വോള്‍ട്ടി പിന്തുണയുമായി മൈക്രോമാക്സിന്‍റെ 2 ‘വീഡിയോ ഫോണുകള്‍’ ഇറങ്ങി.!

micromax-video-1

 

 

 

 

 

 

 

ഫോണിന്‍റെ മറുതലയിലുള്ള ആളെ കണ്ടുകൊണ്ട് സംസാരിക്കാവുന്ന വിദ്യയ്ക്ക് വീഡിയോ കോളിങ് എന്നാണ് പേര്. ഫ്രണ്ട്ക്യാമറയും ഇന്റര്‍നെറ്റ് കണക്ഷനുമുളള ഏതൊരു സ്മാര്‍ട്ഫോണിലും വീഡിയോ കോളിങ് സാധ്യമാകും. ഇതു രണ്ടുമുണ്ടായിട്ടും ഇന്ത്യന്‍ സ്മാര്‍ട്ഫോണ്‍ ഉപയോക്താക്കളില്‍ നല്ലൊരു വിഭാഗവും വീഡിയോ കോളിങില്‍ വലിയ താത്പര്യം കാണിക്കാറില്ലായിരുന്നു. ഇഴഞ്ഞുനീങ്ങുന്ന നെറ്റ്വര്‍ക്ക് സംവിധാനം തന്നെ കാരണം. എന്നാല്‍ റിലയന്‍സ് ജിയോയുടെ വരവോടെ കാര്യങ്ങള്‍ അല്‍പ്പം ഭേദമായി. 4ജി നെറ്റ്വര്‍ക്കില്‍ വീഡിയോ കോളിങ് എളുപ്പത്തില്‍ സാധ്യമാകുന്നുണ്ട്. ഈ സമയത്ത് തന്നെയാണ് ഗൂഗിളിന്റെ ‘ഡ്യുവോ’ എന്ന വീഡിയോ കോളിങ് ആപ്ലിക്കേഷനുംവന്നത്. ഈ അനുകൂലസാഹചര്യങ്ങള്‍ മുതലാക്കുകയെന്ന ലക്ഷ്യത്തോടെ മൈക്രോമാക്സ് പുതിയ രണ്ട് സ്മാര്‍ട്ഫോണ്‍ മോഡലുകള്‍ കഴിഞ്ഞദിവസം പുറത്തിറക്കി. ‘മൈക്രോമാക്സ് വീഡിയോ 1’ ( Micromax Vdeo 1 ), ‘വീഡിയോ 2’ ( Micromax Vdeo 2 ) എന്നിങ്ങനെയാണ് പുതിയ മോഡലുകളുടെ പേര്. ഗൂഗിള്‍ ഡ്യുവോ ഇന്‍ബില്‍ട്ട് ആയി ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട 4ജി ഫോണുകളാണിവ. കൃത്യമായ മാര്‍ക്കറ്റ് ഗവേഷണത്തിന് ശേഷമാണ് വീഡിയോ ഫോണുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചതെന്ന് മൈക്രോമാക്സ് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ ശുഭജിത്ത് സെന്‍ പറയുന്നു. ‘വിപണിയില്‍ നിലവില്‍ കിട്ടാനുള്ള 4ജി ഫോണുകള്‍ക്ക് 11,000 രൂപയാണ് ശരാശരി വില. എന്നാല്‍ ജനസംഖ്യയിലെ എഴുപത്തഞ്ച് ശതമാനം പേരും പ്രതിമാസം 5,000 രൂപയില്‍ താഴെ വരുമാനമുള്ളവരാണ്. ചൈനയ്ക്ക്് ശേഷം ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ഫോണുകള്‍ ലഭിക്കുന്ന രാജ്യമായിട്ടുപോലും നമ്മുടെ നാട്ടിലെ ഭൂരിഭാഗം പേര്‍ക്കും സ്മാര്‍ട്ഫോണുകള്‍ ഇപ്പോഴും അപ്രാപ്യമാണ്’. 4ജി സംവിധാനത്തിലേക്ക് മാറാനുളള തീരുമാനത്തിനും ശുഭജിത്ത് സെന്നിന് ന്യായങ്ങളുണ്ട്. ”ഇന്ത്യയിലെ 72 ശതമാനം സ്മാര്‍ട്ഫോണുകളും 3ജിയിലോ 2ജിയിലോ ആണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ 2021 ആകുമ്ബോഴേക്കും 4ജി വരിക്കാരുടെ എണ്ണം 45 ശതമാനമാകും. കുറഞ്ഞവിലയ്ക്കുള്ള 4ജി ഫോണുകളുടെ നിരയില്‍ അപ്പോഴേക്കും മേല്‍ക്കൈ നേടുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോ നിരയില്‍ 4ജി ഫോണുകള്‍ അവതരിപ്പിക്കുന്നത്”- സെന്‍ പറയുന്നു.

