ഇന്ധനക്ഷമതയെക്കുറിച്ച്‌ കാര്‍ നിര്‍മ്മാതാക്കള്‍ പറയുന്നതെല്ലാം കള്ളക്കഥകള്‍.!

 

 

 

 

 

ഇന്ധനക്ഷമതയെക്കുറിച്ച്‌ കാര്‍ നിര്‍മ്മാതാക്കള്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അവര്‍ അവകാശപ്പെടുന്ന ഇന്ധനക്ഷമതയും യഥാര്‍ത്ഥത്തിലുള്ള ഇന്ധനക്ഷമതയും തമ്മില്‍ വളരെയധികം വ്യത്യാസമുണ്ടെന്നാണിപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ ഏറ്റവും മോശക്കാര്‍ ഓഡിയും വോള്‍വോയും ജര്‍മന്‍ കാര്‍നിര്‍മ്മാതാക്കളായ മെര്‍സിഡസുമാണെന്നും റിപ്പോര്‍ട്ടുണ്ട്. മെഴ്സിഡസ് തങ്ങളുടെ വാഹനങ്ങള്‍ക്ക് വേണ്ടി വരുമെന്ന് അവകാശപ്പെടുന്ന ഇന്ധനത്തേക്കാള്‍ 54 ശതമാനം കൂടുതല്‍ ഇന്ധനം വാഹനമോടാന്‍ വേണ്ടി വരുമെന്നാണ് ഇത് സംബന്ധിച്ച ടെസ്റ്റുകളിലൂടെ തെളിഞ്ഞിരിക്കുന്നത്. അതായത് കമ്ബനിയുടെ എ, ഇ ക്ലാസുകളിലുള്ള വാഹനങ്ങള്‍ അവര്‍ സെയില്‍സ് ബ്രോഷറുകളില്‍ പറയുന്നതിനേക്കാള്‍ 56 ശതമാനം ഇന്ധനം കൂടുതലായി കത്തിച്ച്‌ കളയുന്നുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്. ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് എന്‍വയോണ്‍മെന്റ്സ് ആണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. മെര്‍സിഡസിന്റെ ഡീസല്‍ എന്‍ജിനുകള്‍ നിയമം അനുവദിക്കുന്നതിനേക്കാള്‍ നാലിരട്ടി നൈഡ്രജന്‍ ഓക്സൈഡ് പുറത്ത് വിടുന്നുണ്ടെന്ന് എമിഷന്‍ അനലിറ്റിക്സ് കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു. കാര്‍നിര്‍മ്മാണ മേഖലയിലെ ഈ പകല്‍ക്കൊള്ള വെളിപ്പെടുത്തുന്ന വ്യാപകമായ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഇതനുസരിച്ച്‌ ഇക്കാര്യത്തില്‍ യൂറോപ്പിലെ കാര്‍ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്ന ഇന്ധനക്ഷമതയും യഥാര്‍ത്ഥത്തില്‍ ലഭിക്കുന്ന ഇന്ധനക്ഷമതയും തമ്മിലുള്ള ശരാശരി വിടവ് 42 ശതമാനമാണ്. ഇതിലൂടെ ഡ്രൈവര്‍മാര്‍ക്ക് വര്‍ഷത്തില്‍ 460 പൗണ്ടിന്റെ അധികച്ചെലവുണ്ടാവുകയും ചെയ്യുന്നുണ്ട്.

 

 

 

 

 

മെര്‍സിഡസിന്റെ സി ക്ലാസിലുള്ള വാഹനങ്ങളാണ് ഇക്കാര്യത്തില്‍ ഏറ്റവും മോശം പ്രകടനം കാഴ്ച വച്ചിരിക്കുന്നത്. ഇവയ്ക്ക് ഇക്കാര്യത്തിലുള്ള വിടവ് 54 ശതമാനമാണ്. വിഡബ്ല്യൂ പാസാറ്റിന് ഇക്കാര്യത്തില്‍ 46 ശതമാനം വിടവാണുള്ളത്. ലബോറട്ടറികളില്‍ വച്ച്‌ നടത്തുന്ന ഇന്ധനകാര്യക്ഷമതാ പരിശോധനകളില്‍ പല തരത്തിലുള്ള പഴുതുകളും തട്ടിപ്പുകളും നടക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഇത്തരത്തില്‍ കസ്റ്റമര്‍മാരെ കബളിപ്പിക്കാന്‍ സാധിക്കുന്നത്. തങ്ങള്‍ ബ്രോഷറുകളില്‍ അവകാശപ്പെടുന്നതിലും 50 ശതമാനം കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങള്‍ പുറത്തിറക്കുന്നതിലൂടെ കാര്‍ നിര്‍മ്മാതാക്കള്‍ ഉപഭോക്താക്കളെയും പരിസ്ഥിതി നിയമങ്ങളെയും ഒരു പോലെ ചതിക്കുകയാണ് ചെയ്യുന്നതെന്നാണ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് എന്‍വയോണ്‍മെന്റിലെ വെഹിക്കിള്‍സ് ഡയറക്ടറായ ഗ്രെഗ് ആര്‍ച്ചെര്‍ പറയുന്നു. മെര്‍സിഡസ്, ഹോണ്ട, മസ്ദ, മിത്സുബിഷി എന്നിവയുടെ വാഹനങ്ങള്‍ നിയപരിധിയില്‍ കവിഞ്ഞ് വിഷവാതകങ്ങള്‍ പുറന്തള്ളുന്നുവെന്ന് കഴിഞ്ഞ വര്‍ഷം തെളിഞ്ഞിരുന്നു. എന്നാല്‍ അവ ലാബ് ടെസ്റ്റുകള്‍ക്ക് വിധേയമായപ്പോള്‍ നിയമം അനുവദിക്കുന്ന രീതിയില്‍ മാത്രമേ വിഷവാതകം പുറന്തള്ളിയിരുന്നുള്ളൂ. ഇക്കാര്യത്തില്‍ 2012ല്‍ ശരാശരി വിടവം വെറും 28 ശതമാനമായിരുന്നു എന്നാല്‍ അത് കഴിഞ്ഞ വര്‍ഷം 42 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്. എന്നാല്‍ ഒരു ദശാബ്ദം മുമ്ബ് ഈ വിടവ് വെറും 14 ശതമാനം മാത്രമായിരുന്നു എന്നറിയുമ്ബോഴാണ് ഈ ചതിയുടെ ആഴം വ്യക്തമാകുന്നത്. മിക്ക കാര്‍ബ്രാന്‍ഡുകള്‍ക്കും ഇത്തരത്തിലുള്ള വിടവ് പൊതുവായി 40 ശതമാനത്തിലധികമാണ്. ഇക്കാര്യത്തില്‍ പ്യൂജിയോറ്റ് 45 ശതമാനവും ടൊയോട്ട 43 ശതമാനവും വോക്സ് വാഗന്‍ 40 ശതമാനവുമാണ് വിടവ് പ്രകടമാക്കുന്നത്. എന്നാല്‍ ഫിയറ്റ് അവര്‍ അവകാശപ്പെടുന്നതിനേക്കാള്‍ 35 ശതമാനം ഇന്ധനം മാത്രമേ അധികമായി എരിക്കുന്നുള്ളൂ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*