ജയലളിതയുടെ നില അതീവ ഗുരുതരമെന്ന് ഡോ.റിച്ചാര്‍ഡ് ബെയ്ലി

jayalalitha-14

 

 

 

 

 

 

തങ്ങളുടെ എല്ലാ മികച്ച ശ്രമങ്ങള്‍ക്കിടയിലും മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യം ഗുരുതര നിലയില്‍ തുടരുന്നുവെന്ന് അപ്പോളോ ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ സംഗീത റെഡ്ഡിയും ഡോ. റിച്ചാര്‍ഡ് ജോണ്‍ ബെയ്ലിയും. ട്വിറ്ററിലാണ് സംഗീത ഇക്കാര്യം വ്യക്തമാക്കിയത്. ജയലളിതയുടെ ആരോഗ്യനില ഓരോ നിമിഷവും വിലയിരുത്തുന്നുണ്ട്. ഡോക്ടര്‍മാര്‍ എല്ലാ ശ്രമങ്ങളും തുടരുകയാണ് സംഗീത ട്വിറ്ററില്‍ കുറിച്ചു. പത്രക്കുറിപ്പിലൂടെയാണ് റിച്ചാര്‍ഡ് ജോണ്‍ ബെയ്ലി, ജയയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്ക വ്യക്തമാക്കിയത്. അതിനിടെ, തമിഴ്നാട് ഗവര്‍ണര്‍ സി.എച്ച്‌. വിദ്യാസാഗര്‍ റാവു വീണ്ടും അപ്പോളോ ആശുപത്രിയിലെത്തി. മുംബൈയിലായിരുന്ന തമിഴ്നാട് ഗവര്‍ണര്‍ സി.എച്ച്‌. വിദ്യാസാഗര്‍ റാവു വിവരമറിഞ്ഞു പ്രത്യേക വിമാനത്തില്‍ ഞായറാഴ്ച രാത്രി തന്നെ ചെന്നൈയിലെത്തിയിരുന്നു. ഹൃദയാഘാതമുണ്ടായ ജയലളിതയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നുവെന്ന് അപ്പോളോ ആശുപത്രി പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു. ശരീരത്തിന് ഓക്സിജന്‍ ലഭ്യമാക്കുന്ന സംവിധാനമായ എക്സ്ട്രാ കോര്‍പോറിയല്‍ മെംബ്രേന്‍ ഓക്സിജനേഷന്റെ (എക്മോ) സഹായവും മറ്റു ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായവും ജയലളിതയ്ക്കു ലഭ്യമാക്കിയിട്ടുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ ചികില്‍സയിലും നിരീക്ഷണത്തിലും കഴിയുകയാണു ജയലളിതയെന്നും അപ്പോളോ ആശുപത്രി ‍ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ സുബ്ബയ്യ വിശ്വനാഥന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഡല്‍ഹി എയിംസില്‍നിന്നുള്ള മെഡിക്കല്‍ സംഘം അപ്പോളോ ആശുപത്രിയിലെത്തിയിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടാണ് ജയലളിതയ്ക്കു ഹൃദയാഘാതമുണ്ടായത്. നേരത്തെ ലോകപ്രശസ്ത തീവ്രപരിചരണ വിദഗ്ധന്‍ ഡോ. റിച്ചാര്‍ഡ് ജോണ്‍ ബെയ്ലി ജയയെ പരിശോധിക്കാന്‍ ലണ്ടനില്‍നിന്നെത്തിയിരുന്നു. അദ്ദേഹത്തിന്റെ ചികില്‍സയില്‍ മെച്ചപ്പെട്ടുവരുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. മുഖ്യമന്ത്രിയുടെ രോഗവിവരം പുറത്തറിഞ്ഞതോടെ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ അപ്പോളോ ആശുപത്രിയിലേക്കു ഒഴുകുകയാണ്. തിരക്കു നിയന്ത്രിക്കുന്നതിനായി ആശുപത്രിയിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി. 2000ത്തോളം പൊലീസുകാരെ ആശുപത്രി പരിസരത്ത് വിന്യസിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലെങ്ങും സുരക്ഷ ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കി. അപ്പോളോ ആശുപത്രിയില്‍ വച്ച്‌ തമിഴ്നാട് മന്ത്രിസഭയുടെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. തമിഴ്നാട് സര്‍ക്കാരിലെ മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും ആശുപത്രിയിലുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*