മറക്കരുത്,ബ്ലാസ്റ്റേഴ്സ് ആരാധകരെ , അടുത്ത ടീം കാണികള്‍ക്ക് വേണ്ടിയാകണം!

 

 

 

 

 

നിശ്ചിത കളിസമയം 90 മിനിറ്റ്, എന്നാല്‍, സ്റ്റേഡിയത്തില്‍ ചെലവിട്ടത് ആറുമണിക്കൂറിലേറെ. വെള്ളക്കുപ്പികള്‍ക്ക് നിരോധനം, ശുചിയില്ലാത്ത, വന്‍തിരക്കുള്ള മൂത്രപ്പുരകള്‍. ടിക്കറ്റെടുത്തത് മണിക്കൂറോളം ക്യൂനിന്ന്. കളി കാണാനെത്തിയത് ബസിലും ട്രെയിനിലുമായി മണിക്കൂറുകളോളം യാത്രചെയ്ത്. പറഞ്ഞുവരുന്നത് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ കളികാണാന്‍ കലൂരിലെ സ്റ്റേഡിയത്തിലെത്തിയ ബഹുഭൂരിപക്ഷം കാണികളും അനുഭവിച്ച ത്യാഗത്തെക്കുറിച്ചാണ്. ഞായാറാഴ്ച അരലക്ഷത്തോളം പേര്‍ ടിക്കറ്റെടുത്തും ഏതാണ്ട് ഇരുപതിനായിരത്തോളം പേര്‍ പാസുവഴിയും സ്റ്റേഡിയത്തിനകത്ത് കയറിയപ്പോള്‍ പ്രവേശനം കിട്ടാത്ത 15,000ത്തിലേറെ കാണികള്‍ കളി കഴിയുന്നതുവരെ സ്റ്റേഡിയത്തിനു പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സിനോടുള്ള കടുത്ത ആരാധനയാണ് കഴിഞ്ഞദിവസം കൊച്ചിയില്‍ കണ്ടത്. പകരം കേരള ടീം കാണികള്‍ക്ക് നല്‍കിയതെന്ത്? ലീഗിന്റെ ചരിത്രത്തില്‍ രണ്ടാംതവണയും റണ്ണേഴ്സ് അപ്പായി എന്നത് കുറച്ചുകാണുന്നില്ല. കിരീടമുയര്‍ത്തുന്നത് കാണാനെത്തിയ കാണികള്‍ക്കുമുന്നില്‍ ഷൂട്ടൗട്ടുവരെ പിടിച്ചുനിന്നെങ്കിലും മികച്ച കളിമുഹൂര്‍ത്തങ്ങളൊന്നും നല്‍കാതെയാണ് ആരോണ്‍ ഹ്യൂസും സംഘവും കളിയവസാനിപ്പിച്ചത്. സീസണില്‍ കൊച്ചിയിലെ ഒമ്ബതു മത്സരങ്ങള്‍ക്കുമായി 4.44 ലക്ഷം കാണികളെത്തിയെന്നാണ് ഔദ്യോഗിക കണക്ക്. ഓരോ കളിക്കും ശരാശരി 49,343 കാണികളെത്തി. ബാക്കിയുള്ള ഏഴു ടീമുകളുടെ ഹോം ഗ്രൗണ്ടിലെ ശരാശരി ഇതിലും എത്രയോ താഴെയാണ്. ആര്‍ത്തലച്ചെത്തിയ ആരാധകരോട് നീതിപുലര്‍ത്താനുള്ള കളിയായിരുന്നോയെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് ചിന്തിക്കാനുള്ള സമയമായി. കടലാസില്‍ ടീം ഫൈനല്‍ കളിച്ചു. ആറു ഹോം മത്സരങ്ങള്‍ ജയിച്ചെങ്കിലും ഒന്നും ആധികാരികമായിരുന്നില്ല.

 

 

 

 

ഇത്രയും കടുത്ത ആരാധകക്കൂട്ടത്തിന്റെ പ്രോത്സാഹനത്തിന് സ്വാഭാവികമായി ലഭിക്കുന്ന ഫലമായി മാത്രം ഇതിനെ കാണാം. ഫൈനല്‍ കാണാന്‍ മലബാറില്‍നിന്നോ അല്ലെങ്കില്‍ തിരുവനന്തപുരം അടക്കമുള്ള തെക്കന്‍ ജില്ലകളില്‍നിന്നോ വന്നവര്‍ ചുരുങ്ങിയത് രാവിലെ എട്ടിനെങ്കിലും വീട്ടില്‍നിന്നിറങ്ങിയിട്ടുണ്ടാകും. കളികഴിഞ്ഞ് തിരിച്ചെത്തുമ്ബോള്‍ പാതിരാത്രി കഴിഞ്ഞിരിക്കും. അവര്‍ ഒരു ദിവസം മുഴുവന്‍ ഇഷ്ടടീമിനായി മാറ്റിവെച്ചു. ഇതിനുപുറമേ, ഉച്ചയ്ക്ക് മൂന്നുമണിയോടെ സ്റ്റേഡിയത്തിലെത്തിയതിന്റെ ബുദ്ധിമുട്ടുകള്‍. വെള്ളക്കുപ്പികള്‍ നിരോധിച്ചതോടെ സ്റ്റേഡിയത്തിനുള്ളിലെ പരിമിതമായ ശീതളപാനീയങ്ങളും 48 കുടിവെള്ള കേന്ദ്രങ്ങളുമായി 54,000ത്തോളം കാണികള്‍ക്കുള്ള ആശ്രയം. കഴിഞ്ഞ മൂന്നു സീസണുകളിലും അഴകുള്ള കളിയല്ല ബ്ലാസ്റ്റേഴ്സിന്റേത്. എന്നാല്‍, കൂറുമാറാതെ ആരാധകര്‍ ഒപ്പംനില്‍കുന്നത് ഫുട്ബോളിനോടുള്ള സ്നേഹംകൊണ്ടാണ്. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തിരിച്ചറിയാതെ പോകുന്നതും ഇതാണ്. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിനുശേഷം സച്ചിന്‍ വ്യക്തമാക്കിയിരുന്നു, അടുത്ത സീസണില്‍ ടീമിനെ നന്നാക്കുമെന്ന്. ഇത്തവണ സീസണിന് തൊട്ടുമുമ്ബ് മാനേജ്മെന്റ് മാറിയെങ്കിലും കളിക്കാരെ തിരഞ്ഞെടുക്കുന്നതില്‍ മറ്റുടീമുകളുടെ ആത്മാര്‍ഥത കേരളത്തിനുണ്ടായില്ല. നാലാം സീസണിലെങ്കിലും കാണികള്‍ക്കുവേണ്ടി ഒരു ടീമിനെ ഒരുക്കാന്‍ മാനേജ്മെന്റ് തയ്യാറാവണം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*