സിനിമാരംഗത്തെ പ്രതിസന്ധി മറികടക്കാനാവാതെ സംഘടനകള്‍; യുവതുര്‍ക്കികളെ പേടിച്ച്‌ ജനറല്‍ ബോഡി കൂടാന്‍ ധൈര്യമില്ലാതെ അമ്മ!!

നടി ആക്രമിക്കപ്പെട്ട കേസില്‍  നടന്‍ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സിനിമാരംഗം അഭിമുഖീകരിക്കുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ വഴിതേടി സിനിമാ സംഘടനകള്‍ നെട്ടോട്ടത്തില്‍. സിനിമാപ്രവര്‍ത്തകര്‍ക്കിടയിലെ പ്രബലസംഘടനകളായ അമ്മയിലെയും മാക്ടയിലെയും ഫെഫ്കയിലേയുമെല്ലാം ഭൂരിപക്ഷം അംഗങ്ങളും അസ്വസ്ഥരാണ്.

പരസ്യ കമ്പനികള്‍ താരങ്ങളെ ഒഴിവാക്കുന്നു; ബഢായി ബംഗ്ലാവില്‍ നിന്ന് മുകേഷും പുറത്തേക്ക്..

ദിലീപിന്റെ അറസ്റ്റോടെ ശതകോടികളുടെ നഷ്ടമാണ് സിനിമാമേഖലക്ക് ഉണ്ടായിട്ടുള്ളത്. ഇതു മൂലമുണ്ടായ നാണക്കേട് മലയാളസിനിമാ മേഖലയെ മൊത്തത്തില്‍ ബാധിച്ചതായിട്ടാണ് സംഘടനാ ഭാരവാഹികളുടെ പൊതുവേയുള്ള അഭിപ്രായം.

ദിലീപിന് വേണ്ടി ഓശാന പാടിയ നടന്മാരിലേക്കും നടിമാരിലേക്കുമെല്ലാം പൊലീസ് അന്വേഷണം എത്തിയ സാഹചര്യത്തില്‍ സിനിമാമേഖലയൊന്നാകെ സംശയത്തിന്റെയും ആശങ്കയുടെയും മുള്‍മുനയിലാണ്. തങ്ങള്‍ക്കിടയിലെ കളങ്കിതര്‍ ആരൊക്കെയെന്ന് ഇക്കൂട്ടര്‍ പരസ്പരം സംശയിക്കുന്ന അവസ്ഥയും സംജാതമായിക്കഴിഞ്ഞു.

താര സംഘടനയായ അമ്മയിലെ സ്ഥിതിയില്‍ ആദ്യമായി ആശങ്ക പങ്കിട്ട് രംഗത്തെത്തിയത് മുതിര്‍ന്ന അംഗം ബാലചന്ദ്രമേനോനാണ്. നിലവിലെ സ്ഥിതിഗതികള്‍ അമ്മ ഭാരവാഹികള്‍ മാധ്യമ പ്രവര്‍ത്തകരോട് വിശദികരിക്കണമെന്നും തുടര്‍ന്ന് സംഘടനയുടെ ജനറല്‍ ബോഡി യോഗം വിളിച്ച്‌ അംഗങ്ങളോട് കാര്യങ്ങള്‍ വ്യക്തമാക്കണമെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച്‌ മേനോന്‍ അമ്മഭാരവാഹികള്‍ക്ക് ഇമെയില്‍ അയക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ജനല്‍റബോഡി ചേര്‍ന്നാല്‍ പൊട്ടിത്തെറി ഉണ്ടാവുമെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ പേരിന് എക്സിക്യൂട്ടിവ് യോഗം ചേര്‍ന്ന് ഭാവാഹികള്‍ ഈ വിഷയത്തില്‍ തടിതപ്പി.

ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയും ഇരയായ നടിക്ക് പിന്‍തുണ പ്രഖ്യപിച്ചും തല്‍ക്കാലം സംഘടനക്കുള്ളിലെ പ്രതിഷേധക്കാരുടെ വായടപ്പിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞെങ്കിലും ഭരണമാറ്റമെന്ന ഇക്കൂട്ടരുടെ ഉള്ളിലെ വികാരം ഇപ്പോഴും ശക്തമായി നിലനില്‍ക്കുകയാണെന്നാണ് ലഭ്യമായ വിവരം.

മാക്ടയും ഫെഫ്കയുമെല്ലാം ഇപ്പോഴത്തെ പ്രതിസന്ധി നേരിടാന്‍ വ്യത്യസ്ത കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ചുവരികയാണ്. സിനിമാരംഗത്തെ ക്രിമിനല്‍വല്‍ക്കരണം തടയുക, സ്വതന്ത്രവും സുരക്ഷിതവുമായി ജോലി ചെയ്യാനുള്ള അവസരം ഒരുക്കുക, തുടങ്ങി നിരവധി ആവശ്യങ്ങളുയര്‍ത്തി മാക്ടയുടെ നേതൃത്വത്തില്‍ ഈ മാസം 21-ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്. സിനിമാ രംഗത്ത് ക്രിമിനലുകളുടെ സാന്നിദ്ധ്യം ബോദ്ധ്യപ്പെട്ടാല്‍ അവരെ പുറത്താക്കുന്നതിന് സംഘടന നേതൃത്വം നല്‍കുമെന്ന് സംസ്ഥാന സെക്രട്ടറി ബൈജു കൊട്ടാരക്കര  വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ സിനിമയില്‍ പണമിറക്കാന്‍ എത്രപേര്‍ മുന്നോട്ടുവരുമെന്ന സംശയമാണ് ഭൂരിപക്ഷം സിനിമാപ്രവര്‍ത്തകര്‍ക്കുമുള്ളത്. ടോമിച്ചന്‍ മുളകുപാടത്തിന്റെ രാമലീല ഇപ്പോള്‍ പെട്ടിയിലാണ്. ജയിലിലായ നായകന്‍ ദിലീപിന് ജാമ്യം കിട്ടി പുറത്തിറങ്ങി, പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെയും വാര്‍ത്താമാധ്യമങ്ങളിലൂടെയും മറ്റും സഹതാപ തരംഗമൊക്കെ സൃഷ്ടിച്ച്‌ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് ചിത്രത്തിന്റെ അണിയറക്കാരുടെ ഇപ്പോഴത്തെ നീക്കം. ഇത് എത്രകണ്ട് വിജയിക്കുമെന്ന കാര്യം കണ്ടറിയണം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*