സര്‍വേഫലത്തില്‍ 93 ശതമാനം പേര്‍ പിന്തുണച്ചെന്ന വാര്‍ത്ത തള്ളി കോണ്‍ഗ്രസ്!!

129846982-randeepsurjewala_6കേന്ദ്രസര്‍ക്കാര്‍  500, 1000 രൂപാ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കറന്‍സി പരിഷ്കരണ നടപടികളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ അഭിപ്രായ സര്‍വേയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്. കെട്ടിച്ചമച്ച കുറേ ചോദ്യങ്ങളും അന്ധരായ മോഡി ഭക്തര്‍ മുന്‍കൂട്ടി തയാറാക്കിയ ഉത്തരങ്ങളുമാണ് സര്‍വേയുടെ സവിശേഷതയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സ്മാര്‍ട് ഫോണുകളില്‍ ലഭ്യമാകുന്ന നരേന്ദ്ര മോഡി ആപ്പിലാണു കറന്‍സി പരിഷ്കരണ നടപടികളെക്കുറിച്ച്‌ ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കിയത്. നോട്ട് അസാധുവാക്കലിന് വന്‍ ജനപിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്ന സര്‍വേഫലം ബുധനാഴ്ച വൈകിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടത്.  സര്‍വേയില്‍ പങ്കെടുത്തവരില്‍ 93 ശതമാനം പേരും നോട്ട് അസാധുവാക്കിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ചതായാണ് അവകാശവാദം. മോഡിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ സര്‍വേഫലം പ്രസിദ്ധീകരിക്കുകയും ചെയ്തു. അഞ്ചു ലക്ഷത്തിലധികം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയ സര്‍വേയിലാണ് 93 ശതമാനം പേരും അനുകൂലനിലപാടെടുത്തത്. കറന്‍സി അസാധുവാക്കലിനെക്കുറിച്ച്‌ നടത്തിയ സ്വയം നിര്‍മിത സര്‍വേയിലൂടെ മറ്റൊരു നുണകൂടി മോഡി സര്‍ക്കാര്‍ പടച്ചുവിട്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. ഇത്തരം ഗിമ്മിക്കുകളിലൂടെ രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെട്ടിച്ചമച്ച കുറേ ചോദ്യങ്ങളും മോഡി ഭക്തര്‍ മുന്‍കൂട്ടി തയാറാക്കിയ ഉത്തരങ്ങളുമടങ്ങിയ കൃത്രിമ സര്‍വേയാണ് വെബ്സൈറ്റ് പ്രസിദ്ധീകരിച്ചത്. ആളുകള്‍ക്ക് വിയോജിപ്പ് രേഖപ്പെടുത്താന്‍ അവസരം നല്‍കാത്ത ചില വാക്ശരങ്ങള്‍ മാത്രമാണ് സര്‍വേയിലുണ്ടായിരുന്നത്. രാജ്യത്തെ സാധാരണക്കാര ന്‍റെവേദന ആര്‍ക്കാണ് വിഷയമെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യന്‍ കറന്‍സിയല്ല, ഇന്ത്യയിലെ ജനങ്ങളെയാണ് മോഡി അസാധുവാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നോട്ട് അസാധുവാക്കല്‍ നടപടിയുടെ അനന്തരഫലമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മരിച്ച ആളുകളോട് മാപ്പു ചോദിക്കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് ഇതുവരെ 70 ല്‍ അധികം ആളുകള്‍ മരിച്ചിട്ടും വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിനെ അഭിമുഖീകരിക്കാന്‍ പോലും മോഡി തയാറായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്‍റെ പദവി മാത്രമാണ് മുഖ്യമെന്നും സുര്‍ജേവാല പറഞ്ഞു. നോട്ടുകള്‍ അസാധുവാക്കിയ പ്രഖ്യാപനം വന്ന് 13 ദിവസം കഴിഞ്ഞിട്ടും ഗ്രാമങ്ങളിലും നഗരങ്ങളിലും ആളുകള്‍ പണം കിട്ടാതെ വലയുകയാണെന്ന് സുര്‍ജേവാല ചൂണ്ടിക്കാട്ടി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*