ഇരുചക്രവാഹനങ്ങളില്‍ നാടുകാണാനിറങ്ങുന്നവര്‍ക്ക് കുന്നും മലയും താണ്ടാന്‍ “ഹിമാലയന്‍”

ഇരുചക്രവാഹനങ്ങളില്‍ നാടുകാണാനിറങ്ങുന്നവരുടെ എണ്ണം അടുത്തകാലത്ത് വര്‍ധിച്ചിട്ടുണ്ട്. യാത്രയ്ക്കു പറ്റിയ ഒരു കൂട്ടുകൂടിയുണ്ടെങ്കിലോ! ആ യാത്ര മനോഹരമാകുമെന്നതില്‍ ഒരു സംശയവുമില്ല. അത്തരം ദീര്‍ഘദൂരസാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്ന ഇരുചക്ര വാഹന പ്രേമികള്‍ക്കായി റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ച ഓഫ് റോഡ് വാഹനമാണ് ഹിമാലയന്‍. ബുള്ളറ്റുകള്‍ ഇന്ത്യന്‍ നിരത്തിലെത്തിയപ്പോള്‍ മുതല്‍ ഉണ്ടായിരുന്ന ഡിസൈനിനു റോയല്‍ എന്‍ഫീല്‍ഡ് ഇപ്പോഴും വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എന്‍ഫീല്‍ഡിന്റെ ബെസ്റ്റ് സെല്ലിംഗ് മോഡലായ ക്ലാസിക് 350 പഴയകാല ബുള്ളറ്റുകളുടെ രൂപത്തില്‍ത്തന്നെയാണ്. അതിനു മാറ്റംവരുത്തി തണ്ടര്‍ബേഡ് വന്നെങ്കിലും ബുള്ളറ്റ് എന്ന വിഭാഗത്തില്‍ത്തന്നെ ഉള്‍പ്പെടുന്നതായിരുന്നു.  ബുള്ളറ്റ് എന്ന വിഭാഗത്തില്‍നിന്നു മാറ്റിയാണ് ഹിമാലയനെ അവതരിപ്പിച്ചിരിക്കുന്നത്. സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്ന യുവാക്കളെ ഉദ്ദേശിച്ചാണ് ഹിമാലയന്റെ പിറവി. യാത്രകള്‍ കൂടെപ്പിറപ്പായവര്‍ക്ക് ഒപ്പം കൂട്ടാവുന്ന ഏറ്റവും മികച്ച സുഹൃത്തെന്ന് ഹിമാലയനെ വിശേഷിപ്പിക്കാം. ഇതുവരെ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയ മോഡലുകളുമായി യാതൊരു സാമ്യവുമില്ലാതെയാണ് ‘ഹിമാലയ’ ന്റെ പിറവിയെന്ന് നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ. സാഹസിക യാത്രകള്‍ക്ക് കുന്നും മലയും താണ്ടാനുതകുന്ന രീതിയില്‍ത്തന്നെയാണ് ഹിമാലയന്റെ രൂപഘടന. 21 ഇഞ്ച് മുന്‍ ടയര്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് (220 എം എം), എന്‍ജിന് പ്രത്യേക സുരക്ഷാകവചം തുടങ്ങിയവയെല്ലാം ഒരു ഓഫ് റോഡ് ബൈക്കിന്റെ എല്ലാ എടുപ്പും വാഹനത്തിനു നല്കുന്നുണ്ട്.

