കോഹ്ലിയിലൂടെ ഇന്ത്യ മൊഹാലിയില്‍ കണക്കുതീര്‍ത്തു..!

virat-kohli

 

 

 

ഡല്‍ഹിയിലെ തോല്‍വിക്ക് ധോണിപ്പട മൊഹാലിയില്‍ കണക്കുതീര്‍ത്തു. തോറ്റ അതേ ടീമിനെയും കൊണ്ടുതന്നെ ഇന്ത്യ മൂന്നാം ഏകദിനത്തില്‍ കിവീസിനെ മറികടന്നു. നായകന്‍ ധോണിയും ഉപനായകന്‍ വിരാട് കോഹ്ലിയും ചേര്‍ന്നുള്ള തകര്‍പ്പന്‍ കൂട്ടുകെട്ടാണ് കീവീസിനെ ചാരമാക്കിയത്. കോഹ്ലിയുടെ പുറത്താകാതെയുള്ള സെഞ്ചുറിയും സെഞ്ചുറിത്തിളക്കമുള്ള ധോണിയുടെ അര്‍ധസെഞ്ചുറിയും ചേര്‍ന്നപ്പോള്‍ ഇന്ത്യക്ക് ന്യൂസിലന്‍ഡിന്‍റെ വെല്ലുവിളി മറികടക്കുക അസാധ്യമായിരുന്നില്ല. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഏഴു വിക്കറ്റും പത്തു പന്തും ശേഷിക്കെ മറികടന്നു. അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്ബരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ധോണിയും കോഹ്ലിയും ചേര്‍ന്ന് 151 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ആറു റണ്‍സ് മാത്രമുള്ളപ്പോള്‍ കോഹ്ലിയെ കൈവിട്ട റോസ് ടെയ്ലര്‍ അതിനു നല്‍കേണ്ടി വന്ന വില വളരെ വലുതായിരുന്നു. കരിയറിലെ 26ാം ഏകദിന സെഞ്ചുറി കുറിച്ച കോഹ്ലി, 134 പന്തില്‍ 16 ബൗണ്ടറികളും ഒരു സിക്സറുമുള്‍പ്പെടെ 154 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കരിയറിലെ 10ാം ഏകദിന സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ക്യാപ്റ്റന്‍ ധോണി, 20 റണ്‍സകലെ ഇടറി വീണെങ്കിലും യുവതാരം മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ച്‌ കോഹ്ലി തന്റെ ദൗത്യം പൂര്‍ത്തിയാക്കി. സെഞ്ചുറിയിലേക്കെത്താനായില്ലെങ്കിലും ഒരുപിടി റെക്കോര്‍ഡുകള്‍ കുറിച്ചാണ് മൊഹാലിയില്‍നിന്നുള്ള ധോണിയുടെ മടക്കം. ഏകദിനത്തില്‍ 9,000 റണ്‍സ് പിന്നിട്ട ധോണി, ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി മാറി. ക്രിക്കറ്റ് ചരിത്രത്തിലെ മൂന്നാമത്തെമാത്രം വിക്കറ്റ് കീപ്പറും. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 49.4 ഓവറിലാണ് 288 റണ്‍സ് അടിച്ചുകൂട്ടിയത്. ഓപ്പണര്‍മാര്‍ ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയ കീവീസിനെ മധ്യനിരയുടെ പ്രകടനമാണ് മികച്ച സ്കോറിലേക്ക് എത്തിച്ചത്. ഗുപ്ടില്‍ 27 റണ്‍സെടുത്ത് പുറത്തായെങ്കിലും അര്‍ധ സെഞ്ച്വറി നേടിയ ലഥമും നീഷാമും അര്‍ധ സെഞ്ച്വറിയോടടുത്ത പ്രകടനം കാഴ്ചവച്ച റോസ് ടെയ്ലറും ചേര്‍ന്ന് അവരെ നയിച്ചു. ലഥം 61ഉം നീഷാം 57ഉം ടെയ്ലര്‍ 44ഉം റണ്‍സെടുത്തു. ഉമേഷ് യാദവും കേദാര്‍ ജാദവും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*