പാരിസില്‍ ബാഴ്സലോണയെ പി എസ് ജി തകര്‍ത്തുവിട്ടു..!

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ബാഴ്‌സലോണ തകര്‍ന്ന് തരിപ്പണം. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെയിന്റ് ജെര്‍മെയ്ന്‍ സ്പാനിഷ് കരുത്തരെ കെട്ടുകെട്ടിച്ചത്. മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്ക 1-0ന് ജര്‍മനിയുടെ ബൊറുസിയ ഡോട്മുണ്ടിനെ തോല്‍പ്പിച്ചു. മാര്‍ച്ച് എട്ടിന് റിട്ടേണ്‍ ലെഗ്. പാരിസില്‍ സന്ദര്‍ശക ടീമായ ബാഴ്‌സക്ക് ഒരവസരം പോലും നല്‍കാതെയാണ് പി എസ് ജി കളിച്ചത്. മുഴുവന്‍ സമയവും ആക്രമിച്ചു കളിച്ച പി എസ് ജി ആദ്യ പകുതിയില്‍ തന്നെ 2-0ന് ലീഡെടുത്തു. അര്‍ജന്റൈന്‍ വിംഗര്‍ ഏഞ്ചല്‍ ഡി മാരിയ പതിനെട്ടാം മിനുട്ടിലും അമ്പത്തഞ്ചാം മിനുട്ടിലും ഗോളുകള്‍ നേടി ബാഴ്‌സയുടെ അന്തകനായി. നാല്‍പതാം മിനുട്ടില്‍ ജര്‍മന്‍ സ്‌ട്രൈക്കര്‍ ജൂലിയന്‍ ഡ്രാക്സ്ലര്‍, എഴുപത്തൊന്നാം മിനുട്ടില്‍ എഡിന്‍സന്‍ കവാനി എന്നിവരും പി എസ് ജിക്കായി വല കുലുക്കി. മാര്‍ച്ച് എട്ടിന് ഹോംഗ്രൗണ്ടില്‍ നടക്കുന്ന റിട്ടേണ്‍ ലെഗില്‍ നാല് ഗോളുകള്‍ തിരിച്ചടിച്ചാലേ ബാഴ്‌സക്ക് രക്ഷയുള്ളൂ. ആദ്യ പാദത്തില്‍ നാല് ഗോളുകള്‍ വഴങ്ങിയ ശേഷം ഒരു ടീം തിരിച്ചുവരവ് നടത്തിയ ചരിത്രം ചാമ്പ്യന്‍സ് ലീഗില്‍ ഇല്ല. ഒരു ദശകത്തിനിടെ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ ബാഴ്‌സലോണ പുറത്താകുമെന്ന ഘട്ടത്തിലാണ്.

ലയണല്‍ മെസി-ലൂയിസ് സുവാരസ്-നെയ്മര്‍ ത്രയം പി എസ് ജിയുടെ ഗെയിം പ്ലാനിന് മുന്നില്‍ നിഷ്പ്രഭമമായി. മെസിയിലേക്ക് പന്തെത്താതെ നോക്കിയ എതിരാളികള്‍ നെയ്മറിനെ കടുത്ത ടാക്ലിംഗില്‍ ഒതുക്കി. സുവാരസ് പലപ്പോഴും മുന്നേറ്റനിരയില്‍ പന്തില്ലാതെ കാഴ്ചക്കാരനായി. ഇനിയെസ്റ്റക്ക് പാസുകള്‍ മുഴുമിപ്പിക്കാനുള്ള സാവകാശം പോലും നല്‍കിയില്ല പി എസ് ജിയുടെ മധ്യനിര. അതിവേഗത്തിലുള്ള നീക്കങ്ങളായിരുന്നു കോച്ച് ഉനയ് എമെറി കാറ്റലന്‍ ക്ലബ്ബിനെ ഒതുക്കാന്‍ ഒരുക്കിയ തന്ത്രം. ഏഞ്ചല്‍ ഡി മാരിയ ലഭിച്ച അവസരങ്ങള്‍ മുതലെടുത്ത് മത്സരത്തിലെ മികച്ച ഫിനിഷറായി മാറുന്ന കാഴ്ചയായിരുന്നു. പതിനെട്ടാം മിനുട്ടില്‍ മത്സരത്തിലെ ആദ്യ ഫ്രീകിക്ക് തന്നെ ഡി മാരിയ മഴവില്‍ പോലെ വലയില്‍ കയറ്റി. രണ്ടാം പകുതിയില്‍ ബോക്‌സിന് പുറത്ത് വെച്ച് മരിയ നേടിയ ഗോള്‍ പ്രതിഭാസ്പര്‍ശമുള്ളതായിരുന്നു. പി എസ് ജിയുടെ അര്‍ജന്റീന താരം തകര്‍ത്താടുമ്പോള്‍ ബാഴ്‌സയുടെ അര്‍ജന്റൈന്‍ ഇതിഹാസം മെസി കളി മറന്ന് നില്‍ക്കുകയായിരുന്നു. ഫ്രീകിക്ക് വലയിലെത്തിക്കുന്നതിലും മെസി പരാജയപ്പെട്ടു. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ മെസി പത്ത് ഗോളുകള്‍ നേടിയിട്ടുണ്ട്. ഡി മാരിയയുടെ ഗോള്‍ നേട്ടം എട്ടിലേക്ക് ഉയര്‍ന്നു. മികച്ച അറ്റാക്കിംഗ് ആയിരുന്നു പി എസ് ജി നടത്തിയത്. എന്നാല്‍ അതിനൊത്ത ഫിനിഷിംഗ് അല്ലായിരുന്നു അവരുടേത്. ജൂലിയന്‍ ഡ്രാസ്‌ക്ലര്‍ പലപ്പോഴും സെല്‍ഫിഷ് ഗെയിം പുറത്തെടുത്തു. കവാനി ഇതില്‍ അസംതൃപ്തനായിരുന്നു. കുറേക്കൂടി വലിയ മാര്‍ജിനില്‍ ജയിക്കാനുള്ള അവസരം പി എസ് ജിക്കുണ്ടായിരുന്നു.

