തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെയുടെ ഉപമുഖ്യമന്ത്രി ഭരണത്തിനു സാധ്യത…!

a2609dരോഗബാധിതയായ മുഖ്യമന്ത്രി ജയലളിതയുടെ ആഴ്ചകളായി തുടരുന്ന ആശുപത്രിവാസം അനിശ്ചിതമായി നീളുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ഉപമുഖ്യമന്ത്രിയെ നിയമിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ജയലളിത രോഗാവസ്ഥയില്‍ മുഖ്യമന്ത്രിസ്ഥാനത്ത് തുടരുന്നതിനെതിരായ പ്രതിപക്ഷ പ്രതിഷേധം നേരിടാനും ഭാവിയിലെ ഭരണപ്രതിസന്ധി ഒഴിവാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജയലളിതയെ വകുപ്പില്ലാത്ത മുഖ്യമന്ത്രിയായി നിലനിര്‍ത്തിക്കൊണ്ട് പ്രധാന വകുപ്പുകളുടെ ചുമതല മറ്റ് മന്ത്രിമാര്‍ക്ക് കൈമാറാനുള്ള ആലോചനകളാണ് ഇപ്പോള്‍ തകൃതിയായി നടക്കുന്നത്. ഇതിന്‍റെ  ഭാഗമായി എഐഎഡിഎംകെയുടെ പ്രമുഖനേതാക്കള്‍ തമിഴ്നാട് ചീഫ് സെക്രട്ടറിയേയും ഗവര്‍ണറേയും കണ്ടു. ഉപമുഖ്യമന്ത്രിയെ നിയമിക്കാനുള്ള കൂടിയാലോചനകള്‍ അണ്ണാ ഡിഎംകെയിലും സര്‍ക്കാതലത്തിലും തുടങ്ങിയതായാണ് സൂചന. ജയലളിതക്കൊപ്പം ആശുപത്രിയിലുള്ള തോഴി ശശികല, സര്‍ക്കാര്‍ ഉപദേശക ഷീലാ ബാലകൃഷ്ണന്‍, ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ എം തമ്ബിദുരൈ എന്നിവരായിരിക്കും പരിചയസമ്ബന്നനായ ഒരാളെ കണ്ടത്തെുക. മന്ത്രിസഭാംഗങ്ങളായ ഒ പന്നീര്‍സെല്‍വം, എടപ്പാടി പളനി സാമി, ഒഎസ് മണിയന്‍ എന്നിവരിലൊരാള്‍ക്കാണ് സാധ്യത. രണ്ട് പ്രാവശ്യം മുഖ്യമന്ത്രിപദവി വഹിച്ച ഒ പന്നീര്‍സെല്‍വത്തിനാണ് കൂടുതല്‍ സാധ്യത കല്‍പിക്കുന്നത്. ഇതിനിടെ, സംസ്ഥാന ചീഫ് സെക്രട്ടറി പി രാമമോഹന റാവു, ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവുമായി രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തി. ഉപമുഖ്യമന്ത്രിയെ അവരോധിക്കുന്ന വിഷയം ഇരുവരും ചര്‍ച്ചചെയ്തതായാണ് അറിയുന്നത്. മഹാരാഷ്ട്ര ഗവര്‍ണറായ വിദ്യാസാഗര്‍ റാവു തമിഴ്നാടിന്റെ അധിക ചുമതലയാണ് വഹിക്കുന്നത്.jayalalitha-11 സാധാരണ വാരാന്ത്യങ്ങളിലാണ് അദ്ദേഹം ചെന്നൈയില്‍ എത്തിയിരുന്നത്. എന്നാല്‍, തമിഴ്നാട്ടിലെ അസാധാരണ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച്‌ തല്‍ക്കാലം ഇവിടെ തുടരാന്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ഏക നേതൃത്വ പാര്‍ട്ടിയായ അണ്ണാ ഡിഎംകെ ഭരണത്തില്‍ ഉപമുഖ്യമന്ത്രി സ്ഥാനം ആദ്യ സംഭവമാണ്. അണ്ണാ ഡിഎംകെയുടെ ചരിത്രത്തില്‍ ഇത്തരമൊരു സ്ഥാനം സൃഷ്ടിച്ചിട്ടില്ല. സമാന സാഹചര്യത്തില്‍ ആശുപത്രിയില്‍ കഴിയേണ്ടിവന്ന മുന്‍ മുഖ്യമന്ത്രി എംജിആറിന്‍റെ കാലത്തും ഭരണത്തില്‍ രണ്ടാംനിര നേതൃത്വം സൃഷ്ടിക്കപ്പെട്ടിട്ടില്ല. ജാതി രാഷ്ട്രീയം നിലനില്‍ക്കുന്ന തമിഴക രാഷ്ട്രീയത്തില്‍ ജയലളിതയ്ക്ക് പകരം മറ്റൊരാളെ കണ്ടെത്തുന്നത് അടുത്ത് വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിനേയും ബാധിച്ചേക്കുമെന്നാണ്. ജയലളിതയെ വകുപ്പില്ലാത്ത മുഖ്യമന്ത്രിയായി നിലനിര്‍ത്തി, പ്രധാനവകുപ്പുകളുടെ ചുമതല മറ്റുള്ളവര്‍ക്ക് കൈമാറാനാണ് സാധ്യത. ജയയുടെ അസുഖം അതിവേഗം മാറി സാധാരണ നിലയിലേക്കു മടങ്ങുന്നതായാണ് എഐഎഡിഎംകെ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അത്തരമൊരു സാഹചര്യത്തില്‍ മറ്റൊരു മുഖ്യമന്ത്രിക്കുള്ള സാധ്യത ഉദിക്കുന്നേയില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതിനിടെ, കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചെന്നൈയിലെത്തി ജയലളിതയെ സന്ദര്‍ശിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. ഇതും പുതിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വഴി തെളിച്ചേക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*