രാത്രി ആര്‍എസ്‌എസും പകല്‍ കോണ്‍ഗ്രസുമാകുന്ന നേതാക്കളെ പാര്‍ട്ടിക്ക് വേണ്ട; എ.കെ.ആന്റണി!

രാത്രിയില്‍ ആര്‍എസ്‌എസും പകല്‍ കോണ്‍ഗ്രസുമായി നടക്കുന്ന നേതാക്കളെ പാര്‍ട്ടിക്ക് വേണ്ടെന്ന് കെപിസിസി എക്സിക്യൂട്ടീവില്‍ എകെ ആന്റണി. മതേതരമുഖമുള്ള നേതാക്കളെയാണ് കോണ്‍ഗ്രസിന് ആവശ്യമെന്ന് പറഞ്ഞ ആന്റണി പാര്‍ട്ടിക്കുള്ളിലെ കാവിഛായയെ കണക്കറ്റ് വിമര്‍ശിച്ചു. നേതാക്കള്‍ക്ക് താക്കീതും നല്‍കി. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് ഇടഞ്ഞുനില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയേയും പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണി വിമര്‍ശിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. നേതാക്കള്‍ പിണങ്ങിനിന്നാല്‍ പാര്‍ട്ടിയുണ്ടാകില്ലെന്ന് യോഗത്തില്‍ ആന്റണി ഓര്‍മ്മപ്പെടുത്തി. പാര്‍ട്ടിയോട് ഇടഞ്ഞ് നേതൃയോഗങ്ങളില്‍നിന്നും പരിപാടികളില്‍നിന്നും വിട്ടുനില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയെ ലക്ഷ്യമിട്ടുള്ളതാണ് ആന്റണിയുടെ പരാമര്‍ശം. ഡിസിസി പുനസംഘടയില്‍ എ വിഭാഗത്തിന് വേണ്ടത്ര പരിഗണന കിട്ടിയില്ലെന്നും തന്റെ അഭിപ്രായം മാനിച്ചില്ലെന്നും പരിഭവിച്ച്‌ ഹൈക്കമാന്‍ഡിനെതിരെ പ്രത്യക്ഷ പ്രതിഷേധത്തിലായിരുന്നു ഉമ്മന്‍ചാണ്ടി. പാര്‍ട്ടി പരിപാടികളിലും യോഗങ്ങളിലും ഒരുമാസത്തിലേറെയായി ഉമ്മന്‍ചാണ്ടി പങ്കെടുത്തിട്ടില്ല. കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗവും ഉമ്മന്‍ചാണ്ടി പങ്കെടുക്കാത്തിനാല്‍ ദീര്‍ഘനാള്‍ നടക്കാതെ പോയി. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനെ പോലെ മാത്രം തന്നെ കണ്ടാല്‍ മതിയെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. ഇക്കാര്യം ആന്റണിയെയും ഹൈക്കമാന്‍ഡിനെയും കെപിസിസി അധ്യക്ഷനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും അറിയിക്കുകയും ചെയ്തു. നോട്ട് നിരോധനത്തിനെതിരെ ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് സംഘടിപ്പിച്ച പ്രക്ഷോഭത്തിലും ഉമ്മന്‍ചാണ്ടി പങ്കെടുത്തിരുന്നില്ല. പിന്നീട് ഹൈക്കമാന്‍ഡുമായി പ്രത്യേക ചര്‍ച്ച നടത്തി. ഉമ്മന്‍ചാണ്ടി ഉന്നയിച്ച വിഷയങ്ങളില്‍ പ്രത്യേകിച്ച്‌ ഉറപ്പൊന്നും ലഭിച്ചില്ലെങ്കിലും രാഹുല്‍ഗാന്ധി ചര്‍ച്ചയ്ക്ക് ക്ഷണിച്ചതോടെ ഇനി പാര്‍ട്ടിയുമായി സഹകരിക്കാമെന്ന നിലപാടിലേക്ക് ഉമ്മന്‍ചാണ്ടി മാറുകയായിരുന്നു. പാര്‍ട്ടി സംവിധാനത്തെ അനിശ്ചിതതത്വിലാക്കിയ ഈ സംഭവങ്ങള്‍ക്ക് ശേഷമാണ് കെപിസിസി എക്സിക്യൂട്ടീവ് യോഗം ചേരുന്നത്

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*