ജെല്ലിക്കെട്ട് രണ്ടു ദിവസത്തിനകം നടത്തുമെന്ന് മുഖ്യമന്ത്രി..!

 

 

 

 

ജെല്ലിക്കെട്ട് നിരോധനം മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഉടന്‍ പുറത്തിറക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം. നടപടികളുമായി മുന്നോട്ടുപോകുന്നതിന് കേന്ദ്രം പിന്തുണ അറിയിച്ചു. ഓര്‍ഡിനന്‍സ് ഇന്നോ നാളെയോ രാഷ്ട്രപതിക്കയയ്ക്കും. രണ്ടു ദിവസത്തിനകം ജെല്ലിക്കട്ട് നടത്തുമെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. എന്നാല്‍ നിരോധനം നീക്കിയതിനുശേഷം മാത്രമേ സമരം പിന്‍വലിക്കൂ എന്നാണ് സമരക്കാരുടെ നിലപാട്. അതേസമയം, ചെന്നൈ മറീന ബീച്ചില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിന്‍ അറസ്റ്റു വരിച്ചു. ചലച്ചിത്ര പ്രവര്‍ത്തകരും യുവാക്കളുമടക്കം ലക്ഷക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി ഒഴുകിയെത്തിയത്. എ.ആര്‍.റഹ്മാന്‍, കമലഹാസന്‍, രജനീകാന്ത്, ധനുഷ് തുടങ്ങിയവരും എത്തിയിട്ടുണ്ട്. പ്രശ്നപരിഹാരം തേടി തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്ന് മോദി വ്യക്തമാക്കിയിരുന്നു. സാംസ്കാരിക പ്രാധാന്യം ഉള്‍ക്കൊണ്ട്, തമിഴ്നാട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കു പിന്തുണ നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാമെന്ന് അറ്റോണി ജനറല്‍ മുകുള്‍ റോഹത്ഗി നിയമോപദേശം നല്‍കിയിരുന്നു. അതേസമയം, തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടിന് അനുമതി തേടി ലക്ഷക്കണക്കിനാളുകള്‍ തെരുവിലിറങ്ങിയ വിദ്യാര്‍ഥി-യുവജന പ്രക്ഷോഭം അതിശക്തമായി നാലാം ദിനത്തിലേക്കു കടന്നു. പിന്തുണയുമായി വ്യാപാരി, മോട്ടോര്‍ വാഹന, ബസ് തൊഴിലാളി സംഘടനകളും രംഗത്തെത്തിയതോടെ തമിഴകം ഇന്നു നിശ്ചലാവസ്ഥയിലേക്ക് നീങ്ങുകയാണ്. ഡിഎംകെ ട്രെയിനുകള്‍ തടയും. കേരളത്തിലേക്കുള്ള ഗതാഗതവും തടസ്സപ്പെടാം. പൊള്ളാച്ചിയില്‍ കേരളത്തിലേക്കുള്ള ബസുകള്‍ തടഞ്ഞു. സേലത്തു തടഞ്ഞിട്ട ട്രെയിനിനു മുകളില്‍ കയറിയ വിദ്യാര്‍ഥിക്കു വൈദ്യുതാഘാതമേറ്റു. ട്രെയിന്‍യാത്രക്കാരെ ഇറക്കിവിട്ടു. ട്രെയിനിന്റെ ഗ്ലാസുകളും ലൈറ്റും തകര്‍ത്തു.

 

സമരക്കാര്‍

തമിഴകത്തെ പഴയ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിനു സമാനമായ വിദ്യാര്‍ഥി- യുവജന മുന്നേറ്റം സംസ്ഥാന സര്‍ക്കാരിനോ പാര്‍ട്ടികള്‍ക്കോ നിയന്ത്രിക്കാനാകാത്ത വിധം വ്യാപിക്കുന്നു. സംസ്ഥാനത്തെങ്ങും കോളജ് വിദ്യാര്‍ഥികള്‍ തെരുവില്‍. ജെല്ലിക്കെട്ട് അനുവദിക്കാതെ പിന്‍മാറില്ലെന്നു പ്രഖ്യാപനം.

ഇന്ന് ബന്ദ്, ഉപവാസം

തമിഴ്നാട്ടില്‍ ഇന്നു കടകള്‍ അടച്ചിടുമെന്നു വ്യാപാരികളും വാഹനങ്ങള്‍ നിരത്തിലിറക്കില്ലെന്ന് ലോറി, ഓട്ടോ, വാന്‍ സംഘടനകളും വ്യക്തമാക്കി. മരുന്നുകടകളും തുറക്കില്ല. തിയറ്ററുകള്‍ അടച്ചിടും. ചലച്ചിത്ര താരങ്ങള്‍ ഉപവാസ സമരം നടത്തും. സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനും നിരാഹാരമിരിക്കും. അഭിഭാഷകര്‍ കോടതി ബഹിഷ്ക്കരിക്കും. സ്വകാര്യ സ്കൂളുകള്‍ പ്രവര്‍ത്തിക്കില്ല. ചില ജില്ലകളില്‍ പെട്രോള്‍ ബങ്കുകളും അടച്ചിടും. പുതുച്ചേരിയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഇന്നു ബന്ദ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*