മമ്മൂട്ടിയെ പരിഹസിച്ച് നടനും സംവിധായകനുമായ പ്രതാപ് പോത്തന് രംഗത്ത്. തന്റെ ഫെയ്സ്ബുക്കിലാണ് മമ്മൂട്ടിക്കെതിരെ പ്രതാപ് പോത്തന് പോസ്റ്റിട്ടിരിക്കുന്നത്. ലോകത്തെ മികച്ച നടനാണ് മമ്മൂട്ടിയെന്ന് പ്രതാപ് പോത്തന് തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ആരോട് ചോദിച്ചാലും മമ്മൂട്ടിയാണ് ലോകത്തെ മികച്ച നടനെന്ന് തന്നെ മറുപടി കിട്ടുമെന്നും പ്രതാപ് പോത്തന് പരിഹസിക്കുന്നുണ്ട്. ബോളിവുഡ് താരങ്ങളോട് ചോദിച്ചാല്‍ വരെ മമ്മൂട്ടിയാണ് മികച്ച നടനെന്ന ഉത്തരമാണ് ലഭിക്കുകയെന്നും പ്രതാപ് പോത്തന് കുറിക്കുന്നു. മമ്മൂട്ടിയുടെ മകനാണ് രണ്ടാമത്തെ മികച്ച നടനെന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാനും കൊടുക്കുന്നുണ്ട് പ്രതാപ് പോത്തന്. താന്‍ കണ്ടതില്‍ മമ്മൂട്ടിയാണ് ലോകത്തെ മികച്ച നടന്. അദ്ദേഹത്തിന്റെ മകനാണ് രണ്ടാമത്തെ മികച്ച നടന്. ഇത് ഞാന്‍ എപ്പോഴും കേള്‍ക്കുന്നതാണ്. ഹോളിവുഡ് താരങ്ങളായ റോബര്‍ട്ട് ഡി നീറോ, ജാക്ക് നിക്കോള്സന് എന്നിവരും ഇത് തന്നെയാണ് പറയുന്നതെന്നും പ്രതാപ് പോത്തന് കുറിക്കുന്നു. മമ്മൂട്ടി മഹാനായ നടന് മാത്രമല്ല. തറവാടിത്തവും സമ്പത്തും ഉള്ളയാളും കൂടിയാണ്. ഇതിലും കൂടുതല്‍ ഒരാള്‍ക്ക് മറ്റെന്താണ് വേണ്ടത്. ജയ് ഹോ മമ്മൂട്ടി. നിങ്ങളാണ് മഹാന്. എല്ലാവരും ആഗ്രഹിക്കുന്നത് നിങ്ങളെ പോലെ ആകാനാണെന്നും പ്രതാപ് പോത്തന് പരിഹസിക്കുന്നുണ്ട്. കാറും നിറയെ പണവും ഉള്ള താങ്കള്‍ കേരളത്തില്‍ മറ്റ് ആരേക്കാളും മികച്ചു നില്‍ക്കുന്നെന്നും ഫെയ്സ്ബുക്ക് കുറിപ്പിലുണ്ട്. എല്ലാത്തിനെയും കുറിച്ചുള്ള താങ്കളുടെ അറിവ് അടുത്ത മുഖ്യമന്ത്രി ആകാന്‍ സഹായിക്കുന്നതാണെന്നും പ്രതാപ് പോത്തന് പറയുന്നു.