കൂട്ടുകാരന്‍റെ അമ്മക്കൊരു കത്ത്: യുവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് തരംഗമാകുന്നു!

 

 

 

 

 

കൂട്ടുകാരന്റെ അമ്മക്കൊരു കത്ത്, യുവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് തരംഗമാകുന്നു. സ്ത്രീ പീഡനങ്ങള്‍ക്കെതിരെ ആഷ്മി സോമന്‍ എന്ന യുവതി എഴുതിയ കത്താണ് സമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പുതുവല്‍സര രാവില്‍ ബങ്കളൂരു നഗരത്തില്‍ നടന്ന പീഡനക്കേസുമായി ബന്ധപ്പെട്ട് ഒരുപാട് പ്രതിഷേധങ്ങളും നിരവധി എതിര്‍പ്പുകളും വന്ന് കൊണ്ടിരിക്കുകയാണ്. ഇനി മേലില്‍ ഒരു പെണ്ണൂം ആണിന്റെ ബല പരീക്ഷണങ്ങള്‍ക്ക് അടിമപ്പെടരുതെന്നും പെണ്ണ് ഒരു വില്‍പന ചരക്കോ ലൈംഗിക ഉപകരണമോ അല്ലെന്നും എല്ലാ അമ്മമാരും സ്വന്തം ആണ്‍ മക്കളെ പറഞ്ഞ് മനസ്സിലാക്കണം എന്ന ഉദ്ദേഷത്തോടെയാണ് ആഷ്മി ഇത് എഴുതിയത്. കൂട്ടുകാരന്റ് അമ്മക്ക് എഴുതുന്നതായിട്ടാണ് ആഷ്മി കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
കത്തിന്‍റെ പൂര്‍ണ രൂപം വായിക്കാം;

അമ്മേ..

അമ്മക്ക് സുഖമെന്ന് കരുതുന്നു.അമ്മയുടെ മോനും സുഖം തന്നെ അല്ലേ…വളരെ കാലമായി പറയണം എന്ന് കരുതുന്ന ഒരു കാര്യം പറയാന്‍ ആണീ കത്ത് എഴുതുന്നത്..

കഴിഞ്ഞ പുതുവത്സര ദിനത്തില്‍ ഇന്ത്യയുടെ വലിയ സിറ്റികളില്‍ സ്ത്രീകള്‍ക്ക് നേരെ ഉണ്ടായ അതിക്രമങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ അമ്മ കണ്ടിട്ടുണ്ടാകുമല്ലോ.

എത്ര സ്ത്രീകള് ആണല്ലേ അമ്മേ ഇങ്ങനെ ആക്രമിക്കപ്പെടുന്നത് .. സ്ത്രീകളുടെ വസ്ത്രധാരണം കൊണ്ടാണ് ആക്രമങ്ങള്‍ നടക്കുന്നത് എന്ന് വാദിക്കുന്ന ആള്‍ക്കാര്‍ ആണമ്മേ കൂടുതലും. അപ്പോള്‍ രണ്ട് വയസ്സുള്ള നമ്മുടെ അമ്മുവിനെയും പിന്നെ അന്നൊരു ദിവസം പത്രത്തില്‍ കണ്ട മുത്തശ്ശിയെയും ഡ്രസ്സ് ശരിയല്ലാത്ത കൊണ്ടാണോ അവര് ഉപദ്രവിച്ചിട്ടുണ്ടാകുക..

ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്ബോള്‍ ആ ചേട്ടന്‍ എന്റെ നെഞ്ചില്‍ അമര്‍ത്തിയപ്പോള്‍ എനിക്ക് വേദനിച്ച്‌ കരഞ്ഞപ്പോള്‍ അമ്മയല്ലേ ഓടി വന്നത്.. നീയെന്താടാ കാണിക്കുന്നത് എന്ന്
പറഞ് അയാളെ വഴക്ക് പറഞ്ഞത് അമ്മയല്ലേ..ഇനി ഒറ്റക്ക് നടക്കരുത്, പെണ്‍കുട്ടികളായാല്‍ വേറെ ആരെക്കൊണ്ടും ശരീരഭാഗങ്ങളില്‍ തൊടീപ്പിക്കരുത് എന്നൊക്കെ അമ്മ എനിക്ക് പറഞ്ഞു തന്നില്ലേ..

എനിക്കന്ന് എത്ര സന്തോഷമായീന്നോ. എന്റെ അമ്മയെപ്പോലെ സ്നേഹിക്കുന്ന എന്റെ കൂട്ടുകാരന്റെ അമ്മയോടും എനിക്ക് സ്നേഹമായിരുന്നു. കാലം കുറെ കഴിഞ്ഞപ്പോള്‍ അവന്‍ ഒരുപാട് മാറിപ്പോയി അമ്മേ. ഇന്നവന്‍ എന്നെ കാണുന്നത് വേറെ രീതിയില്‍ ആണ്. അവന്റെ നോട്ടങ്ങള്‍ അവന്റെ ചലനങ്ങള്‍ എല്ലാം മാറിപ്പോയി. എന്റെ പഴയ കൂട്ടുകാരനെ അല്ല അവന്‍ ഇന്ന്

