Breaking News

സ്വാശ്രയ ചര്‍ച്ച പരാജയം:ഫീസിളവില്ല; സമരം ശക്തമാക്കാന്‍ യു.ഡി.എഫ് !

ramesh-chennithala-1സ്വാശ്രയ കോളേജുകളിലെ ഫീസ് സംബന്ധിച്ച്‌ മാനേജ്മെന്റ് പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായും ആരോഗ്യ മന്ത്രിയുമായും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് നല്‍കി സമരം ഒത്തുതീര്‍പ്പാക്കാമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും നിലവിലെ അവസ്ഥയില്‍ നിന്ന് മാനേജ്മെന്റുകള്‍ പിന്നോട്ട് പോവാന്‍ തയ്യാറാവാത്തതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്നാണ് വിലയിരുത്തുന്നത്. മൂന്ന് മണിയോടെ നടന്ന ചര്‍ച്ചയില്‍ പ്രശ്നം പരിഹരിക്കാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും നിര്‍ദേശം മുന്നോട്ട് വെക്കാനുണ്ടോയെന്ന് മുഖ്യമന്ത്രി മാനേജ്മെന്റ് പ്രതിനിധികളോട് ചോദിക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഒരു നിര്‍ദേശവുമില്ലെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചതോടെയാണ് ചര്‍ച്ച ധാരണയാവാതെ പിരിഞ്ഞത്. ഫീസിളവുമായി ബന്ധപ്പെട്ട് ഒരു കാര്യവും സര്‍ക്കാരും മാനേജ്മെന്റുകളും ചര്‍ച്ച ചെയ്തില്ലെന്നും നടന്നത് മുന്‍കൂട്ടി നിശ്ചയിച്ച ചര്‍ച്ച മാത്രമാണെന്നുമാണ് മാനേജ്മെന്റ് പ്രതിനിധികള്‍ പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇനിയൊരു ചര്‍ച്ചയുമില്ലെന്നും ഇവര്‍ അറിയിച്ചു. ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം ശക്തമായി തുടരാനാണ് യു.ഡി.എഫ് തീരുമാനം. പക്ഷെ ആരോഗ്യസ്ഥിതി മോശമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഏഴ് ദിവസത്തോളമായി നിയമസഭാ കവാടത്തില്‍ നിരാഹാരമിരിക്കുകയായിരുന്ന യു.ഡി.എഫ് എം.എല്‍.എമാരായ ഹൈബി ഈഡനെയും ഷാഫി പറമ്ബിലിനെയും മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റി. പകരം എം.എല്‍.എ മാരായ വി.ടി. ബല്‍റാമും റോജി എം ജോണും നിരാഹാരം ആരംഭിക്കുകയും ചെയ്തു. നിരാഹാരമിരിക്കുകയായിരുന്ന അനൂപ് ജേക്കബിനെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം നേരത്തെ ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു. സമരം തീരാതിരിക്കാന്‍ പ്രധാന കാരണം സര്‍ക്കാരിന്റെ മര്‍ക്കടമുഷ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ചര്‍ച്ച പരാജയപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് മുന്‍കൈയെടുത്തത്. ജനകീയ സമരത്തോടുള്ള ഇത്രയും ധിക്കാരപരമായ നിലപാട് കേരള ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും കൈക്കൊണ്ടിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സ്വാശ്രയ പ്രശ്നത്തില്‍ പരിഹാരം കാണുന്നത് വരെ യു.ഡി.എഫ് സമരത്തില്‍ നിന്ന് പിന്നോട്ട്പോവില്ലെന്നും ചെന്നിത്തല അറിയിച്ചു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*