ഭാര്യയെ പ്രതിയാക്കിയതില്‍ പ്രതിഷേധിച്ച്‌ മരത്തിന് മുകളില്‍ കയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി

ഭാര്യയെ കേസില്‍ പ്രതിയാക്കിയതില്‍ പ്രതിഷേധിച്ച്‌ മരത്തിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. മ്രാല സ്വദേശി താഴാനിയില്‍ സന്തോഷാണ് മലങ്കര ഫാക്ടറിക്കു സമീപത്തെ തേക്ക് മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. അയല്‍വാസിയായ യുവതി തന്റെ ഭാര്യക്കെതിരെ കള്ളക്കേസ് കൊടുത്തുവെന്നും അത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഭീഷണി. തേക്ക് മരത്തിന്റെ 40 അടിയോളം ഉയരത്തിലെത്തിയ ശേഷം മരത്തില്‍ സാരി ഉപയോഗിച്ച്‌ കുരുക്ക് ഇട്ട് കയ്യില്‍ പെട്രോള്‍ നിറച്ച കുപ്പിയും സിഗററ്റ് ലൈറ്ററും എടുത്താണ് ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ഒരു മണിക്കൂറിലേറെ ഇയാള്‍ മരത്തിനു മുകളിലിരുന്നു. പിന്നീട് വിവരം അറിഞ്ഞ് തൊടുപുഴ തഹസില്‍ദാര്‍ സോമനാഥന്‍ നായര്‍, മുട്ടം എസ്.ഐ: ഷൈന്‍, കാഞ്ഞാര്‍ സിഐ: മാത്യു ജോര്‍ജ് എന്നിവരെത്തി കേസു പിന്‍വലിക്കാമെന്ന ഉറപ്പില്‍ സന്തോഷിനെ അനുനയിപ്പിച്ച്‌ താഴെയിറക്കുകയായിരുന്നു. സന്തോഷിന്റെ കുടുംബവും കള്ളക്കേസ് കൊടുത്ത യുവതിയുടെ കുടുംബവും മലങ്കര ഫാക്ടറിയുടെ പാടിയില്‍ അടുത്തടുത്ത മുറികളിലാണ് താമസിക്കുന്നത്. അയല്‍വാസിയുമായി പ്രശ്നം നിലനില്‍ക്കുന്നതിനാല്‍ തങ്ങളില്‍ ആരെയെങ്കിലും മാറ്റി താമസിപ്പിക്കണമെന്ന് ഫാക്ടറി അധികൃതരോട് സന്തോഷ് പറഞ്ഞിരുന്നു. എന്നാല്‍ അവരുടെ ഭാഗത്ത് നിന്നും അനുകൂല നടപടി ഉണ്ടായില്ലെന്ന് സന്തോഷ് പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*