നടനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ വന്നവര്‍ ഓഡിയോ റെക്കോര്‍ഡില്‍ കുടുങ്ങി !

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കാര്യങ്ങള്‍ സിനിമയെ വെല്ലുന്ന സൂപ്പര്‍ ക്ലൈമാക്‌സിലേക്ക് ! കേസിലെ പ്രതികളുമായി ‘ബന്ധപ്പെട്ടവര്‍’ പ്രമുഖ നടനെതിരെ മൊഴി കൊടുക്കാതിരിക്കാന്‍ നടന്റെ സുഹൃത്തിനോടും ഡ്രൈവറോടും വന്‍തുക ആവശ്യപ്പെട്ടത് റെക്കോഡ് ചെയ്തതായാണ് സൂചന. നടന്റെ പേര് പറയാന്‍ സൂപ്പര്‍ യുവതാരം, സൂപ്പര്‍ സ്റ്റാറിന്റെ വലം കൈ ആയി അറിയപ്പെടുന്ന നിര്‍മ്മാതാവ്, ഇപ്പോള്‍ അഭിനയ രംഗത്ത് ഇല്ലാത്ത നടി എന്നിവരുടെ സമ്മര്‍ദ്ദമുണ്ടെന്ന് ഇവര്‍ പറയുന്ന കാര്യമുള്‍പ്പെടെ റെക്കോഡ് ചെയ്തതായാണ് വിവരം. ആരോപണ വിധേയനായ നടന്റെ ഡ്രൈവറും സുഹൃത്തായ യുവസംവിധായകനുമാണ് ‘ ഒത്തുതീര്‍പ്പിന്’ പണമാവശ്യപ്പെട്ട് വന്ന കോളുകള്‍ റെക്കോഡ് ചെയ്തിരിക്കുന്നത്. ‘നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് പങ്കില്ലന്ന് തങ്ങള്‍ക്ക് അറിയാമെന്നും എന്നാല്‍ പ്രതികള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പേര് പറഞ്ഞാല്‍ നടന്‍ കുടുങ്ങുമെന്നും’ ചൂണ്ടിക്കാട്ടിയാണത്രെ വിരട്ടല്‍. ഇതു സംബന്ധമായി നടപടി ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കാനാണ് നടന്റെ നീക്കം. തനിക്ക് പണം നല്‍കിയില്ലങ്കില്‍ എല്ലാം വിളിച്ചു പറയുമെന്ന് ചൂണ്ടിക്കാട്ടി നടന്റെ സുഹൃത്തായ യുവ സംവിധായകന് പള്‍സര്‍ സുനി എഴുതിയ കത്ത് നേരത്തെ പൊലീസിന് ലഭിച്ചിരുന്നു.

ഇതു സംബന്ധമായ അന്വേഷണം നടന്നുകൊണ്ടിരിക്കെ തന്നെ പ്രതികള്‍ കോടതിയില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തുമെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. പള്‍സര്‍ സുനി, ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിന്‍, തിരുവല്ല സ്വദേശി പ്രദീപ് എന്നിവര്‍ 17ന് കോടതിയില്‍ ഇതുവരെ പുറത്തു വരാത്ത ഗൂഢാലോചന സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്നായിരുന്നു അഭ്യൂഹം. പൊലീസ് ചോദ്യം ചെയ്യലിലും ഇതുവരെ കോടതിയില്‍ പോലും പറയാത്ത കാര്യങ്ങളും ഇപ്പോള്‍ പ്രതികള്‍ പറയുമെന്ന് പറയുന്നത് തന്നെ ബ്ലാക്ക് മെയില്‍ നീക്കം പരാജയപ്പെട്ടത് കൊണ്ടാണെന്നാണ് നടനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. ആര്‍ക്ക് തന്നെ ‘ദോഷമായാലും’ ഇനി റെക്കോഡ് ചെയ്ത സംഭാഷണങ്ങള്‍ പൊലീസിന് കൈമാറാനാണ് തീരുമാനം. അതേ സമയം പ്രതികള്‍ പറയുന്നത് കേട്ട് മാത്രം ആരെയും പ്രതിയാക്കാന്‍ പറ്റില്ല എന്നതിനാല്‍ പൊലീസിന്റെ അന്യേഷണ റിപ്പോര്‍ട്ടും സാക്ഷിമൊഴിയും കോടതിയില്‍ നിര്‍ണ്ണായകമാകും.

ഇതില്‍ റെക്കോഡ് ചെയ്ത സംഭാഷണങ്ങളാകും വഴിത്തിരിവാകുക. ഇത് വിദഗ്ദ പരിശോധനക്ക് വിധേയമാക്കേണ്ടിയും വരും. നടിയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ‘ആക്രമിച്ചവര്‍’ ഇപ്പോള്‍ നടനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന ആരോപണം തെളിഞ്ഞാല്‍ പൊലീസിന് കേസെടുക്കേണ്ടി വരും മറിച്ചായാല്‍ നടനാകും അത് ബുദ്ധിമുട്ടാകുക. മുന്‍പ് 50,000 രൂപ ചാര്‍ളി എന്ന സുഹൃത്തിനോട് കടം ചോദിച്ച പള്‍സര്‍ സുനി താന്‍ ‘കൃത്യം’ ചെയ്തത് നടനു വേണ്ടിയാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഈ വിവരം ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘം ചോദിച്ചപ്പോള്‍ മാധ്യമങ്ങളില്‍ പ്രമുഖ നടന്‍ എന്ന് കണ്ടെതിനാല്‍ താന്‍ അങ്ങനെ പറഞ്ഞു എന്നാണ് സുനി മൊഴി നല്‍കിയിരുന്നത്. ഈ മൊഴി തന്നെയാണ് പ്രതികള്‍ പണം തട്ടാന്‍ വേണ്ടി ചിലരെ ഉപയോഗപ്പെടുത്തി നടനെ ‘ബ്ലാക്ക് മെയില്‍’ചെയ്യാന്‍ ശ്രമിക്കുകയാണെന്ന വാദത്തിന് ശക്തി പകരുന്നത്. എന്നാല്‍ ഇപ്പോള്‍ ‘ഇടനിലക്കാര്‍’ യുവ താരത്തിന്റെയും സൂപ്പര്‍ സ്റ്റാറിന്റെ ‘വലം കൈ’ ആയ നിര്‍മാതാവിന്റെയും നടിയുടെയുമെല്ലാം പേര് സൂചിപ്പിച്ചതും അത് റെക്കോഡ് ചെയ്തതുമെല്ലാം വലിയ ദുരൂഹതയിലേക്കും സസ്‌പെന്‍സിലേക്കുമാണ് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്.

സിനിമാരംഗത്തെ ‘കുടിപ്പക’ നടനെതിരായ നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അത് വലിയ പ്രത്യാഘാതത്തിന് തന്നെ കാരണമായേക്കും. നടനെ ‘വേട്ടയാടുന്നതിനെതിരെ’ മറ്റൊരു സൂപ്പര്‍ താരത്തിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം താരങ്ങള്‍ കടുത്ത അമര്‍ഷത്തിലാണെന്ന വിവരവും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*