്ലവരും എഴുതിവച്ച ലേഖനങ്ങളിലെ വാചകങ്ങള്‍ ഉദ്ധരിച്ചുവച്ചാല്‍ പോരാ. അതിനെ വിലയിരുത്താനും വ്യാഖ്യാനിക്കാനുമുള്ള ശക്തിവേണം. ഒരു പുസ്തകം പോലും വായിച്ചിട്ടില്ലാത്തവര്‍ ഇപ്പോള്‍ കോളമെഴുതി ‘രക്ഷപ്പെടാ’നുള്ള തിരക്കിലാണ്. സ്വന്തമായി ഒരു വാക്യമെഴുതാന്‍ ഇക്കൂട്ടര്‍ക്ക് അറിയില്ല. എന്‍റെ ‘അക്ഷരജാലക’ത്തിലൂടെയാണ് ഉത്തരാധുനികതയ്ക്ക് ശേഷമുള്ള നവാധുനികത (ഉത്തര-ഉത്തരാധുനികത) യെപ്പറ്റി വായനക്കാര്‍ അറിഞ്ഞത്. അലന്‍ കിര്‍ബി, റയോള്‍ ഇഷെല്‍മാന്‍, നിക്കോളാസ് ബോറിയ തുടങ്ങിയവരുമായി ഞാന്‍ നടത്തിയ അഭിമുഖത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ കോളത്തിലെഴുതിയത് എത്ര വായനക്കാര്‍ക്ക് പ്രയോജനപ്പെട്ടുവെന്നോ! ‘അക്ഷരജാലകം’ ഭ്രാന്തുപിടിച്ച് വായിച്ച കോളമാണ്.

രാത്രി രണ്ടു മണിക്ക് തമ്പാനൂര്‍ ബസ്സ്റ്റാന്‍റില്‍ കലാകൗമുദി വന്നത് കെട്ടുപൊട്ടിച്ച് ആദ്യം വാങ്ങി വായിച്ചശേഷം ആവേശം മൂത്ത് അപ്പോള്‍തന്നെ എന്നെ ഫോണ്‍ ചെയ്ത് ആഹ്ലാദം പങ്കുവച്ചവരുണ്ട്. അവര്‍ വെറും പൈങ്കിളി വായനക്കാരല്ല; വളരെ സീരിയസായി ചിന്തിക്കുന്നവരാണ്. എന്‍റെ കോളമില്ലെങ്കില്‍ വീക്കിലി ഇനി വായിക്കില്ലെന്ന് ശപഥം ചെയ്തവരുണ്ട്. എന്താണ് ഇതിന്‍റെയൊക്കെ അര്‍ത്ഥം?  നടത്ത “നടത്തയില്‍ കാലങ്ങള്‍ പരസ്പരം ലയിക്കുകയും അതേസമയം എല്ലാം അവ്യക്തമാകുകയും ചെയ്യുന്നു. പിന്നില്‍നിന്ന് മുന്നോട്ടുവരുന്ന കാല്‍, ഒരു നടുക്കത്തോടെ, തിടുക്കത്തോടെ പാഞ്ഞുകയറുകയാണ്. അത് അമറിവരുകയാണ്. ഐഹികതയുടെ വീര്യവും കാമവും അത് സംഭരിച്ചുവച്ചിരിക്കുന്നു. എന്നാല്‍ അതിനെ നിയന്ത്രണത്തെപ്പറ്റി ബോധവല്‍ക്കരിക്കാനും അറിവിലേക്ക് നയിക്കാനുമായി ഒരു കാല്‍ അചഞ്ചലതയില്‍ വിരാജിക്കുന്നുണ്ട്. അത് നൈമിഷികമായിരിക്കാം. പക്ഷേ,അത് നിലനില്‍ക്കുന്ന അസ്തിത്വത്തില്‍, നാം ചെയ്യുന്ന ഓരോ കര്‍മ്മവും പരിധിവിടുകയാണെങ്കിലും, അജ്ഞേയത്വത്തിലേക്കു പതറുകയാണെങ്കിലും അതിനൊരു സാക്ഷിയുണ്ട്. അത് സമീപത്ത് തന്നെയാണുള്ളത്.  പിന്നില്‍നിന്ന് മുന്നേറുന്ന കാല്‍ ഭോഗങ്ങളിലേക്ക് ചെന്ന്, വിരക്തിയില്‍ നിശ്ചലമാകുകയാണ്. അത് സ്വയമൊരു ധ്യാനത്തില്‍ അമരുന്നു.

