നിവിന്‍ പോളിയുടെ സ്വപ്നം പൂവണിയുന്നു..!

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് മലയാള സിനിമയായ ‘1983’ കാണണം. അതും ചുമ്മാതങ്ങ് കണ്ടാല്‍ പോര, ചിത്രത്തിലെ നായകനും മലയാളത്തിലെ യൂത്ത് സ്റ്റാറുമായ നിവിന്‍ പോളിക്കൊപ്പമിരുന്നാണ് സച്ചിന്‍ സിനിമ കാണാന്‍ പോകുന്നത്. കോഴിക്കോട് റേഡിയോ മാംഗോയും, ആര്‍ ജെ ലിഷ്ണയും ചേര്‍ന്നാണ് സച്ചിനും നിവിനും ഒന്നിച്ച്‌ ക്രിക്കറ്റിനെക്കുറിച്ചുള്ള സിനിമയായ ‘1983’ കാണാന്‍ അവസരമൊരുക്കിയത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ‘1983’ എന്ന സിനിമ രമേശന്‍ എന്ന ക്രിക്കറ്റ് ഭ്രാന്തന്റെ കഥയാണ് പറഞ്ഞത്. രമേശനായി അഭിനയിച്ചതാകട്ടെ നിവിന്‍ പോളിയും. നിവിന്‍ പോളിക്ക് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ചിത്രവുമായിരുന്നു ഇത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നട്ടെല്ലായ സച്ചിന്‍ ചിത്രത്തില്‍ പലതവണ പരാമര്‍ശിക്കപ്പെടുന്നുമുണ്ട്. സച്ചിന്റെ കടുത്ത ആരാധകനുമാണ് നായകനായ രമേശന്‍. ഈ ചിത്രം സച്ചിനെ കാണിക്കുക എന്നത് വലിയ ആഗ്രഹമാണെന്ന് നിവിന്‍ മുമ്ബ് പറഞ്ഞിരുന്നു. ഇപ്പോഴിതാ റേഡിയോ മാംഗോ സംഘടിപ്പിച്ച പരിപാടിയിലൂടെ ആര്‍ ജെ ലിഷ്ണ, സച്ചിന്‍ നിവിനൊപ്പം ‘1983’ കാണാന്‍ പോകുന്നു എന്ന വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ്. സച്ചിന്‍ ഉടമയായ ഐഎസ്‌എല്‍ ഫുട്ബോള്‍ ടീം കേരളാ ബ്ലാസ്റ്റേഴ്സിന്റെ ബ്രാന്‍ഡ് അംബാസഡറാണ് നിവിന്‍ പോളി. മത്സരത്തിനിടെ ഇരുവര്‍ക്കും അടുത്ത് ഇടപഴകാന്‍ അവസരം ലഭിച്ചിരുന്നു. ചിത്രത്തിന്റെ ഡിവിഡി നിവിന്‍ സച്ചിന് നല്‍കിയരുന്നെങ്കിലും അദ്ദേഹത്തിന് ഇതുവരെ ചിത്രം കാണാന്‍ സമയം കിട്ടിയിരുന്നില്ല. ഇതിനിടെയാണ് നിവിനെ സര്‍പ്രൈസ് ആക്കിക്കൊണ്ട് ആര്‍ ജെ ലിഷ്ണ, സച്ചിന്‍ ഒപ്പമിരുന്ന് സിനിമ കാണാന്‍ പോകുന്ന കാര്യം പുറത്തുവിട്ടത്. നിവിനൊപ്പം താന്‍ ‘1983’ കാണാന്‍ പോകുകയാണെന്ന് സച്ചിന്‍ പറയുന്ന ഓഡിയോ ക്ലിപ്പ് റേഡിയോ മാംഗോയില്‍ ലിഷ്ണ നിവിനെ കേള്‍പ്പിച്ചു. ‘ഞാന്‍ സുഹൃത്തായ നിവിനൊപ്പം സംസാരിക്കുകയായിരുന്നു. അപ്പോഴാണ് അദ്ദേഹം മലയാളത്തില്‍ ക്രിക്കറ്റിനെക്കുറിച്ച്‌ ‘1983’ എന്നൊരു സിനിമയുണ്ടെന്നു പറഞ്ഞത്. ഞാന്‍ ആ സിനിമ കണ്ടിട്ടില്ല. എനിക്ക് അദ്ദേഹത്തിനൊപ്പം ഇരുന്നുതന്നെ ഈ സിനിമ കാണണം. സബ്ടൈറ്റിലോടെ തന്നെ,’ എന്നാണ് സച്ചിന്‍ പറഞ്ഞ വാക്കുകള്‍. ത്രില്ലടിച്ച നിവിന്‍ സച്ചിനൊപ്പമിരുന്ന് സിനിമ കാണാനുള്ള ദിവസവും കാത്തിരിപ്പാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*