ഫോണില്‍ സംസാരിച്ച്‌ വാഹനം ഓടിക്കുന്നവര്‍ക്ക് ഇനി ‘എട്ടിന്റെ പണി’.!

മൊബൈല്‍ ഫോണില്‍ സംസാരിച്ച്‌ വാഹനം ഓടിക്കുന്നവര്‍ക്ക് ഇനി ‘എട്ടിന്റെ പണി’. ഇത്തരക്കാരെ പിടികൂടിയാല്‍ ഇനി പിഴ ചുമത്തില്ല, പകരം ഇവരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനാണ് തീരുമാനം. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്. അനന്തകൃഷ്ണന്‍ വെള്ളിയാഴ്ച എറണാകുളം കളക്ടറേറ്റില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ശക്തമായ ഈ തീരുമാനം. റോഡില്‍ മോട്ടോര്‍ വാഹന വകുപ്പ്-പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലെങ്കില്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിക്കുന്ന നിരവധി പേരുണ്ട്. ഇത്തരക്കാരെ കുരുക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും. യൂണിഫോമില്ലാതെ, വിവിധ സ്ഥലങ്ങളില്‍ മഫ്തിയിലായിരിക്കും ഉദ്യോഗസ്ഥരെ വിന്യസിക്കുക. ഇവര്‍ ക്യാമറയില്‍ കുറ്റകൃത്യങ്ങള്‍ ചിത്രീകരിക്കും. എന്നിട്ട്, വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്ബര്‍ ഉപയോഗിച്ച്‌ വാഹന ഉടമയ്ക്കാണ് ആദ്യം നോട്ടീസ് അയയ്ക്കുക.

വാഹനം ഓടിച്ചത് ഉടമയല്ലെങ്കില്‍ ഓടിച്ചയാളെ ഉദ്യോഗസ്ഥര്‍ക്കു മുന്നിലെത്തിക്കേണ്ട ബാധ്യത വാഹന ഉടമയ്ക്കാണ്. അതിനു കഴിഞ്ഞില്ലെങ്കില്‍ വാഹന ഉടമയ്ക്കെതിരെ നടപടിയെടുക്കും. ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരായവര്‍ക്ക് മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുന്നതിന്റെ വീഡിയോ തെളിവായി കാണിക്കും. ഇതിനു ശേഷമാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുക. സാധാരണ രീതിയില്‍ ഇത്തരം ലംഘനങ്ങള്‍ക്ക് 1,000 രൂപ പിഴ അടപ്പിച്ച ശേഷം പറഞ്ഞുവിടുന്ന രീതിയാണ് ഇനി മാറ്റുന്നതെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പറഞ്ഞു. കൂടാതെ അമിത വേഗം, അമിത ഭാരം, ട്രാഫിക് സിഗ്നല്‍ ലംഘനം ഉള്‍പ്പെടെയുള്ള നിയമ ലംഘനങ്ങള്‍ക്കും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും.

മദ്യപിച്ച്‌ വാഹനം ഓടിക്കല്‍, വാഹനാപകടം എന്നീ കുറ്റകൃത്യങ്ങളില്‍ നിലവില്‍ ലൈസന്‍സ് സസ്പെന്‍ഷന്‍ നടപടികള്‍ ആര്‍.ടി.ഒ.മാര്‍ സ്വീകരിക്കുന്നുണ്ട്. എറണാകുളം ജില്ലയില്‍ മാത്രം ഗതാഗത നിയമം ലംഘിച്ചവരില്‍ 1,376 പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനാണ് ആലോചിക്കുന്നത്. വിവിധ നിയമം ലംഘിച്ചതിന് വാഹന വകുപ്പിന്റെ നോട്ടീസ് ലഭിച്ചിട്ടും പിഴയടയ്ക്കാത്തവര്‍ക്കെതിരെയാണ് നടപടിയുണ്ടാകുക. ഏറ്റവും കൂടുതല്‍ വാഹന രജിസ്ട്രേഷന്‍ നടക്കുന്ന എറണാകുളം ജില്ലയില്‍ നിയമ ലംഘകരുടെ പട്ടിക തയ്യാറാക്കിയാണ് വാഹന വകുപ്പ് നടപടിക്കൊരുങ്ങുന്നത്. അമിത വേഗം ഉള്‍പ്പെടെ നിയമം ലംഘിച്ചവര്‍ക്ക് പിഴയടയ്ക്കാന്‍ നോട്ടീസ് നല്‍കിയിട്ടും മുങ്ങിയവരുടെ ലിസ്റ്റ് വാഹന വകുപ്പ് അധികൃതര്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പൊടി തട്ടിയെടുത്തത്.

ഒട്ടേറെ പ്രാവശ്യം നിയമം ലംഘിച്ച്‌, രണ്ടു വര്‍ഷത്തിലേറെയായി മുങ്ങിനടക്കുന്നവരും വാഹന വകുപ്പിന്റെ ലിസ്റ്റിലുണ്ട്. എല്ലാവര്‍ക്കുമെതിരെ ഒരുമിച്ച്‌ നടപടി സ്വീകരിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം നിയമം ലംഘിച്ചവര്‍ക്കെതിരെ ആദ്യം നടപടിയെടുക്കാന്‍ കമ്മിഷണര്‍ നിര്‍ദേശം നല്‍കി. അഞ്ചില്‍ കൂടുതല്‍ പ്രാവശ്യം നിയമം ലംഘിച്ചവരുടെ ലൈസന്‍സ് റദ്ദാക്കും. വാഹന വകുപ്പിന്റെ സി.സി.ടി.വി. ക്യാമറകളില്‍ കുടുങ്ങിയവരാണ് പിഴ ഒടുക്കാതെ മുങ്ങിയവരില്‍ ഭൂരിപക്ഷവും. നിയമ ലംഘകര്‍ക്ക് നോട്ടീസ് നല്‍കി വിളിച്ചുവരുത്തി, വിശദീകരണം ചോദിച്ച ശേഷമായിരിക്കും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുക. രാജ്യത്ത് വാഹനാപകടങ്ങള്‍ കൂടിയ സാഹചര്യത്തില്‍, ഗതാഗത നിയമം ലംഘിക്കുന്നവരുടെ ലൈസന്‍സ് ഉടനടി സസ്പെന്‍ഡ് ചെയ്യാന്‍, കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, സുപ്രീകോടതി നിര്‍ദേശം സംസ്ഥാനത്ത് കര്‍ശനമാക്കിയിരുന്നില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*