Breaking News

മൂത്രമൊഴിച്ചതിന് പോലീന്‍റെ ക്രൂരത; ഹോട്ടലില്‍ നിന്നും വലിച്ചിറക്കി, റോഡിലിട്ട് തല്ലി ചതച്ചു!

പോലീസ് ക്വാര്‍ട്ടേര്‍സിന് മുന്നില്‍ മൂത്രമൊഴിച്ചെന്ന കാരണത്താല്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പോലീസ് തല്ലി ചതച്ചു. കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങവെയാണ് പ്ലസ് ടൂ വിദ്യാര്‍ഥിയെയും സഹോദരനെയും പോലീസ് ക്രൂരമായി മര്‍ദിച്ചത്. തിരൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറിസ്‌കൂള്‍ വിദ്യാര്‍ഥി തിരൂര്‍ മുത്തൂരിലെ അതുല്‍ ജിത്ത് (17) മാതൃസഹോദരീ പുത്രന്‍ അഭിലാഷ് (26) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. വയറിന് ചവിട്ടേറ്റ് ഗുരുതര പരിക്കേറ്റ അതുല്‍ജിത്തിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വ്യക്തമാക്കി അതുലിന്റെ അച്ഛന്‍ വിജയന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. ഇപ്പോഴും ആശുപത്രിയില്‍ കഴിയുകയാണ് അതുല്‍ജിത്ത്. കലോത്സവം സമാപിച്ച ജനുവരി 22ന് രാത്രി ഏഴരയ്ക്ക് കണ്ണുര്‍ റെയില്‍വേസ്‌റ്റേഷന്റെ കിഴക്കേകവാടത്തിലെ പോലീസ് സൊസൈറ്റി ഹാളിന്റെ താഴത്തെ നിലയിലുള്ള ‘ഗേറ്റ് വേ’ ഹോട്ടലിന് മുന്നിലാണ് സംഭവം. തിരൂരില്‍നിന്ന് പരിപാടിക്കെത്തിയ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ഭക്ഷണംകഴിക്കാന്‍ കയറിയതായിരുന്നു. അതുല്‍ജിത്തും അഭിലാഷും അപ്പുറം പോലീസ് ക്വാര്‍ട്ടേഴ്‌സാണെന്ന് അറിയാതെ തൊട്ടു മുന്നിലെ മതിലിനരികെ മൂത്രമൊഴിച്ചു. ക്വാര്‍ട്ടേഴ്‌സിന്റെ രണ്ടാം നിലയില്‍നിന്ന് ഒരു സ്ത്രീ അവരെ ശകാരിച്ചു. ‘ചേച്ചീ മൂത്രമൊഴിക്കാന്‍ തുടങ്ങി. ഇനി ഒഴിച്ചിട്ട് പോയ്‌ക്കോളാം’ എന്ന് ഇവര്‍ മറുപടി പറഞ്ഞു. അത് ഇഷ്ടപ്പെടാതെ നിങ്ങളെ കാണിച്ചുതരാം എന്ന് സ്ത്രീ ഭീഷണിപ്പെടുത്തുകയായിരുന്നു. അതുല്‍ജിത്തും അഭിലാഷും ഹോട്ടലില്‍ ചായ കുടിക്കാനിരിക്കുമ്പോഴേക്കും പോലീസ് ജീപ്പ് വന്നു. നാലു പോലീസുകാര്‍ ചാടിയിറങ്ങി. രണ്ടു പേരെയും ചൂണ്ടിക്കാണിക്കാന്‍ മതിലിനടുത്തേക്ക് ആ സ്ത്രീയുമെത്തിയിരുന്നു. ഭക്ഷണംകഴിച്ചുകൊണ്ടിരുന്ന ഇരുവരെയും വലിച്ച് റോഡിലിട്ട് തല്ലി. ചവിട്ടി വീഴ്ത്തി. നിലവിളിച്ചുകൊണ്ട് മറ്റുള്ളവര്‍ തടയാന്‍ ശ്രമിച്ചിട്ടും പോലീസുകാര്‍ പിന്‍മാറിയില്ല. റോഡില്‍ കുഴഞ്ഞുവീണ അതുല്‍ജിത്തിനെ വിവരമറിഞ്ഞെത്തിയ ജെയിംസ് മാത്യു എംഎല്‍എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെവി സുമേഷും എകെജി ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ പരാതി കൊടുക്കരുതെന്ന് പറയാന്‍ ഇതിനെല്ലാം വഴിയൊരുക്കിയ സ്ത്രീയും ആശുപത്രിയിലെത്തി. അടുത്ത ദിവസം തന്നെ അതുല്‍ജിത്തിന്റെയും അച്ഛന്‍ വിജയന്റെയും മൊഴി രേഖപ്പെടുത്തിയരുന്നു. എന്നാല്‍ ജനുവരി 23 ന് നടന്ന സംഭവത്തില്‍ കുറ്റക്കാരായ പോലീസുകാരുടെ പേരില്‍ ഇതുവരെ നടപടിയൊന്നുമെടുത്തില്ലെന്ന് അതുല്‍ജിത്തിന്റെ അച്ഛന്‍ വിജയന്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*