വനിതകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതിനെതിരെ നാഗാലാന്‍ഡില്‍ പ്രക്ഷോഭം!

തദ്ദേശ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിനെതിരെ നാഗാലാന്‍ഡില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം അക്രമാസക്തം. തലസ്ഥാനമായ കൊഹിമയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സമരക്കാര്‍ അഗ്നിക്കിരയാക്കി. റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിനും എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിനും നേരെയും ആക്രമണമുണ്ടായി. കൊഹിമ മുന്‍സിപ്പല്‍ കൗണ്‍സില്‍ ഓഫീസിനും ജില്ലാ കളക്ടറുടെ ഓഫീസിനും തീവെച്ചു. റോഡില്‍ ടയറുകള്‍ കത്തിച്ചും മറ്റും ഗതാഗതതടസവും സൃഷ്ടിച്ചിരിക്കുകയാണ്. അതേസമയം, പ്രക്ഷോഭകാരികളെ നേരിടാന്‍ കേന്ദ്രസേനയെ നിയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തരവകുപ്പ് കേന്ദ്ര സേനയെ കൊഹിമയിലേക്ക് അയച്ചതായാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. കൊഹിമ, ദിമാപുര്‍ ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദിമാപുരിലെ മുനിസിപ്പല്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ വനിതകള്‍ക്ക് സംവരണം നല്‍കുന്നതിനെതിരെ സംയുക്ത കോഓഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത ബന്ദാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. സ്ത്രീകളുടെ സംവരണം ഇഷ്ടപ്പെടാത്ത നാഗാ ഗോത്രങ്ങളാണ് പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുള്ളത്. ഭരണഘടനാ പ്രകാരം നാഗാ ഗോത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അവകാശങ്ങളുടെ ലംഘനമാണ് സ്ത്രീ സംവരണമെന്നും അവര്‍ വാദിക്കുന്നു. ചൊവ്വാഴ്ച്ച പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പ്രക്ഷോഭകാരികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ വീടിന് നേരെ കല്ലെറിഞ്ഞ ജനക്കൂട്ടത്തിന് നേരെയാണ് പൊലീസ് വെടിവെച്ചത്. മുഖ്യമന്ത്രി സെലിയാംഗ്, രാജി വയ്ക്കണമെന്ന ആവശ്യവും തള്ളിയതോടെ പ്രക്ഷോഭകാരികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിസഭാ അംഗങ്ങളും സെക്രട്ടറിയേറ്റിനുള്ളില്‍ ഉണ്ടെന്നാണ് വിവരം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*