നോട്ട് അസാധുവാക്കല്‍; പ്രതിസന്ധി രൂക്ഷം, കേന്ദ്രസര്‍ക്കാരിനെതിരേ ജനരോഷം പുകയുന്നു!!!

ab42b502-a97d-11e6-a836-75a661626cad_660x385

 

 

 

 

 

1000, 500 ന്‍റെ നോട്ടുകള്‍ അസാധുവാക്കിയതിനാല്‍ പഴയ നോട്ടുകള്‍ മാറാനും അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാനും ആളുകള്‍ ഇരച്ചെത്തിയതോടെ പല ബാങ്കുകളിലും പണം തീര്‍ന്നു. റിസര്‍വ് ബാങ്കില്‍നിന്ന് പുതിയ നോട്ടുകള്‍ തിരുവനന്തപുരത്തും കൊച്ചിയിലും എത്തിയിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ബാങ്കുകള്‍ക്ക് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. ഈ പണം ഓരോ ബാങ്കിന്റെയും ചെസ്റ്റുകളിലേക്ക് (കറന്‍സി സൂക്ഷിക്കുന്ന ഇടം) എത്താന്‍ രണ്ടു ദിവസമെടുത്തേക്കും. അടിയന്തരമായി പണം കിട്ടിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍  ബാങ്കുകളില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന സ്ഥിതിയാണെന്ന് ബാങ്ക് മാനേജര്‍മാര്‍ പറയുന്നു. നോട്ടു തീര്‍ന്നതുമൂലം പലയിടത്തും തിങ്കളാഴ്ച തന്നെ പ്രശ്നങ്ങളുണ്ടായി. ഉച്ചയ്ക്കുതന്നെ അടച്ച ബാങ്കുകളുണ്ട്. വിവിധയിടങ്ങളിലെ ചെസ്റ്റുകളില്‍ സൂക്ഷിച്ചിരുന്നതും മറ്റു ബാങ്കുകളില്‍നിന്ന് സംഘടിപ്പിച്ചതുമൊക്കെ വെച്ചാണ് ഇത്ര ദിവസം ബാങ്കുകള്‍ പിടിച്ചുനിന്നത്. അതും തീര്‍ന്നതോടെ ഇനി എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയാണെന്ന് അധികൃതര്‍ പറഞ്ഞു. ഇടപാടുകള്‍ നടത്താനാവാതെ ദിവസങ്ങള്‍ കഴിഞ്ഞതോടെ ജനരോഷം ഉയര്‍ന്നുവരുന്നുണ്ട്. കേന്ദ്രസര്‍ക്കാരിനെതിരേ വ്യാപക പ്രതിഷേധങ്ങള്‍ ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. പണം കൃത്യമായി വിതരണം ചെയ്യാനാകാത്തത് വളരെയേറെ ജനങ്ങള്‍ക്ക് ദൈനംദിന പ്രശ്നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടെ ശേഖരിച്ചു വെച്ച മുഷിഞ്ഞതും കീറിയതുമായ നോട്ടുകള്‍ വിതരണം ചെയ്യാന്‍ ബാങ്കുകളോട് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിരുന്നു. ഇതും തീര്‍ന്നു. നൂറിന്റെയും അഞ്ഞൂറിന്റെയും പുതിയ നോട്ടുകള്‍ അടുത്ത ദിവസങ്ങളില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. കൈയിലിരുന്ന നാണയങ്ങള്‍ പോലും വിതരണം ചെയ്തു കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.  പ്രതിസന്ധി തുടരുമെന്നു കരുതി നൂറിന്‍റെ കെട്ടുകള്‍ പലരും വാങ്ങി സ്റ്റോക്കു ചെയ്തതായും സംശയിക്കുന്നുണ്ട്. ആയിരം രൂപയ്ക്ക് എണ്ണൂറു രൂപ നല്‍കുന്നവരും രംഗത്തിറങ്ങിയിട്ടുണ്ട്. പണം ആവശ്യപ്പെട്ടു വരുന്ന ജനത്തിന് ഇപ്പോള്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകുന്ന സ്ഥിതിയായെന്ന് ബാങ്ക് ജീവനക്കാര്‍ പറയുന്നു. എന്നാല്‍ പണം തീരെയില്ലാതായാല്‍ അങ്ങനെയാവണമെന്നില്ല.
ഗ്രാമങ്ങളിലാണ് ഇപ്പോഴും കഷ്ടപ്പാടിന് ഒരു മാറ്റവും വരാത്തത്. മധ്യവര്‍ഗക്കാരെയും ഏറ്റവും സാധാരണക്കാരെയുമാണ് കറന്‍സി പിന്‍വലിക്കല്‍ ഏറ്റവും ബാധിച്ചത്. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരല്ല ഇതില്‍ മഹാഭൂരിപക്ഷവും. പാലും പച്ചക്കറിയും മീനും പോലും സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്ന് വാങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ജനം. ഇവര്‍ക്ക് പരിഷ്കാരം ചാകരയായി. ഗ്രാമങ്ങളില്‍ ഇതിനും അവസരമില്ല.
പത്തു കി.മീ. വരെ സഞ്ചരിച്ച്‌ എ.ടി.എമ്മുകളില്‍ പോകേണ്ടവരുണ്ട്. ജോലിയും ഉപേക്ഷിച്ച്‌ രാവിലെ മുതല്‍ വരിനിന്ന് ഇടയ്ക്ക് പണമില്ലാതെ തിരിച്ചുപോകേണ്ടി വരും. പിറ്റേന്നും ഇത് ആവര്‍ത്തിക്കും. ഇത്തരം സംഭവങ്ങളാണ് പല ബാങ്ക് ശാഖകളിലും പ്രശ്നങ്ങളിലേക്കു നയിച്ചത്. മണിക്കൂറുകള്‍ വരിനിന്ന് കിട്ടുന്ന രണ്ടായിരത്തിന്‍റെ നോട്ട് മിക്കയിടത്തും മാറിക്കിട്ടാത്തതിനാല്‍ അതും പ്രതിസന്ധിയുണ്ടാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*