സ്വവര്‍ഗ പ്രണയം പ്രമേയം; നോവലിന്‍റെ പ്രകാശനത്തിന് കോളജ് അധികൃതര്‍ അനുമതി നിഷേധിച്ചു

സ്വവര്‍ഗ പ്രണയം പ്രമേയമായ നോവലിന്‍റെ പ്രകാശനത്തിന് കോളജ് അധികൃതര്‍ അനുമതി നിഷേധിച്ചു. എഴുത്തുകാരി ശ്രീപാര്‍വതിയുടെ ‘മീനുകള്‍ ചുംബിക്കുന്നു’ എന്ന നോവലിന്‍റെ പ്രകാശത്തിനുള്ള അനുമതിയാണ് കോളജ് അധികൃതര്‍ നിഷേധിച്ചത്. ഓണ്‍ലൈന്‍ മാധ്യമ വേദികളിലെ സജീവ സാന്നിധ്യമാണ് ശ്രീപാര്‍വതി. പെണ്‍പ്രണയങ്ങളുടെ കടലാഴങ്ങളിലേക്കൊരു യാത്ര എന്നാണ് പുസ്തകത്തിന്റെ ടാഗ് ലൈന്‍. ശ്രീപര്‍വതിയുടെ നോവലിന്‍റെ പ്രകാശന ചടങ്ങ് എറണാകുളം സെന്‍റ് തെരേസാസ് കോളജില്‍ വെച്ച്‌ നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. മെയ് 14ന് മൂന്നു മണിക്ക് കോളജ് ഓഡിറ്റോറിയത്തില്‍വച്ച്‌ നടക്കുന്ന ചടങ്ങിന് മുന്‍കൂട്ടി അനുമതിയും വാങ്ങിയിരുന്നു. പുസ്തക പ്രകാശനം സംബന്ധിച്ച നോട്ടീസും ബ്രോഷറുമെല്ലാം തയാറാക്കിക്കഴിഞ്ഞ ശേഷം കോളജ് പ്രിന്‍സിപ്പല്‍ തന്നെ വിളിച്ച്‌ പ്രകാശന വേദി അനുവദിക്കില്ലെന്ന് അറിയിക്കുകയായിരുന്നുവെന്ന് ശ്രീപാര്‍വതി പറയുന്നു. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളജില്‍ ഈ പുസ്തകം വിദ്യാര്‍ഥിനികളുടെ ചിന്താഗതിയെ തെറ്റായി സ്വാധീനിക്കാനിടയുണ്ടെന്നാണ് ഇതിനെതിരെയുള്ള കോളജ് അധികൃതരുടെ വാദം. എന്തായാലും നിശ്ചയിച്ച സമയത്തു തന്നെ കോളജിന് സമീപമുള്ള കുട്ടികളുടെ പാര്‍ക്കില്‍ വച്ച്‌ പ്രകാശന കര്‍മം നടത്താനാണ് സംഘാടകരുടെ തീരുമാനം. വിവാദം ഉണ്ടായപ്പോള്‍ വ്യക്തിപരമായ വിഷയമായാണ് ആദ്യഘട്ടത്തില്‍ സമീപിച്ചതെങ്കിലും സമൂഹത്തിന്‍റെ മുഴുവന്‍ പ്രശ്നമാണ് ഇതെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ് പ്രതികരിക്കുന്നതെന്ന് എഴുത്തുകാരി പറഞ്ഞു. വാട്സാപ്പില്‍ സുഹൃത്തുക്കള്‍ക്ക് അയച്ച മെസേജിലൂടെയാണ് സംഭവം പുറത്തറിഞ്ഞതെന്നും ശ്രീപാര്‍വതി പറഞ്ഞു. ‘മീനുകള്‍ പ്രണയിക്കുന്നു’ ശ്രീപാര്‍വതിയുടെ ആദ്യനോവലാണ്. നോവലിന് അവതാരികയെഴുതിയത് പ്രശസ്ത സിനിമാ സംവിധായകനും നടനുമായ ജോയ് മാത്യുവാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*