കോഹ്ലിയുടെ റെക്കോര്‍ഡ് തകര്‍ത്ത ഈ താരത്തെ അറിയേണ്ടേ..?

ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്ലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് അഫ്ഗാനിസ്ഥാന്‍ താരം അഹമ്മദ് ഷെഹ്സാദ്. ഒരു ടി20 ടൂര്‍ണ്ണമെന്റില്‍ ഏറ്റവും അധികം അര്‍ധ സെഞ്ച്വറി നേടുന്ന താരം എന്ന റെക്കോര്‍ഡാണ് ഷെഹ്സാദ് സ്വന്തം പേരില്‍ കുറിച്ചത്. ഐസിസി അസോസിയേറ്റഡ് രാജ്യങ്ങളെ പങ്കെടുപ്പിച്ച്‌ കൊണ്ട് നടക്കുന്ന ഡസേര്‍ട്ട് ടി20യിലാണ് ഷെഹ്സാദ് ഈ നേട്ടം സ്വന്തമാക്കിയത്. നേരത്തെ ടി20 ലോകകപ്പില്‍ മൂന്ന് അര്‍ധ സെഞ്ച്വറി നേടിയ കൊഹ്ലിയുടെ റെക്കോര്‍ഡാണ് ഇതോടെ ഷെഹ്സാദ് തകര്‍ത്തത്. അയര്‍ലന്‍ഡിനെതിരെയും അര്‍ധ സെഞ്ച്വറി കണ്ടെത്തിയതോടെ ടൂര്‍ണ്ണമെന്റില്‍ ഷെഹ്സാദ് നേടുന്ന ഫിഫ്റ്റികളുടെ എണ്ണം നാലായി. അയര്‍ലന്‍ഡിനെതിരെ ഓപ്പണറായി ഇറങ്ങി പുറത്താകാതെ 52 റണ്‍സാണ് ഷെഹ്സാദ് നേടിയത്. 40 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്സും സഹിതമാണ് ഷെഹ്സാദിന്റെ ഇന്നിങ്സ്. ഷെഹ്സാദിന്റെ പ്രകടന മികവില്‍ അഫ്ഗാന്‍ പത്ത് വിക്കറ്റിന് അയര്‍ലന്‍ഡിനെ തോല്‍പിച്ചിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അയര്‍ലന്‍ഡ് 13.2 ഓവറില്‍ 71 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് നബിയാണ് അഫ്ഗാനായി തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ചത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാന്‍ വിക്കറ്റ് നഷ്ടപ്പെടാതെ വിജയലക്ഷ്യത്തിലെത്തുകയായിരുന്നു. ഷെഹ്സാദിനെ കൂടാതെ 17 റണ്‍സുമായി നവ്റോസ് മഗലും പുറത്താകാതെ നിന്നു. നേരത്തെ ഒമാനെതിരെയും ഷെഹ്സാദ് അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 80 റണ്‍സാണ് ഷെഹ്സാസ് കഴിഞ്ഞ മത്സരത്തില്‍ നേടിയത്. 60 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്സും സഹിതമായിരുന്നു ഷെഹ്സാദിന്റെ ഇന്നിങ്സ്. ഷെഹ്സാദിന്റെ പ്രകടന മികവില്‍ അഫ്ഗാന്‍ എട്ട് വിക്കറ്റിന് ഒമാനെയും തകര്‍ത്തിരുന്നു. ടൂര്‍ണ്ണമെന്റില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഷെഹ്സാദ് അഞ്ച് മത്സരങ്ങളില്‍ നിന്ന് അര്‍ധസെഞ്ച്വറികളുടെ മികവില്‍ മുന്നൂറോളം റണ്‍സ് നേടിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*