ഹോട്ടലിലെ വെയ്റ്ററുടെ ഉപദേശം, സച്ചിന്‍ ബാറ്റിങ് മെച്ചപ്പെടുത്തി!

സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒരു ഇതിഹാസ താരമാണെന്നത് ആര്‍ക്കും തര്‍ക്കമില്ലാത്ത കാര്യമാണ്. ആയിരക്കണക്കിന് മനുഷ്യര്‍ക്ക് പ്രചോദനവും വഴികാട്ടിയുമാണ് ഇന്ത്യയുടെ ക്രിക്കറ്റ് ദൈവം. സച്ചിന്റെ ബാറ്റിങ് ടെക്ക്നിക്കും അച്ചടക്കവും വളര്‍ന്നു വരുന്ന ഓരോ ക്രിക്കറ്റ് താരങ്ങള്‍ക്കുമുള്ള പാഠമാണ്. ഇന്നത്തെ ബാറ്റിങ് സെന്‍സേഷനായ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വരെ സച്ചിന്റെ ഉപദേശം തേടിയവരില്‍ ഉള്‍പ്പെടും. എന്നാല്‍, ഒരു ഹോട്ടലിലെ വെയ്റ്ററുടെ ഉപദേശം സ്വീകരിച്ച സച്ചിന്‍ തെണ്ടുല്‍ക്കറെ ആര്‍ക്കെങ്കുലുമറിയുമോ? സച്ചിന്‍ തന്നെയാണ് ആ രഹസ്യം വെളിപ്പെടുത്തിയത്. ചെന്നൈയിലെ ഒരു മത്സരത്തിനിടെ ടീം താമസിക്കുന്ന ഹോട്ടലിലെ വെയ്റ്ററാണ് സച്ചിന് ബാറ്റിങ്ങിലെ മികവ് കൂട്ടാന്‍ ഉപദേശം നല്‍കിയത്. ആ ഉപദേശം സ്വീകരിച്ച സച്ചിന് പിന്നീട് നന്നായി ബാറ്റ് ചെയ്യാനുമായി. ”നിങ്ങള്‍ക്ക് ഒരു തുറന്ന മനസ്സുണ്ടെങ്കില്‍ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയും. നിങ്ങളുടെ കഴിവിനെ മികച്ചതാക്കാന്‍ പറ്റും”. ചെന്നൈയില്‍ വെച്ച്‌ ഹോട്ടലിലെ ഒരു വെയ്റ്ററാണ് എന്റെ കരിയറിലെ നിര്‍ണായകമായ ഒരു ഉപദേശം തന്നത്. നിങ്ങള്‍ക്ക് പ്രയാസമാകില്ലെങ്കില്‍ ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞ് അയാള്‍ എന്റെ അടുത്തെത്തി. ഞാന്‍ തടസ്സം നിന്നില്ല. എന്റെ ബാറ്റ് കൂടുതല്‍ സ്വിങ് ചെയ്യാത്തതിന് കാരണം എല്‍ബോ ഗ്വാര്‍ഡ്സ് (ബാറ്റ്സ്മാന്‍ കൈമുട്ടിന്റെ സുരക്ഷയ്ക്കുപയോഗിക്കുന്നത്) ആയിരുന്നു എന്നാണ് അയാള്‍ പറഞ്ഞത്. അത് 100% ശരിയായ നിരീക്ഷണമായിരുന്നു” സച്ചിന്‍ വ്യക്തമാക്കി. അയാളുടെ ഉപദേശം സ്വീകരിച്ച സച്ചിന്‍ തന്റെ എല്‍ബോ ഗ്വാര്‍ഡിന്റെ ഡിസൈന്‍ മാറ്റുകയാണ് ആദ്യം ചെയ്തത്. ”എനിക്ക് നേരത്തെ തന്നെ ബുദ്ധിമുട്ട് തോന്നിയിരുന്നു. എല്‍ബോ ഗ്വാര്‍ഡില്‍ പന്ത് തട്ടി പലപ്പോഴും എനിക്ക് വേദനിച്ചിട്ടുണ്ട്. എല്‍ബോ ഗ്വാര്‍ഡിലെ പാഡിങ് കുറവായതിനാലാണ് ഇത് സംഭവിച്ചതെന്ന് പിന്നീട് എനിക്ക് മനസ്സിലായി”സച്ചിന്‍ പറഞ്ഞു. പാന്‍വാല മുതല്‍ സി.ഇ.ഒ വരെ നമുക്ക് ഉപദേശം തരാനുണ്ടാകുമെങ്കിലും നമ്മള്‍ പ്രതീക്ഷിക്കാത്ത വ്യക്തികളുടെ ഉപദേശമാണ് പലപ്പോഴും ഉപകാരപ്രദമാകുകയെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*