ധോണിയുടെ കണ്ണില്‍ നോക്കിയാല്‍ കാര്യം പിടികിട്ടുമെന്ന് കേദാര്‍ ജാദവ് !

ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ വിജയത്തിന് പിന്നില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഇടപെടലുകള്‍ നിര്‍ണ്ണായകമായെന്ന് നായകന്‍ കോഹ്ലിയും ഓള്‍റൗണ്ടര്‍ കേദര്‍ ജാദവും. 26ാം ഓവറില്‍ കേദറിനെ പന്തേല്‍പിക്കാനുളള ടീം ഇന്ത്യയുടെ തീരുമാനത്തിന് പിന്നില്‍ മഹേന്ദ്ര സിംഗ് ധോണിയായിരുന്നത്രെ. മത്സര ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കോഹ്ലി തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍മാരായ തമീം ഇഖ്ബാലും മുഷ്ഫിഖ് റഹ്മാനും ഇന്ത്യന്‍ നിരയ്ക്ക് ഭീഷണിയാകും തരത്തില്‍ കൂട്ടുകെട്ട് ഉയര്‍ത്തിയതിന് പിന്നാലെയാണ് പാര്‍ടൈം ബൗളറായ കേദറിനെ പന്തേല്‍പിക്കാന്‍ ടീം ഇന്ത്യ ഒരുങ്ങിയത്. കേദറിനെ കൊണ്ടു വരാനുള്ള ടീം തീരുമാനം എന്തായാലും പിഴച്ചില്ല. 28-ാം ഓവറില്‍ തമീമിന്റെ കുറ്റിയെടുത്ത് കേദര്‍ കൂട്ടുകെട്ട് പൊളിച്ചു. ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വരികയും ചെയ്തു.

”വിക്കറ്റെടുക്കാന്‍ വേണ്ടി കരുതിക്കൂട്ടി കൊണ്ടുവന്ന മാറ്റമല്ലത്. ബംഗ്ലാ ബാറ്റിങ്ങിനെ ഒന്നു ഞെട്ടിക്കണമെന്നുണ്ടായിരുന്നു. ബൗളിങ്ങില്‍ ഒരു മാറ്റം വേണമെന്നും കരുതി. എന്നാല്‍ കളിയെ തന്നെ മാറ്റി മറിക്കുന്നതായി ആ തീരുമാനം” കോഹ്ലി വ്യക്തമാക്കി. കേദറിനെ പന്തേല്‍പിക്കാനുള്ള നിര്‍ദേശം ധോണിയാണ് മുന്നോട്ടുവെച്ചത്. അത് എനിക്കും സമ്മതമായിരുന്നു. ആ സമയത്ത് അത് അനുയോജ്യമായ തെരഞ്ഞെടുക്കലായിരുന്നു. കേദര്‍ നന്നായി പന്തെറിഞ്ഞു. നെറ്റ്സില്‍ അധികം പരിശീലനം ലഭിക്കാതിരുന്നിട്ടു കൂടി ഗ്രൗണ്ടില്‍ കേദര്‍ മികച്ച രീതിയില്‍ തന്നെ കളിച്ചു. ആ വിക്കറ്റുകള്‍ ശരിക്കും ബോണസായിരുന്നു” കോഹ്ലി കൂട്ടിച്ചേര്‍ത്തു. ധോണി കളിക്കാരെ പ്രചോദിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും വാക്കുകള്‍ കൊണ്ടല്ലെന്നാണ് കേദാര്‍ ജാദവ് പറയുന്നത്. ബൗള്‍ ചെയ്യുമ്പോള്‍ ധോണിയുടെ കണ്ണില്‍ നോക്കിയാല്‍ അദ്ദേഹം നമ്മളില്‍ നിന്ന് എന്താണ് ആവശ്യപ്പെടുന്നതെന്ന് മനസിലാവും. ഞാന്‍ ബൗള്‍ ചെയ്യുമ്പോള്‍ അദ്ദേഹം എന്നെത്തന്നെ സൂക്ഷിച്ചുനോക്കുകയായിരിക്കും. അദ്ദേഹത്തിന്റെ കണ്ണില്‍ നോക്കിയാല്‍ എനിക്ക് മനിസാലവും അദ്ദേഹം എങ്ങനെ പന്തെറിയാനാണ് ആവശ്യപ്പെടുന്നതെന്ന്-ജാദവ് പറഞ്ഞു.

താന്‍ സ്വയം പാര്‍ട് ടൈം ബൗളറായല്ല കാണുന്നതെന്നും ജാദവ് പറഞ്ഞു. എന്റെ പൂര്‍വകാല റെക്കോര്‍ഡുകളും അതല്ല പറയുന്നത്. നല്ല രീതിയില്‍ പന്തെറിയാനുള്ള ആത്മവിശ്വാസം എനിക്കുണ്ട്. നെറ്റ്‌സിലും പന്തെറിയാറുണ്ട്. മുന്‍ പരമ്പരകളിലും ഞാന്‍ പന്തെറിയുകയും വിക്കറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ മത്സരത്തിന് മുമ്പ് എന്റെ പേരില്‍ ആറ് വിക്കറ്റാണ് ഉണ്ടായിരുന്നത്. എല്ലാം മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടേതായിരുന്നു. വാലറ്റക്കാരുടേതല്ല. അതുകൊണ്ടുതന്നെ എന്റെ പന്തുകളില്‍ വലിയ ഷോട്ട് കളിക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ ബുദ്ധിമുട്ടുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും ജാദവ് പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*