‘ആധാര്‍ പേ’ ജനകീയമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; പണമിടപാടിന് ഇനി വിരലടയാളം!

ആധാര്‍ അധിഷ്ഠിത, കറന്‍സി രഹിത, പണമിടപാടു സംവിധാനമായ ‘ആധാര്‍ പേ’ ജനകീയമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിരലടയാളം തിരിച്ചറിഞ്ഞു പണം മാറ്റുന്ന സംവിധാനമാണിത്. ഉപഭോക്താവിന്റെ ആധാര്‍ നമ്ബര്‍, അക്കൗണ്ടുള്ള ബാങ്കിന്റെ പേര്, വിരലടയാളം എന്നിവയുണ്ടെങ്കില്‍ പണമിടപാടിന് ഈ സംവിധാനം ഉപയോഗിക്കാം. നിലവില്‍ ഉപയോഗത്തിലുള്ള ആധാര്‍-എനേബ്ള്‍ഡ് പേയ്മെന്റ് സിസ്റ്റത്തിന്റെ (എഇപിഎസ്) വ്യാവസായിക പതിപ്പാണ് ‘ആധാര്‍ പേ’. പിന്‍ നമ്ബറും പാസ്വേഡും ആവശ്യമുള്ള, നിലവില്‍ പ്രചാരത്തിലുള്ള എല്ലാവിധ ഓണ്‍ലൈന്‍, കാര്‍ഡ് പണമിടപാടുകള്‍ക്കും ബദലായി ഈ സംവിധാനം ഉപയോഗിക്കാം. ആധാറുമായി ബന്ധിപ്പിച്ച ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് കടക്കാരന്റെ നിശ്ചിത അക്കൗണ്ടിലേക്കാകും പണം കൈമാറ്റം. ഇതുമായി ബന്ധപ്പെട്ട് ആന്ധ്രപ്രദേശില്‍ നടത്തിയ പരീക്ഷണപദ്ധതി വന്‍ വിജയമാണെന്നാണ് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി (യുഐഡിഎഐ) വിലയിരുത്തുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളോ സ്മാര്‍ട്ട്ഫോണ്‍ പോലുമോ ഇല്ലാതെ കറന്‍സി രഹിത ഇടപാടു നടത്താന്‍ കഴിയുമെന്നതാണ് ആധാര്‍ പേയുടെ മെച്ചം. ഗ്രാമീണമേഖലയില്‍ മൈക്രോ എടിഎമ്മുകള്‍ ഉപയോഗിച്ച്‌ ബാങ്ക് പ്രതിനിധികള്‍ മുഖേന ആധാര്‍ അനുബന്ധ പണമിടപാടുകള്‍ നടത്താറുണ്ട്. ആധാര്‍ പേയില്‍ മൈക്രോ എടിഎമ്മിനു പകരം കച്ചവടക്കാരന്റെ പക്കലുള്ള ആപ് ഉപയോഗിക്കും. ഉപഭോക്താവിന് കാര്‍ഡുകളോ പുതിയ ആപ്ലിക്കേഷനുകളോ പാസ്വേഡുകളോ അക്കൗണ്ട് നമ്ബറുകളോ ഒന്നും ഇല്ലാതെ തന്നെ പണമിടപാടുകള്‍ നടത്താം. ഡിജിറ്റല്‍ ബാങ്കിങ്ങിനു സഹായം ആവശ്യമായി വരുന്ന ഗ്രാമീണ മേഖലകളില്‍പ്പോലും ഈ സൗകര്യം ഉപയോഗിക്കാം. വ്യാപാരികള്‍ക്ക് ഇടപാടിന് ചാര്‍ജുകളൊന്നും നല്‍കേണ്ടി വരുന്നില്ലെന്നു മാത്രമല്ല ഉപഭോക്താക്കള്‍ക്ക് ബാങ്ക് ഇടപാടിനും ഫീസ് നഷ്ടപ്പെടില്ല. കഴിഞ്ഞ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ ‘ഭീം’ എന്ന ആപ് അധികം വൈകാതെ വിരലടയാളത്തിന്റെ അടിസ്ഥാനത്തിലേക്കു മാറും. ‘ആധാര്‍ പേ’ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഓരോ ബ്രാഞ്ചിലും കുറഞ്ഞത് 30-40 വ്യാപാരികളെ ഈ സംവിധാനത്തിന്റെ ഭാഗമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. നിലവില്‍, ആന്ധ്രാ ബാങ്ക്, ഐഡിഎഫ്സി ബാങ്ക്, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, എസ്ബിഐ, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവ ‘ആധാര്‍ പേ’ സംവിധാനം ഉപയോഗിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. മറ്റു ബാങ്കുകളും ഈ സംവിധാനം ഒരുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ആധാര്‍ പേ പണമിടപാടുകള്‍ക്ക് ആവശ്യമായ ബയോമെട്രിക് ഉപകരണത്തിന് ഏകദേശം 2,000 രൂപയാണ് വില. കുറഞ്ഞ ചെലവിലുള്ള ഇത്തരം ഉപകരണം നിര്‍മിക്കാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. അങ്ങനെ കൂടുതല്‍ വ്യാപാരികളെ ഈ സംവിധാനത്തിന്റെ ഭാഗമാക്കാനാണ് ശ്രമം. അതേസമയം, ആധാര്‍ പേ’യുമായി ബന്ധപ്പെട്ട് ചില സുരക്ഷാ പ്രശ്നങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും മറ്റു ഡിജിറ്റല്‍ പണമിടപാടു സംവിധാനങ്ങളുമായി തട്ടിച്ചുനോക്കുമ്ബോള്‍ ഇവ കൂടുതല്‍ സുരക്ഷിതമാണെന്ന് യുഐഡിഎഐ അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*