ചുരുക്കത്തില്‍ സിംപിള്‍ ഡിസൈന്‍ എന്നു പറയാം. ചെറിയ വിന്‍ഡ് സ്‌ക്രീനിനൊപ്പമാണ് റൗണ്ട് ഹെഡ്‌ലൈറ്റ് മുന്നില്‍ ഇടംപിടിച്ചിരിക്കുന്നത്. ഹെഡ്‌ലൈറ്റില്‍ എല്‍ഇഡി ഇല്ലെങ്കിലും ബ്രേക്ക് ലൈറ്റിന് എല്‍ഇഡിയാണ് ഉപയോഗിച്ചിരിക്കുന്നത്. ടാങ്ക് കപ്പാസിറ്റി 14 ലിറ്റര്‍. ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചാല്‍ 400-450 കിലോമീറ്റര്‍ സഞ്ചരിക്കാം. ഭൂപ്രദേശവും െ്രെഡവിംഗ് രീതിയും അനുസരിച്ചായിരിക്കും മൈലേജെന്നു മാത്രം. അനലോഗ് ഡയലുകള്‍ നിറഞ്ഞതാണ് ഇന്‍ട്രുമെന്റ് പാനല്‍. വലിയ മീറ്ററില്‍ വാഹനത്തിന്റെ വേഗം മണിക്കൂറില്‍ എത്ര കിലോമീറ്ററെന്നും എത്ര മൈല്‍ എന്നും സൂചിപ്പിക്കുന്ന രണ്ടു സൂചികകളാണുള്ളത്. ഒപ്പം ഒരു ചെറിയ എല്‍ ഇ ഡി സ്‌ക്രീനുമുണ്ട്. ഇതില്‍ ഗിയര്‍ ഇന്‍ഡിക്കേറ്റര്‍, രണ്ട് ട്രിപ്പ് മീറ്ററുകള്‍, ഓഡോമീറ്റര്‍, താപനില, ക്ലോക്ക്, ശരാശരി വേഗം, സര്‍വീസ് ഇന്‍ഡിക്കേറ്റര്‍, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആര്‍പിഎം സൂചിപ്പിക്കാന്‍ ടാക്കോമീറ്ററും ഇന്ധനത്തിന്റെ അളവ് സൂചിപ്പിക്കാനുള്ള മീറ്ററും വെവ്വേറെ ഡയലുകളില്‍ ക്രമീകരിച്ചിരിക്കുന്നു. ഇതിനൊപ്പം വടക്കുനോക്കിയന്ത്രവും പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. 411 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഹിമാലയന്റെ കരുത്ത്. ഇത് 24.5 ബിഎച്ച്പി കരുത്തില്‍ 32 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കുന്നു. ഇലക്ട്രിക് സ്റ്റാര്‍ട്ട് മാത്രമേ വാഹത്തിന് നല്കിയിട്ടുള്ളൂ. അതുകൊണ്ടുതന്നെ കിക്കറില്ല. മറ്റു മോഡലുകള്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോഴുള്ളതു പോലുള്ള ശബ്ദവും ഹിമാലയനില്ല. സുഗമമായ ഗിയര്‍ ഷിഫ്റ്റിംഗ് ആയതിനാല്‍ മികച്ച െ്രെഡവിംഗ് അനുഭവം നല്‍കുന്നുണ്ട്. സാഹസികയാത്രകള്‍ക്ക് യോജിക്കും വിധമാണ് സീറ്റിന്റെ ഘടന. കുറഞ്ഞ ടേണിംഗ് റേഡിയസ് ആയതിനാല്‍ അനായാസം വാഹനം തിരിക്കാനും കഴിയും. മറ്റു എന്‍ഫീല്‍ഡ് മോഡലുകളെ അപേക്ഷിച്ച് ഹിമാലയനു ഭാരവും കുറവാണ്, 182 കിലോഗ്രാം. ഹംബുകളും കുഴികളുമുള്ള റോഡുകളില്‍ അനായാസം സഞ്ചരിക്കാന്‍ കഴിയുംവിധമാണ് സസ്‌പെന്‍ഷന്‍. പിന്നില്‍ ഇതാദ്യമായി റോയല്‍ എന്‍ഫീല്‍ഡ് മോണോ ഷോക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്‍ഫീല്‍ഡിന്റെ തന്നെ യുകെ കമ്പനിയായ ഹാരിസ് പെര്‍ഫോമന്‍സാണ് ഹിമാലയന്റെ ചേസിസ് നിര്‍മിച്ചിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*