പുതിയ കോഴ്‌സുകളുമായ് മലയാളം സര്‍വകലാശാല!

മലയാളം സര്‍വകലാശാല പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി വൈസ് ചാന്‍സലര്‍ ഡോ. കെ ജയകുമാര്‍ അറിയിച്ചു. എം ബി എ, എം എസ് സി കംപ്യൂട്ടര്‍ സയന്‍സ്, എംകോം, മാസ്റ്റര്‍ ഇന്‍ ലൈബ്രറി സയന്‍സ് എന്നീ കോഴ്‌സുകളാണ് പരിഗണനയിലുള്ളത്. സര്‍വകലാശാലയുടെ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളും ഗവേഷണവും മലയാളത്തിലൂടെ സാധ്യമാവുമെന്ന് തെളിയിക്കാനായതാണ് പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള പ്രചോദനമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍വകലാശാല രൂപം നല്‍കിയ ഓണ്‍ലൈന്‍ മലയാളം നിഘണ്ടു വരുന്ന ആഗസ്തില്‍ നിലവില്‍ വരും. ഓണ്‍ലൈനായി ലഭ്യമാവുന്ന സമഗ്ര മലയാളം നിഘണ്ടുവിന്റെ പ്രവര്‍ത്തനം കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി നടന്നുവരികയാണ്. ഒരു ലക്ഷത്തി മുപ്പതിനായിരം വാക്കുകളുമായാണ് സമഗ്ര ഓണ്‍ലൈന്‍ നിഘണ്ടു സമര്‍പ്പിക്കുന്നത്. ഓണ്‍ലൈനില്‍ ലഭിച്ചു കഴിഞ്ഞാലും നിഘണ്ടുവില്‍ പുതിയ വാക്കുകളും പ്രാദേശിക പദങ്ങളും ശാസ്ത്ര സാങ്കേതിക പദങ്ങളും നിരന്തരം കൂട്ടി ചേര്‍ക്കാനാവും.

എഴുത്തച്ഛന്‍, എ ആര്‍ രാജരാജവര്‍മ എന്നിവരെ കുറിച്ചുള്ള ഗ്രന്ഥസൂചി തയ്യാറാക്കല്‍ നടന്നുവരികയാണ്. സമകാലിക എഴുത്തുകാരില്‍ എം ടി വാസുദേവന്‍ നായരെ കുറിച്ചും ഗ്രന്ഥ സൂചി തയ്യാറാക്കും. മലയാള സാഹിത്യത്തെ പരിഭാഷകളിലൂടെ പുറംലോകത്തെ അറിയിക്കുക എന്ന ഉദ്ദേശ്യത്തോടെ സര്‍വകാലാശാല പരിഭാഷാ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ആദ്യമായി രാജലക്ഷ്മിയുടെ ഒരു വഴിയും കുറെ നിഴലുകളും എന്ന പുസ്തകമാണ് പരിഭാഷപ്പെടുത്തിയത്. ഖദീജാ മുംതാസിന്റെ ബര്‍സ, അംബികാ സുതന്‍ മാങ്ങാടിന്റെ എന്‍മകജെ എന്നിവയുടെ പ്രകാശനവും നടന്നു കഴിഞ്ഞു.  ഒരു വര്‍ഷത്തിനിടയില്‍ അഞ്ച് പുസ്തകങ്ങള്‍ കൂടി പരിഭാഷപ്പെടുത്തണമെന്നാണ് ആഗ്രഹിക്കുന്നത്. ഇപ്പോള്‍ ഇംഗ്ലീഷ് ഭാഷയിലേക്കാണ് പരിഭാഷപ്പെടുത്തിയിട്ടുള്ളത്. മറ്റ് ഭാഷകളില്‍ കൂടി പുസ്തകം പരിഭാഷപ്പെടുത്തണമെന്ന് താല്‍പ്പര്യമുണ്ട്. മലയാള സര്‍വകലാശാലയില്‍ ഈ വര്‍ഷം മുതല്‍ നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദി പ്രഭാഷണം സംഘടിപ്പിക്കും. ജൂലൈയില്‍ കോഴിക്കോട് നടക്കുന്ന പരിപാടിയില്‍ പ്രൊഫ. സതീഷ് ദേശ് പാണ്‌ഡെയാണ് പ്രഭാഷണം നടത്തുക. എടയ്ക്കല്‍ ഗുഹയെ കുറിച്ച് സമഗ്രമായ പഠനം നടത്തുന്നതിനായി ജൂണ്‍ 28, 29 തിയതികളില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ ദേശീയ സമ്മേളനം സംഘടിപ്പിക്കും.

മലയാളത്തിന്റെ ഉപയോഗം വിദ്യാഭ്യാസ മേഖലയിലും ഭരണ തലത്തിലും വ്യാപകമാക്കാനുള്ള സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയമവും നയവും വലിയ കാല്‍വെയ്പ്പാണ്. ഈ സാഹചര്യത്തില്‍ സര്‍വകലാശാലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാതൃഭാഷാ സംഗമത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും വി സി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ മിനി കൃഷ്ണനും പങ്കെടുത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*