ദൈവികതയെ തേടുമ്പോള്‍, നാം ഭൂതകാലത്തില്‍ സ്വയം രക്ഷപ്പെട്ട് വര്‍ത്തമാനത്തില്‍ നിലയുറപ്പിച്ച്, വിരക്തിയിലെത്തി, കൂടുതല്‍ പാകമായ മാനവതത്ത്വത്തിന്‍റെ മഹത്തായ നിമിഷത്തില്‍നിന്ന് ദൈവത്തെ സൃഷ്ടിക്കേണ്ടതുണ്ട്.” ‘ശ്രീനാരായണായ’യില്‍ നിന്ന് ലൈംഗികത “അട്ടകള്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നു. അവ ഇണചേരാനായി മാത്രമാണ് ഒന്നിക്കാറുള്ളത്. എന്തിനാണ് പ്രണയത്തെയും ലൈംഗികതയെയും ഭാരമായി ജീവി കാലമത്രയും ചുമന്നുകൊണ്ടു നടക്കുന്നതെന്ന് അട്ട ചോദിക്കുന്നു. കാരണം ലൈംഗികത അതിനു അലട്ടലല്ല. സമാധാനത്തിന്‍റെ ചിഹ്നമായ പ്രാവിനെ ഏറ്റവും അലട്ടുന്നത് ലൈംഗികതയാണ്. അട്ടകള്‍ വേഴ്ചയ്ക്കായി തെരഞ്ഞെടുക്കുന്ന സ്ഥലവും, അവയുടെ സാഹസികമായ ധ്യാനമാര്‍ഗങ്ങള്‍ക്ക് അനുയോജ്യമായിരിക്കും. ഒരു മതിലിന്‍റെ മുകളില്‍ കുത്തനെയുള്ള ചരിവിലും അവ പുണര്‍ന്ന് മണിക്കൂറുകളോളം കിടക്കും. വലിയ ആവേശമൊന്നും കാട്ടാതെ, ആരും ശല്യപ്പെടുത്തില്ലെന്ന ഉറച്ച ബോധ്യത്തില്‍, അവ ഒന്നിനു മുകളില്‍ ഒന്നായി കിടന്ന് സ്വപ്നജീവിതത്തിന്‍റെ നിത്യത നുകരുന്നു.

ഇണയെക്കൊണ്ട് പെട്ടെന്ന് ഒന്നുംതന്നെ ചെയ്തുതീര്‍ക്കാനാവില്ല. എന്നാല്‍ ദീര്‍ഘിച്ച ആനന്ദത്തിനായി ജീവിതത്തെ എത്രനേരം വേണമെങ്കിലും നിരുപാധികമായി അവ വിട്ടുകൊടുക്കും. രതി വളരെ ആസൂത്രിതമായ നരവംശപ്രശ്നമല്ല. അത് അപ്രായോഗികമായി ആരംഭിച്ച് സാഹസികമായി വഴിതിരിയുന്ന മതാത്മക പ്രവര്‍ത്തനമായി മാറുന്നു. ഈ ലോകജീവിതത്തില്‍ കൊട്ടിഘോഷിക്കപ്പെട്ട ആത്മീയതയെക്കാളെല്ലാം ഉപരിയായി, സഹജമായ അനുഭൂതിയായി ലൈംഗികത ഉരുത്തിരിയുകയാണ്.” ‘ജലഛായ’യില്‍ നിന്ന്.!

എം.കെ. ഹരികുമാര്‍ ഫോണ്‍: 9995312097

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*