ബാഴ്‌സയുടെ പ്രതിരോധം ആടിയുലഞ്ഞു. ഗോളുകള്‍ വഴങ്ങുന്നതിനനുസരിച്ച് ബാഴ്‌സ തീര്‍ത്തും ആത്മവിശ്വാസം നഷ്ടപ്പെട്ടവരായി. ഗ്രൂപ്പ് ഘട്ടത്തില്‍ ആറില്‍ അഞ്ച് കളിയും ജയിച്ച ബാഴ്‌സക്ക് ഒരിക്കല്‍ പോലും തലയെടുപ്പ് കാണിക്കാന്‍ സാധിച്ചില്ല. പി എസ് ജി പതിനാറ് തവണയാണ് ഷോട്ട് ഉതിര്‍ത്തത്. ഇതില്‍ പത്തും ബാഴ്‌സ ഗോള്‍ മുഖം വിറപ്പിക്കുന്നതായിരുന്നു. നെയ്മറായിരുന്നു ബാഴ്‌സ നിരയില്‍ കുറച്ചെങ്കിലും തിളങ്ങിയത്. പന്തുമായി കുതിച്ചു കയറി നെയ്മര്‍ ബോക്‌സിനകത്തേക്ക് കയറാതെ പി എസ് ജി പ്രതിരോധം തീര്‍ത്തു. ഒരു തവണ നെയ്മര്‍ക്ക് ബോക്‌സിനുള്ളില്‍ വോളി ചാന്‍സ് ലഭിച്ചെങ്കിലും അത് പാഴായി. മെസി ഗോളിലേക്ക് ഒരു ഷോട്ട് പായിച്ചില്ല. സുവാരസിനും സാധിച്ചില്ല. പ്രതിരോധം അത്ര മാത്രം ശക്തം. സെവിയ്യക്ക് 2014 മുതല്‍ തുടരെ മൂന്ന് യൂറോപ ലീഗ് കിരീടം നേടിക്കൊടുത്ത കോച്ചാണ് ഉനെയ് എമെറി. 2013 മുതല്‍ എല്ലാ സീസണിലും ഫ്രഞ്ച് ലീഗ് ചാമ്പ്യന്‍മാരായ പി എസ് ജി കഴിഞ്ഞ ജൂണിലാണ് എമെറിയെ കോച്ചായി നിയമിച്ചത്. യൂറോപ്പില്‍ ഒരു കിരീട ജയം എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമനം.

ബെന്‍ഫിക്കയുടെ വിജയഗോള്‍ രണ്ടാം പകുതിയില്‍ കോസ്റ്റാസ് മിട്രോഗ്ലു നേടി. സീസണില്‍ മിട്രോഗ്ലുവിന്റെ പതിനൊന്നാം ഗോള്‍. അതേ സമയം ചാമ്പ്യന്‍സ് ലീഗിലെ ആദ്യത്തേതും. ബൊറുസിയ ഡോട്മുണ്ട് സ്‌ട്രൈക്കര്‍ പിയറി ഒബമെയാംഗ് പെനാല്‍റ്റി പാഴാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*