സംസ്ഥാനത്തെ ആദ്യ പഞ്ചിംഗ് നഗരസഭയായി കോട്ടയം!!

കോട്ടയം നഗരസഭയിലെ ജീവനക്കാര്‍ക്ക് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് ആദ്യമായി ഒരു നഗരസഭ പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നത് ഇവിടെയാണ്. നഗരസഭയുടെ പ്രധാന ഓഫീസിലും മൂന്നു സോണല്‍ ഓഫീസുകളിലും ആരോഗ്യ വിഭാഗത്തിന്റെ രണ്ട് ഓഫീസുകളിലുമാണ് കഴിഞ്ഞ ദിവസം മുതല്‍ പഞ്ചിംഗ് ഏര്‍പ്പെടുത്തിയത്. ലോകബാങ്ക് ഫണ്ട് ഉപയോഗിച്ച് നഗരസഭയില്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഓഫീസിലെ വിവിധ സെക്ഷനുകളിലടക്കം ഒമ്പതിടത്ത് പഞ്ചിംഗ് യന്ത്രം സ്ഥാപിച്ചത്. നഗരസഭ കാര്യാലയത്തിലും മൂന്നും സോണല്‍ ഓഫീസുകളായ നാട്ടകം, കുമാരനല്ലൂര്‍, തിരുവാതുക്കല്‍ എന്നിവിടങ്ങളിലും ഓരോയന്ത്രം വീതവും ആരോഗ്യവിഭാഗത്തിന്റെ കഞ്ഞിക്കുഴിയിലെയും മാര്‍ക്കറ്റിലെയും ഓഫീസില്‍ ഓരോയന്ത്രം വീതമാണ് സ്ഥാപിച്ചിട്ടുള്ളത്. ലോക ബാങ്കിന്റെ ഫണ്ട് ഉപയോഗിച്ച് നഗരസഭയിലെ ഓഫീസുകള്‍ നേരത്തെ കാബിനുകള്‍ തിരിച്ച് നവീകരിച്ചിരുന്നു. ഇതില്‍നിന്നും 1.79 ലക്ഷം ഉപയോഗിച്ചാണ് പുതിയ പഞ്ചിംഗ് സംവിധാനം നടപ്പാക്കിയത്. നഗരസഭ ഓപ്പണ്‍ ടെന്‍ഡര്‍ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യകമ്പനിയാണ് പഞ്ചിംഗ് യന്ത്രം ഘടിപ്പിച്ചത്. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് ഓഫീസ് സമയം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 10നുശേഷം പത്തുമിനിറ്റ് ഗ്രെയ്‌സ് പീരിഡായി അനുവദിച്ചിട്ടുണ്ട്. എന്തെങ്കിലും കാരണവശാല്‍ ജീവനക്കാര്‍ വൈകിയെത്തിയാല്‍ ഇവര്‍ക്കു അധികസമയത്തിനുള്ളില്‍ പഞ്ച് ചെയ്താല്‍ മതിയാവും. എന്നാല്‍, തുടര്‍ച്ചയായി മൂന്നു ദിവസം ഗ്രെയ്‌സ് പീരിഡില്‍ പഞ്ച് ചെയ്താല്‍ അവധിയായി കണക്കാക്കും. നഗരസഭ ചെയര്‍മാനും സെക്രട്ടറിക്കും ചുമതലയിലുള്ള ഉദ്യോഗസ്ഥനും പരിശോധിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് പഞ്ചിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനം.

ഉദ്യോഗസ്ഥരും ജീവനക്കാരും എപ്പോള്‍ വരുന്നു എപ്പോള്‍ പോകുന്നു സീറ്റിലുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ മേലുദ്യോഗസ്ഥര്‍ക്ക് ഓഫീസിലിരുന്ന് തത്സമയം പരിശോധിക്കാന്‍ കഴിയും. നഗരസഭയിലെ കരാര്‍ ജീവനക്കാര്‍ അടക്കമുള്ള 149 തൊഴിലാളികള്‍ പഞ്ചിംഗിന്റെ പരിധിയില്‍ വരും. താല്‍ക്കാലിക ജീവനക്കാരെ പഞ്ചിംഗ് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി നഗരസഭയിലെ ഉദ്യോഗസ്ഥരുടെ യോഗം നഗരസഭ അധ്യക്ഷ ഡോ.പി.ആര്‍ സോനയുടെയും ഉപാധ്യക്ഷ ജാന്‍സി ജേക്കബിന്റെയും നേതൃത്വത്തില്‍ നടന്നിരുന്നു. ഈ യോഗത്തില്‍ പഞ്ചിംഗ് ഏര്‍പ്പെടുത്തുന്നതിനു മുന്നോടിയായി ഉദ്യോഗസ്ഥര്‍ക്ക് സ്വയം നിയന്ത്രണത്തിനുള്ള അവസരവും നല്‍കിയിരുന്നു. ഈ നിയന്ത്രണം ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹാജര്‍ പൂര്‍ണമായും വിരല്‍തുമ്പിലേക്ക് വഴിമാറിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*