ഇനി വീഡിയോ ഫോണുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കാം;

micromax-vdeo-1-and-micromax-vdeo-2-main-article-1

 

 

 

 

 

വീഡിയോ 1: 480X800 പിക്സല്‍സ് റിസൊല്യൂഷനുളള നാലിഞ്ച് ഡബ്ല്യു.വി.ജി.എ. ഡിസ്പ്ലേയാണ് ഈ ഫോണിലുളളത്. 1.3 ഗിഗാഹെര്‍ട്സ് ശേഷിയുള്ള ക്വാഡ്-കോര്‍ പ്രൊസസര്‍, ഒരു ജിബി റാം, എട്ട് ജിബി ഇന്‍ബില്‍ട്ട് സ്റ്റോറേജ് ശേഷി എന്നിവയാണിതിന്റെ ഹാര്‍ഡ്വേര്‍ വിവരങ്ങള്‍. ആന്‍ഡ്രോയ്ഡ് 6.0 മാഷ്മലോ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന വീഡിയോ വണ്ണില്‍ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടുമുണ്ട്. അഞ്ച് മെഗാപിക്സലിന്റെ പിന്‍ക്യാമറയും രണ്ട് മെഗാപിക്സലിന്റെ മുന്‍ക്യാമറയുമാണ് ഫോണിലുള്ളത്. ബാറ്ററി ശേഷി 1600 എംഎഎച്ച്‌. 4ജി വോള്‍ട്ടി ( VoLTE ) സംവിധാനമുള്ള ഡ്യുവല്‍ സിം ഫോണാണിത്. മാര്‍ച്ച്‌ 31 വരെ സൗജന്യസേവനം വാഗ്ദാനം ചെയ്യുന്ന റിലയന്‍സ് ജിയോ സിംകാര്‍ഡ് ഫോണിനൊപ്പം ലഭിക്കും. 4ജിക്ക് പുറമെ വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത്, യു.എസ്.ബി. ഒ.ടി.ജി. കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണിലുണ്ട്. വില 4,440 രൂപ.

വീഡിയോ 2: വീഡിയോ വണ്ണിനേക്കാള്‍ അല്പം സ്ക്രീന്‍ വലിപ്പമുളളതൊഴിച്ചാല്‍ ഹാര്‍ഡ്വേര്‍ സ്പെസിഫിക്കേഷനില്‍ കാര്യമായ വ്യത്യാസമൊന്നും വീഡിയോ ടുവിലില്ല. 480X854 പിക്സല്‍ റിസൊല്യൂഷനുള്ള നാലര ഇഞ്ച് സ്ക്രീനാണ് ഫോണിലുള്ളത്. 1.3 ഗിഗാഹെര്‍ട്സിന്റെ ക്വാഡ്-കോര്‍ പ്രൊസസര്‍, ഒരു ജിബി റാം, എട്ട് ജിബി ഇന്റേണല്‍ സ്റ്റോറേജ്, എസ്.ഡി. കാര്‍ഡ് സ്ലോട്ട് എന്നിവയാണിതിന്റെ വിശദാംശങ്ങള്‍. ആന്‍ഡ്രോയ്ഡ് മാഷ്മലോ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ അഞ്ച് മെഗാപിക്സലിന്റെ പിന്‍ക്യാമറയും രണ്ട് മെഗാപിക്സലിന്റെ മുന്‍ക്യാമറയും തന്നെയാണുള്ളത്. ബാറ്ററി ശേഷി 1800 എംഎഎച്ച്‌. വില 4,990 രൂപ. രണ്ട് മാസത്തിനുള്ളില്‍ അഞ്ച് ലക്ഷം വീഡിയോ ഫോണുകള്‍ വില്‍ക്കുകയാണ് മൈക്രോമാക്സിന്റെ ലക്ഷ്യം. ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, റഷ്യ എന്നീ രാജ്യങ്ങളിലും ഈ ഫോണ്‍ ലഭ്യമാകും. വരും മാസങ്ങളില്‍ 7,500 രൂപയ്ക്കടുത്ത വില വരുന്ന വീഡിയോ 3, വീഡിയോ 4 ഫോണുകളും കമ്ബനി വിപണിയിലെത്തിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*