കലാഭവന്‍ മണിയുടെ മരണം അസ്വാഭാവികമെന്ന് സിബിഐ; ആരുടെയും പേര് പരാമര്‍ശിക്കാതെ..

കലാഭവൻ മണിയുടെ മരണം അസ്വാഭാവികമെന്ന് സിബിഐ എഫ്ഐആർ. . അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെങ്കിലും രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ ആരുടെയും പേര് പരാമർശിച്ചിട്ടില്ല. എറണാകുളം സിജെഎം കോടതിയിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു. പൊലീസ് കൈമാറിയ 2229 പേജുള്ള കേസ് ഡയറി പരിശോധിച്ച ശേഷമാണ് സിബിഐ എഫ്‌ഐആർ തയാറാക്കിയിരിക്കുന്നത്. മണിയുടെ മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടം വീഡിയോയും സുഹൃത്തുകളെ ചോദ്യം ചെയ്ത വീഡിയോയും സിബിഐ പരിശോധിച്ചിരുന്നു. മണിയുടെ മരണം സംബന്ധിച്ച് ദുരൂഹതകളുണ്ടെന്നും ഫോറൻസിക് റിപ്പോർട്ടിൽ വൈരുദ്ധ്യമുണ്ടെന്നും ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ കുടുംബമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഒരുമാസത്തിനകം അന്വേഷണം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി വിധിക്കുകയും ചെയ്തു. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം കേസ് ഡയറി അടക്കമുള്ളവ സിബിഐ ചാലക്കുടി പൊലീസിൽനിന്ന് ഏറ്റുവാങ്ങിയതും എഫ്‌ഐആർ രജിസ്റ്റർ ചെയ്തതും.

2016 മാർച്ച് ആറാം തീയ്യതി കൊച്ചിയിലെ ആശുപത്രിയിൽ വച്ചാണ് കലാഭവൻ മണി മരിച്ചത്. ചാലക്കുടി പുഴയോരത്തെ മണിയുടെ വിശ്രമകേന്ദ്രമായ പാഡിയിൽ അബോധാവസ്ഥയിലാണ് മണിയെ സുഹൃത്തുക്കളും സഹായികളും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടക്കം മുതൽ തന്നെ മണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലപാടിയിലായിരുന്നു ബന്ധുക്കൾ.മണിയുടെ ശരീരത്തിൽ കീടനാശിനിയുടെയും വ്യാജമദ്യത്തിന്റെയും സാന്നിധ്യം കണ്ടെത്തിയതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾക്കും സഹായികൾക്കുമെതിരെ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ സംശയവും ഉന്നയിച്ചിരുന്നു. എന്നാൽ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന നിലപാടിലായിരുന്നു പൊലീസ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*