ജിഷാ വധക്കേസ് : മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ നിന്ന് ഇറക്കിവിട്ടു..!

jisha_murder_0കോടതികളില്‍ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് തുടരുന്നു. ജിഷാ വധക്കേസ് പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ ഇറക്കിവിട്ടു. കോടതി മുറിയില്‍ റിപ്പോര്‍ട്ടിംഗ് അനുവദിക്കില്ലെന്ന് പറഞ്ഞാണ് ഒരു വിഭാഗം അഭിഭാഷകരുടെ നടപടി. അഭിഭാഷകര്‍ ബഹളം വച്ചതോടെ പ്രശ്നം വഷളാകാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിപ്പോകണമെന്ന് ശിരസ്തദാര്‍ അഭ്യര്‍ത്ഥിച്ചു. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ കോടതിക്കു പുറത്തിറങ്ങി. ജിഷാ വധക്കേസിലെ വിചാരണ നടപടി ഇന്ന് ആരംഭിക്കാനിരിക്കേയാണ് അഭിഭാഷകരുടെ നടപടി. 12 മാധ്യമപ്രവര്‍ത്തകരാണ് ഈ സമയം കോടതി മുറിയിലുണ്ടായിരുന്നത്. അഭിഭാഷകരുടെ നടപടിയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിക്ക് പരാതി നല്‍കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കി. വിചാരണയ്ക്കു പുറമേ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു സമര്‍പ്പിച്ച ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. പ്രതിഭാഗം അഭിഭാഷകന്‍ ബി.എ ആളൂരും സമര്‍പ്പിച്ച ഹര്‍ജിയും പരിഗണനയിലാണ്. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ ചെറിയ പ്രശ്നമുണ്ടായിരുന്നു. രണ്ടു മണിക്ക് ശേഷം കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് പ്രശ്നമുണ്ടായത്. കോടതി നടപടി ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു ഇത്. കേസ് അന്വേഷിച്ച എസ്.പി അടക്കമുള്ള പോലീസുകാര്‍ കോടതി മുറിയില്‍ ഉണ്ടായിരിക്കേയാണ് അഭിഭാഷകരുടെ ഭീഷണി. മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ ഇരിക്കാന്‍ പാടില്ലെന്നും ഇവിടെയുള്ള കസേരകള്‍ അഭിഭാഷകര്‍ക്കുള്ളതാണെന്നും പറഞ്ഞതായിരുന്നു പ്രശ്നമുണ്ടാക്കിയത്. എസ്.പിയും കോടതയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ശിരസ്തദാറും അഭിഭാഷകരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ഹൈക്കോടതിയില്‍ നിന്നുള്ള ഉത്തരവ് മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തികാട്ടിയപ്പോള്‍ അത് ഞങ്ങള്‍ക്ക് ബാധകമല്ല, ഹൈക്കോടതിയില്‍ ചെന്ന് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞാതിരുന്നു മാധ്യമപ്രവര്‍ത്തകരുടെ നേരെ തട്ടിക്കയറിയത്. സംസ്ഥാനത്തെ കോടതികളില്‍ മാധ്യമങ്ങളെ വിലക്കിക്കൊണ്ട് അഭിഭാഷകര്‍ തുടര്‍ച്ചയായി പ്രശ്നം സൃഷ്ടിക്കുകയാണ്. വിലക്കിനെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റീസും രജിസ്ട്രാറും മുഖ്യമന്ത്രിയും എടുത്ത നടപടികള്‍ കാറ്റില്‍ പറത്തിയാണ് അഭിഭാഷകരുടെ അക്രമം. മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോള്‍ കോടതിവളപ്പില്‍ നിന്ന് ഇറങ്ങി റോഡിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്താമെന്ന് ജഡ്ജി അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*