ഷെരീഫിനു മുന്നറിയിപ്പുമായി പാക്ക് മാധ്യമം…!

nawaz-sharif-1രാജ്യാന്തരതലത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടേക്കുമെന്ന് നവാസ് ഷെരീഫ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി പാക്ക് മാധ്യമം. സര്‍ക്കാരിനോടും സൈന്യത്തോടും അടുത്ത ബന്ധം പുലര്‍ത്തുന്ന പാക്കിസ്ഥാനിലെ മുന്‍നിര ദിനപത്രമായ ദ് നേഷനാണ് മുഖപ്രസംഗത്തിലൂടെ സര്‍ക്കാരിന് വ്യക്തമായ സൂചന നല്‍കിയത്. ഭീകരരെ അടിച്ചമര്‍ത്തുമെന്നു പാക്ക് ഭരണകൂടം വാക്കുകളിലൂടെയല്ല, മറിച്ച്‌ പ്രവര്‍ത്തിയിലൂടെ തെളിയിക്കണം. ഭീകരര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പാക്കിസ്ഥാന്റെ അടുത്ത സുഹൃത്തായ ചൈന പോലും നിരാശയിലാണ്. ഭീകരര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ചൈനയുടെയും ആവശ്യം. രാജ്യാന്തരതലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമം. പാക്കിസ്ഥാനെ ആഗോള ഭീകരതയുടെ മാതൃപേടകമെന്നു ഇന്ത്യന്‍ പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചതും അതുകൊണ്ടാണ്. സാര്‍ക് സമ്മേളനം ഉപേക്ഷിച്ചും, പാക്ക് താരങ്ങളെ ബഹിഷ്കരിച്ചും പാക്കിസ്ഥാനെ കൂടുതല്‍ ദുര്‍ബലപ്പെടുത്താനാണ് മോദി സര്‍ക്കാരിന്‍റെ നീക്കം. ഒരുപക്ഷേ ഒറ്റപ്പെട്ടാല്‍ അതിന്‍റെ ഫലം ഗുരുതരമായിരിക്കും. പാക്കിസ്ഥാന്‍ ഒരിക്കലും അത് ആഗ്രഹിക്കുന്നില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഭീകരവാദികള്‍ രാജ്യത്തിനു ഗുണമാണോ ദോഷമാണോ എന്ന കാര്യത്തില്‍ ഇപ്പോഴും 100 ശതമാനം ഉറപ്പില്ലായെന്നു സമ്മതിക്കാന്‍ പാക്ക് സര്‍ക്കാരും സൈന്യവും തയാറാണോയെന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു. രാജ്യത്തിന്റെ നയമെന്താണെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കണം. അതനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും വേണം. യാതൊരു വിവേചനവുമില്ലാതെ ഭീകരരെ പൂര്‍ണമായും ഇല്ലായ്മ ചെയ്യണമെന്നതാണോ രാജ്യ താല്‍പര്യമെന്ന് പാക്കിസ്ഥാന്‍ സ്വയം ചിന്തിക്കണം. പാക്ക് സര്‍ക്കാരും സൈന്യവും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന തരത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ദ് ‍ഡോണ്‍ ദിനപത്രത്തിന്‍റെ ലേഖകനും കോളമിസ്റ്റുമായ സിറില്‍ അല്‍മേഡയ്ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തതിനെതിരെയും മുഖപ്രസംഗം വിമര്‍ശിച്ചു. സുരക്ഷാ ഏജന്‍സികള്‍ അവകാശപ്പെടുന്നതുപോലെ അല്‍മേഡയുടെ ലേഖനം രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതല്ല. രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന പഠാന്‍കോട്ട് ഭീകരാക്രമണത്തിന്‍റെ സൂത്രധാരനും ജയ്ഷെ മുഹമ്മദ് മേധാവിയുമായ മസൂദ് അസ്ഹറിനെതിരെയും 2008ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനും ജമാഅത്തുദ്ദഅവ തലവനുമായ ഹാഫിസ് സയീദിനെതിരെയും എന്തുകൊണ്ട് നടപടികള്‍ സ്വീകരിക്കുന്നില്ല. പാക്കിസ്ഥാന്‍റെ  പ്രതിച്ഛായ മറ്റുള്ളവര്‍ക്കു മുന്‍പില്‍ മോശമായിക്കൊണ്ടിരിക്കുന്നതില്‍ ആകുലതയുണ്ട്. നമ്മുടെ ചില നടപടികള്‍ ന്യായീകരിക്കാനാവാത്തതാണ്. എല്ലാവര്‍ക്കും ഇതറിയാം. ഇനി എത്രകാലം മറ്റുള്ളവര്‍ക്കു മുന്‍പില്‍ അഭിനയിക്കാന്‍ കഴിയുമെന്നും മുഖപ്രസംഗം ചോദിക്കുന്നു. ഇതു രണ്ടാം തവണയാണ് പാക്ക് സര്‍ക്കാരിനും സൈന്യത്തിനുമെതിരെ മുഖപ്രസംഗത്തിലൂടെ ദ് നേഷന്‍ വിമര്‍ശനമുയര്‍ത്തുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*