കമലിന്‍റെ സിനിമ; സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ ആക്രമണം; മറുപടിയുമായി മഞ്ജു.!

മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമായി സംവിധായകന്‍ കമല്‍ ചിത്രീകരിക്കുന്ന ആമിയെന്ന ചിത്രത്തില്‍ നായികയാകുന്ന മഞ്ജു വാര്യര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ ആക്രമണം. സംഘപരിവാര്‍ അനുകൂലികളാണ് മഞ്ജുവിനെതിരെ സൈബര്‍ ലോകത്ത് ആക്രമണം നടത്തുന്നത്. വിദ്യാ ബാലന്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറിയതടക്കം ചൂണ്ടിക്കാട്ടി ഉപദേശവും താക്കീതും അസഭ്യ വര്‍ഷവുമായി ഇക്കൂട്ടര്‍ വരംഗത്തെത്തി. മഞ്ജു പ്രധാനകഥാപാത്രമായി എത്തുന്ന ‘കെയര്‍ ഓഫ് സൈറാ ബാനു’ എന്ന ചിത്രത്തിലെ തട്ടമിട്ടുകൊണ്ടുള്ള ചിത്രം മഞ്ജു ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രമാക്കിയിരുന്നു. ഇതില്‍ അസഭ്യവും താക്കീതും നിറഞ്ഞ കമന്റുകളുമായി സംഘപരിവാറുകാര്‍ മഞ്ജുവിന് നേര്‍വഴി കാട്ടാന്‍ നിറഞ്ഞാടുകയാണ്. ഇതിന് മഞ്ജു മറുപടിയും നല്‍കി.

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ‘ആമി’ എന്ന സിനിമയില്‍ മാധവിക്കുട്ടിയായി അഭിനയിക്കാനൊരുങ്ങുകയാണ്. ഇതിനകം ഈ ചിത്രത്തെച്ചൊല്ലി ധാരാളം വാദപ്രതിവാദങ്ങളും പ്രചാരണങ്ങളും ഉയര്‍ന്നതുകൊണ്ട് ഒരു കാര്യം വ്യക്തമാക്കട്ടെ. ഞാന്‍ ഇതില്‍ അഭിനയിക്കുന്നത് എന്റെ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായിട്ടല്ല. ചിത്രത്തിന്റെ സംവിധായകന്‍ കമല്‍സാറിനെ ചുറ്റിയുളള രാഷ്ട്രീയചര്‍ച്ചകളിലെ പക്ഷംചേരലായി ഇതിനെ വ്യാഖ്യാനിക്കുകയുമരുത്. കമല്‍ സാര്‍ എനിക്ക് ഗുരുതുല്യനാണ്. അദ്ദേഹത്തിന്റെ ‘ഈ പുഴയും കടന്നും’, ‘കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തും’ പോലെയുള്ള സിനിമകള്‍ എന്റെ അഭിനയജീവിതത്തിലെ എക്കാലത്തെയും വലിയ ഭാഗ്യങ്ങളാണ്. കമല്‍ സാറിന്റെ രാഷ്ട്രീയമല്ല, അദ്ദേഹത്തിലെ കലാകാരനോടുള്ള ആദരവും ഇരുപതുവര്‍ഷത്തിനുശേഷം ഒപ്പം പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയതിലുള്ള ആവേശവുമാണ് ഇപ്പോള്‍ ഉള്ളില്‍. ഭാരതത്തില്‍ ജനിച്ച ഏതൊരാളെയും പോലെ ‘എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയം’. മറ്റൊന്ന് കൂടി. എന്നും രണ്ടുനേരം അമ്ബലത്തില്‍ ദീപാരാധന തൊഴുന്നയാളാണ് ഞാന്‍. അതേപോലെ പള്ളിക്കും മസ്ജിദിനും മുന്നിലെത്തുമ്ബോള്‍ പ്രണമിക്കുകയും ചെയ്യുന്നു.

മാധവിക്കുട്ടിയെന്ന എഴുത്തുകാരി ഒരു ഇതിഹാസമാണ്. അവരെ വെളളിത്തിരയില്‍ അവതരിപ്പിക്കാനുള്ള അവസരം ഏതൊരു അഭിനേത്രിയേയും പോലെ എന്നെയും കൊതിപ്പിക്കുന്നു. ദയവായി ആമിയെ ഒരു സിനിമയായും എന്റേത് അതിലെ ഒരു കഥാപാത്രമായും മാത്രം കാണുക. സിനിമ ഒരു കലാരൂപമാണ്. അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പല ആശയസംഹിതകളും രാഷ്ട്രീയനിലപാടുകളുമുണ്ടാകാം. അവര്‍ അത് മറന്ന് ഒരേ മനസോടെയും നിറത്തോടെയും പ്രവര്‍ത്തിക്കുന്നത് നല്ലൊരുസിനിമ സൃഷ്ടിക്കാനാണ്. ‘ആമി’യിലും അതുതന്നെയാണ് സംഭവിക്കുക. ഇല്ലാത്ത അര്‍ഥതലങ്ങള്‍ നല്‍കി വിവാദമുണ്ടാക്കുന്നവര്‍ ഉദ്ദേശിക്കുന്നത് മറ്റുപലതുമാണ്. അത് തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈ സിനിമ ഓരോ മലയാളിയുടെയും അഭിമാനമായി മാറുമെന്നും ഇത് ലോകസിനിമയ്ക്കുള്ള മലയാളത്തിന്റെ ഐതിഹാസികമായ സമര്‍പ്പണമാകുമെന്നുമാണ് വിശ്വാസം.  അതുകൊണ്ട് പ്രിയപ്പെട്ടവരേ…എന്നെ മുന്‍നിര്‍ത്തി ചേരിതിരിഞ്ഞുള്ള വിവാദ ചര്‍ച്ചകള്‍ക്കു പകരം ഈ നല്ല സിനിമക്കായി ഒരുമിച്ചു നില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഈ വലിയ വേഷം ഏറ്റെടുക്കുമ്ബോള്‍ നിങ്ങളുടെ പിന്തുണമാത്രമാണ് കരുത്ത്. കൂടെയുണ്ടാകണം..

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*