കാറുകളുടെ വില ഏഴ് ലക്ഷം രൂപ വരെ കുറച്ച്‌ മെര്‍സിഡീസ് ബെന്‍സ്!!

ആഢംബര കാര്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് കാറുകളുടെ വില കുത്തനെ കുറച്ചു. പുതുക്കിയ ജിഎസ്ടി നിരക്കുകളടെ പശ്ചാത്തലത്തില്‍ ഏഴ് ലക്ഷം രൂപ വരെയാണ് മോഡലുകളില്‍ മെര്‍സിഡീസ് ബെന്‍സ് കുറച്ചിരിക്കുന്നത്. മെര്‍സിഡീസ് ബെന്‍സിന്റെ ആഭ്യന്തര മോഡലുകള്‍ക്ക് മാത്രമാണ് വില കുറയുന്നത്. സിഎല്‍എ, ജിഎല്‍എ, സിക്ലാസ്, ഇക്ലാസ്, എസ്‌ക്ലാസ്, ജിഎല്‍സി, ജിഎല്‍ഇ, ജിഎല്‍എസ് ഉള്‍പ്പെടുന്ന ഒമ്പത് ആഭ്യന്തര മോഡലുകളുടെ വിലയാണ് കമ്പനി കുറയ്ക്കുന്നത്. ഇതിന് പുറമെ, മെര്‍സിഡീസ് ബെന്‍സ് എസ് 500 മോഡലിനും വില കുറയും. നിലവില്‍ 32 ലക്ഷം രൂപ മുതല്‍ 1.87 കോടി രൂപ വരെയാണ് മോഡലുകളുടെ വില (ഡല്‍ഹി എക്‌സ്‌ഷോറൂം വില). 1.5 ലക്ഷം രൂപ മുതല്‍ 7.5 ലക്ഷം രൂപ വരെയാണ് വിലക്കുറവ് രേഖപ്പെടുത്തുക. ജൂലായ് ഒന്ന് മുതലാണ് ജിഎസ്ടി നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. എന്നാല്‍ മെയ് 26 മുതല്‍ കാറുകളുടെ വില കുറയ്ക്കാനാണ് മെര്‍സിഡീസ് ബെന്‍സ് തീരുമാനിച്ചിരിക്കുന്നത്.

ജിഎസ്ടി മുമ്പ് തന്നെ പുതിയ നികുതി നിരക്കുകളുടെ ആനുകൂല്യം ഉപഭോക്താക്കളില്‍ എത്തിക്കാനാണ് മെര്‍സിഡീസ് ബെന്‍സ് താത്പര്യപ്പെടുന്നതെന്ന് മെര്‍സിഡീസ് ബെന്‍സ് ഇന്ത്യ സിഇഒ റാളന്‍ഡ് ഫോള്‍ഗര്‍ പറഞ്ഞു. മെര്‍സിഡീസ് ബെന്‍സിന്റെ ആഭ്യന്തര മോഡലുകളില്‍ ശരാശരി നാല് ശതമാനത്തിന്റെ വിലക്കുറവാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയെന്ന് ഫോള്‍ഗര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, എന്തെങ്കിലും കാരണവശാല്‍ ജുലായ് ഒന്നിന് ജിഎസ്ടി പ്രാബല്യത്തില്‍ വന്നില്ലായെങ്കില്‍ നിരക്കുകള്‍ പഴയപടിയായി പുന:സ്ഥാപിക്കുമെന്നും ഫോള്‍ഗര്‍ വ്യക്തമാക്കി. ജിഎസ്ടി നിരക്കുകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ആഢംബര കാര്‍ വിപണി കുതിക്കുമെന്നാണ് കരുതപ്പെടുന്നത്. 1.25 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ് വിവിധ ശ്രേണികളിലായി ആഢംബര കാറുകളുടെ വില കുറയുക. ഔഡി, ബിഎംഡബ്ല്യു, ജാഗ്വാര്‍, ലാന്‍ഡ് റോവര്‍ ഉള്‍പ്പെടുന്ന മറ്റ് നിര്‍മ്മാതാക്കളും സമാന നടപടികള്‍ സ്വീകരിക്കുമെന്നാണ് സൂചന.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*