ഒറ്റക്ക് നടക്കരുത്, പെണ്‍കുട്ടികളായാല്‍ അടങ്ങി ഒതുങ്ങി നടക്കണം എന്നൊക്കെ അന്ന് അമ്മ എന്നെ പറഞ്ഞു പഠിക്കുമ്ബോള്‍ അവനെയും പഠിപ്പിക്കാമായിരുന്നില്ലേ പെണ്ണ് ഒരു ശരീരം മാത്രമല്ല എന്ന.. അവളുടെ അനുവാദം ഇല്ലാതെ അവളെ തൊടരുതെന്ന്… അവളിലെ വ്യക്തിത്വത്തെ ബഹുമാനിക്കണമെന്ന്, അമ്മ അന്ന് അത് ചെയ്തുരുന്നെങ്കില്‍ ഇന്നവന്‍ എന്നോട് ഇങ്ങനെ പെരുമാറുമായിരുന്നോ

അമ്മക്കറിയോ എന്റെ റൂമിലെ ഒരു കുട്ടി ഉണ്ട്, മീനു. അവള്‍ രാത്രിയില്‍ എന്നും കരച്ചില്‍ ആണമ്മേ. എന്ത് കൊണ്ടാണെന്നറിയോ സ്വന്തം സഹോദരനെ പോലെ കണ്ട ബന്ധു അവളോട് അപമര്യാദയായി പെരുമാറി. അവള്‍ ഇതുവരെ ആയിട്ടും അത് വീട്ടില്‍ പറഞ്ഞിട്ടില്ല. പറഞ്ഞാല്‍ അവളുടെ അനിയത്തിയേയും ഉപദ്രവിക്കുമെന്ന് അയാള് ഭീഷണിപ്പെടുത്തി. പാവം അവള് ഉറങ്ങിയിട്ട് എത്ര നാളായി എന്ന് അറിയുമോ..പഠിക്കാന്‍ പോലും കഴിയുന്നില്ല അവള്‍ക്ക്.

എനിക്കറിയാം ഞാനും അവളും മാത്രമല്ല ഇങ്ങനെ അതിക്രമങ്ങള്‍ക്ക് വിധേയര്‍ ആയിട്ടുള്ളത് എന്ന്,
ഞങ്ങളെ അടങ്ങി ഒതുങ്ങി നടക്കാനും, സ്വപ്നങ്ങള്‍ക്ക് അതിരുകള്‍ വക്കാനും, രാത്രികള്‍ക്ക് മുന്നേ വീട്ടില്‍ കയറാനും,എല്ലാം സഹിക്കാനും ക്ഷമിക്കാനും കൃത്യമായി എല്ലാ അമ്മമാരും പഠിപ്പിക്കുന്നുണ്ടല്ലോ, സൗമ്യയും ജിഷയും നിര്ഭയയും ആവര്‍ത്തിക്കുമ്ബോള്‍ ഞങ്ങളുടെ കുരുക്കിന്റെ മുറുക്ക് കൂട്ടുന്നുണ്ടല്ലോ

ഞങ്ങളെ പഠിപ്പിക്കുന്നതിന്റെ ഒരംശം എങ്കിലും അമ്മയുടെ മകനെപ്പോലുള്ള മകന്മ്മാരെ പഠിപ്പിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്കും വര്ണങ്ങളെ സ്വപ്നം കാണാന്‍ കഴിയുമായിരുന്നില്ലേ? ഞങ്ങള്‍ക്കും ഞങ്ങളുടേതായ ഒരിടം ഈ സമൂഹത്തില്‍ ഉണ്ടാവുമായിരുന്നില്ലേ ? ഞങ്ങള്‍ക്കും ആകാശത്തിലെ പറവകള്‍ ആകാമായിരുന്നില്ലേ?

ഞാനും ഒരിക്കല്‍ ഒരമ്മയാകും. അന്ന് എന്റെ മകനെ സ്ത്രീയെ ബഹുമാനിക്കാന്‍ ആയിരിക്കും ഞാന്‍ ആദ്യം പഠിപ്പിക്കുക. എന്റെ മകളെ പൊരുതി മുന്നേറാനും

അമ്മയോടെനിക്ക് ദേഷ്യം ഒന്നും ഇല്ല. നമ്മുടെ സമൂഹം ഇങ്ങനെയൊക്കെയാണെന്ന് എനിക്കറിയാം. അവനെ ഇനിയെങ്കിലും അമ്മ പറഞ്ഞു മനസ്സിലാക്കണം. സ്ത്രീ ഒരു ചരക്ക് മാത്രമല്ല എന്ന. സമൂഹത്തില്‍ അവരും നിര്‍ഭയരായി ജീവിക്കട്ടെ എന്ന ഇരുട്ട് പടര്‍ന്നു കയറുന്ന ലോകത്ത് ഒരിത്തിരി വെളിച്ചമാകാന്‍ പറയണം അവനോട്. അവനെപ്പോലുള്ള ഒരുപാട് അവന്‍മ്മാരോട്

നിര്‍ത്തുന്നു
ഒത്തിരി സ്നേഹത്തോടെ

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*