കറന്‍സി നിരോധനം; കള്ളപ്പണം വെളുപ്പിക്കാന്‍ സംഘടിത ശ്രമം നടക്കുന്നു: ഇന്റലിജന്‍സ്!!

500-and-1000-rupee-notes-afp_650x400_81478769280കറന്‍സി നിരോധനം മറികടന്നു കള്ളപ്പണം വെളുപ്പിക്കാന്‍ മാഫിയകള്‍ സംഘടിതമായി ശ്രമം നടത്തുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ബാങ്കുകളില്‍ നിന്നു നിരോധിച്ച നോട്ട് മാറ്റി വാങ്ങുന്നതു മുതല്‍ കെഎസ്‌ആര്‍ടിസിയിലെ ദൈനംദിന കലക്ഷന്‍ മറിക്കുന്നതുവരെ ഒട്ടേറെ തന്ത്രങ്ങളാണു കള്ളപ്പണക്കാര്‍ പയറ്റുന്നത്. ബാങ്കുകളില്‍ ക്യൂ നില്‍ക്കുന്നതില്‍ നല്ലൊരു ശതമാനം ‘കൂലിക്കാര്‍’ എന്നാണു കണ്ടെത്തല്‍. കമ്മിഷന്‍ നല്‍കിയാണ് കള്ളപ്പണക്കാര്‍ ക്യൂവില്‍ ആള്‍ക്കാരെ നിറയ്ക്കുന്നത്. സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പിടിച്ചുപറിക്കാരും കൂലിത്തല്ലുകാരുമൊക്കെ അസാധുവായ നോട്ടുകള്‍ മാറിയെടുക്കാന്‍ ബാങ്കുകള്‍ക്കു മുന്നിലെ ക്യൂവില്‍ നില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനങ്ങളിലെ ജീവനക്കാരെയും അക്കൗണ്ടില്‍ ഉണ്ടെങ്കിലും അധികം പണം നിക്ഷേപിക്കാത്തവരെയുമാണ് ഇവര്‍ വല വീശുന്നത്. ഇവരുടെ അക്കൗണ്ടില്‍ രണ്ടര ലക്ഷം നിക്ഷേപിക്കും. പിന്നീടു ബാങ്കില്‍നിന്നു പണം പിന്‍വലിച്ചുകൊടുക്കുമ്ബോള്‍ 25000 രൂപവരെ കമ്മിഷന്‍ നല്‍കാമെന്നാണു വാഗ്ദാനം. അക്കൗണ്ട് ഉടമ പണവുമായി മുങ്ങുമെന്ന ഭയം ഉള്ളതിനാല്‍ മുദ്രപത്രത്തില്‍ ഒപ്പിട്ടുവാങ്ങുന്ന സംഭവങ്ങളും ഇന്റലിജന്‍സിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പെട്രോള്‍ പമ്ബുകളില്‍ നിരോധിച്ച നോട്ടുകള്‍ സ്വീകരിക്കും. ഈ സൗകര്യവും കള്ളപ്പണക്കാര്‍ വിനിയോഗിക്കുന്നു. 500, 100 രൂപയുടെ നോട്ടു നിരോധനത്തിനുശേഷം പല പമ്ബുകളിലെയും ‘കണക്കുകള്‍’ മുന്‍പത്തേതിനേക്കാള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ പമ്ബുകളുടെ വിവരം ആദായനികുതി വകുപ്പും ശേഖരിക്കുന്നു. നോട്ടുകള്‍ നിരോധിച്ച ഈമാസം എട്ടിനു രാത്രി മുതല്‍ ജ്വല്ലറികളില്‍നിന്നു വന്‍തോതില്‍ സ്വര്‍ണം വിറ്റുപോയിരുന്നു. കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്. വന്‍കിട നോട്ടുമറിക്കലിനെക്കുറിച്ച്‌ ഇന്റലിജന്‍സിനു ലഭിച്ച വിവരങ്ങള്‍ ആദായനികുതി വകുപ്പ് അനൗദ്യോഗികമായി ശേഖരിക്കുന്നുണ്ട്. കെഎസ്‌ആര്‍ടിസി ഡിപ്പോകള്‍ കേന്ദ്രീകരിച്ചു സന്ധ്യയ്ക്കുശേഷം കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നതായും ഇന്റലിജന്‍സിനു വിവരം ലഭിച്ചിട്ടുണ്ട്. അതതു ദിവസത്തെ കലക്ഷനിലാണ് ഇൗ രീതിയില്‍ നോട്ടുകള്‍ മാറ്റിയെടുക്കുന്നവരുടെ കണ്ണ്. വന്‍തുക വായ്പ എടുത്തു കച്ചവടം തുടങ്ങുകയും പിന്നീടു പൊളിയുകയും ചെയ്തവര്‍ ഇപ്പോള്‍ വായ്പയും പലിശയും ഉള്‍പ്പെടെ മൊത്തം തുകയും തിരിച്ചടയ്ക്കുന്ന സംഭവങ്ങളും വര്‍ധിച്ചുവരുന്നു. കള്ളപ്പണക്കാര്‍ക്കു ഉയര്‍ന്ന വിലയ്ക്കു വസ്തു വില്‍ക്കുകയും പ്രമാണത്തില്‍ വില കുറച്ചു കാണിക്കുകയും ചെയ്യും. പ്രമാണത്തില്‍ കാണിച്ച തുകയും കള്ളപ്പണക്കാര്‍ നല്‍കിയ അധികതുകയും ചേര്‍ത്തു വായ്പ അടയ്ക്കും. കച്ചവടത്തില്‍ ലഭിച്ച ലാഭമെന്നോ അല്ലെങ്കില്‍ കച്ചവടസ്ഥാപനത്തില സാമഗ്രികള്‍ വിറ്റ വകയിലോ ലഭിച്ചതാണ് അധികതുകയെന്നു കാണിക്കാനുള്ള അവസരമാണ് ഇവിടെ പഴുതായി മാറുന്നത്. പൊതുവെ ഭൂമി റജിസ്ട്രേഷന്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ഇത്തരം തട്ടിപ്പുകള്‍ക്കുവേണ്ടി കച്ചവടം നടക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*