ഇറാനെ ആക്രമിക്കുമെന്ന് സൗദി അറേബ്യ; ഇറാന്‍ നല്‍കിയ മറുപടി ഗംഭീരം!!

ഗള്‍ഫ് മേഖലയില്‍ യുദ്ധഭീതി വിതച്ച് സൗദി അറേബ്യയും ഇറാനും. ഇറാനെ ആക്രമിക്കുമെന്നാണ് സൗദിയുടെ ഭീഷണി. എന്നാല്‍ ശക്തമായ തിരിച്ചടിക്ക് തങ്ങള്‍ മടിക്കില്ലെന്ന് ഇറാന്‍ മറുപടി നല്‍കി. കൂടെ അവര്‍ ഒരു കാര്യം കൂടി പറഞ്ഞു. സൗദിയില്‍ മുസ്ലിം രാഷ്ട്ര നേതാക്കളുടെ സമ്മേളനം നടക്കാനിരിക്കെയാണ് ഇരുരാജ്യങ്ങളുടെയും വാക് പോര്. സൗദി സമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുക്കുന്നുണ്ട്. സുന്നി ശിയാ അടിത്തറയിലാണ് ഇരുരാജ്യങ്ങളുടെയും പ്രവര്‍ത്തനവും ഭീഷണി മുഴക്കലും. ഇറാന്‍ മുസ്ലിംലോകത്ത് പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്നും വേണ്ടി വന്നാല്‍ ഇറാനെ ആക്രമിക്കുമെന്നുമായിരുന്നു സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഭീഷണി.  അതിന് മറുപടിയാണ് കഴിഞ്ഞദിവസം ഇറാന്‍ പ്രതിരോധമന്ത്രി ഹുസൈന്‍ ദെഹ്ഗാന്‍ നല്‍കിയത്. സൗദി തങ്ങളെ ആക്രമിച്ചാല്‍ ആ രാജ്യത്തെ മക്കയും മദീനയുമല്ലാത്ത എല്ലാ പ്രദേശങ്ങളും ആക്രമിച്ച് തകര്‍ത്തുകളയുമെന്നാണ് ദെഹ്ഗാന്‍ പറഞ്ഞത്. വിശുദ്ധ നഗരങ്ങളായതു കൊണ്ടാണ് മക്കയും മദീനയും ആക്രമണത്തില്‍ നിന്ന് ഒഴിവാക്കുന്നതെന്നും ഇറാന്‍ മന്ത്രി വ്യക്തമാക്കി. പ്രകോപനപരമാണ് സൗദിയുടെ പ്രതികരണം. അതിന് ശക്തമായ മറുപടി നല്‍കാന്‍ തങ്ങള്‍ക്കറിയാം-ദെഹ്ഗാന്‍ പറഞ്ഞു. വ്യോമ സേനയുണ്ടെന്ന് കരുതിയാണ് സൗദി ഇത്ര വീമ്പിളക്കുന്നതെന്ന് യമനിലെ സ്ഥിതിഗതികള്‍ പരാമര്‍ശിച്ച് ദെഹ്ഗാന്‍ പറഞ്ഞു. യമനില്‍ സൗദി സൈന്യം ആ രാജ്യത്തെ ഹൂഥി വിമതര്‍ക്കെതിരേ ആക്രമണം നടത്തുന്നുണ്ട്. ഇറാന്റെ പിന്തുണയുള്ള ശിയാ വിഭാഗക്കരാണ് ഹൂഥികള്‍. സൗദി അറേബ്യയുടെ വ്യോമ സേനയാണ് ഹൂഥികളെ ആക്രമിക്കുന്നത്. ആ വ്യോമസേനയുടെ ബലത്തില്‍ എന്തും നടക്കുമെന്ന് കരുതേണ്ടെന്നും ഇറാന്‍ പ്രതിരോധ മന്ത്രി സൂചിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ ഇറാനകത്തായിരിക്കും അതിന് മറുപടിയുണ്ടാകുക എന്നായിരുന്നു സൗദി കിരീടവകാശി മുഹമ്മദ് പറഞ്ഞത്. 31കാരനായ മുഹമ്മദ് ബിന്‍ സമല്‍മാന്‍ ആണ് സൗദിയുടെ അടുത്ത ഭരണാധികാരി. 2015ല്‍ മുഹമ്മദിന്റെ പിതാവും ഇപ്പോഴത്തെ രാജാവുമായ സല്‍മാന്‍ തന്റെ പിന്‍ഗാമിയായി മുഹമ്മദിന്റെ പേര് പ്രഖ്യാപിച്ചിരുന്നു. ഇറാനുമായുള്ള നിലപാട് വ്യക്തമാക്കവെയാണ് മുഹമ്മദ് ഒരു അഭിമുഖത്തില്‍ പ്രകോപനപരമായി സംസാരിച്ചത്.

ശിയാ ആശയം മുസ്ലിം ലോകത്ത് അടിച്ചേല്‍പ്പിക്കാനാണ് ഇറാന്റെ ശ്രമമെന്ന് മുഹമ്മദ് പറഞ്ഞു. തീവ്രപരമായ ആശയമാണ് ഇറാന്‍ പിന്തുടരുന്നതെന്നും അവരുമായി എങ്ങനെ ഐക്യത്തിന്റെ പാതയില്‍ പോകാന്‍ സാധിക്കുമെന്നും മുഹമ്മദ് ചോദിച്ചു. മക്കയാണ് ഇറാന്‍ ലക്ഷ്യമിടുന്നത്. അതിന് അനുവദിക്കില്ല. മുസ്ലിം ലോകം ആദരവോടെ കാണുന്ന സ്ഥലമാണിതെന്നും മുഹമ്മദ് അഭിമുഖത്തില്‍ പറഞ്ഞു. സൗദി അറേബ്യയുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് മുഹമ്മദ് ബിന്‍ സല്‍മാനാണ്. 2030 ഓടെ രാജ്യം നേടിയെടുക്കേണ്ട പദ്ധതികള്‍ അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.  സൗദിയില്‍ പോരാട്ടം തുടങ്ങുന്നത് വരെ തങ്ങള്‍ കാത്തിരിക്കില്ലെന്നും അതിന് മുമ്പ് ഇറാനില്‍ പ്രശ്‌നങ്ങളുണ്ടാവുമെന്നുമാണ് സൗദി രാജകുമാരന്‍ പറഞ്ഞത്. എന്നാല്‍ ഇതുസംബന്ധിച്ച് അദ്ദേഹം കൂടുതല്‍ വിശദീകരിച്ചില്ല. ഇറാനെ നേരിട്ടോ അല്ലാതെയോ ആക്രമിക്കുമെന്ന സൂചനയായാണ് ഈ വാക്കുകള്‍ രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. 1979ല്‍ ഇറാനില്‍ നടന്ന ഇസ്ലാമിക വിപ്ലവത്തിന് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. പിന്നീട് ഓരോ വിഷയത്തിലും ഇരുരാജ്യങ്ങളും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുകയായിരുന്നു. സൗദിയുടെ സഖ്യകക്ഷിയായി അമേരിക്കയും ഇറാന്റെ സഹായിയായി റഷ്യയും തമ്പടിച്ചതോടെ സ്ഥിതിഗതികള്‍ അന്താരാഷ്ട്ര തലത്തില്‍ ചേരിതിരിവിന് കാരണമായി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*