പിഎസ്സിയുടെ വലിയ പരീക്ഷയുമായ്‌ ബെവ്കോ എല്‍ഡി ക്ലര്‍ക്ക്..!!

kpsc-thulasi-login-page-2016പി.എസ്.സിയുടെ ഏറ്റവും വലിയ പരീക്ഷ ഒക്ടോബര്‍ 22നാണ്. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ബിവറേജസ് കോര്‍പ്പറേഷനില്‍ എല്‍.ഡി. ക്ലര്‍ക്കായി നിയമനം നേടുന്നതിനുള്ള ഒ.എം.ആര്‍. പരീക്ഷയാണിത്. 6,36,263 പേരാണ് അപേക്ഷിച്ചത്. ഇവര്‍ക്കായി 2608 വിദ്യാലയങ്ങളില്‍ 2800ഓളം പരീക്ഷാകേന്ദ്രങ്ങളാണ് പി.എസ്.സി സജ്ജീകരിച്ചിട്ടുള്ളത്. ഒരു പരീക്ഷയ്ക്ക് ഇത്രയും കൂടുതല്‍ പരീക്ഷാകേന്ദ്രങ്ങള്‍ ആദ്യമായാണ് കമ്മിഷന്‍ ഒരുക്കുന്നത്. ആറുലക്ഷത്തിലേറെപ്പേര്‍ പരീക്ഷയ്ക്കെത്തുമെന്നാണ് കരുതുന്നത്. അഡ്മിഷന്‍ടിക്കറ്റ് ഉദ്യോഗാര്‍ഥികളുടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊ ഫൈലില്‍ ചേര്‍ത്തിട്ടുണ്ട്. അത് ഡൗണ്‍ലോഡ് ചെയ്യാന്‍ ഉദ്യോ ഗാര്‍ഥികള്‍ പി.എസ്.സിയുടെ വെബ്സൈറ്റില്‍(www.keralapsc.gov.in) പ്രവേശിച്ച്‌ One Time Regitsration ക്ലിക്ക് ചെയ്യണം. യൂസര്‍ ഐ.ഡി.യും പാസ്വേഡും ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്ത് പ്രൊഫൈലില്‍ പ്രവേശിക്കുമ്ബോള്‍ വലതുഭാഗത്ത് Admission Ticket എന്ന ലിങ്ക് കാണാം. അതില്‍ ക്ലിക്ക് ചെയ്ത് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം. അതിന്‍റെ അച്ചടിപ്പകര്‍പ്പ് പരീക്ഷാഹാളില്‍ ഹാജരാക്കണം. ഈ പകര്‍പ്പില്‍ പി.എസ്.സി.യുടെ മുദ്രയും ബാര്‍കോഡും തെളിഞ്ഞു കാണണം. ഉദ്യോഗാര്‍ഥിയുടെ ഫോട്ടോയില്‍ പേരും ഫോട്ടോയെടുത്ത തീയതിയും ഉണ്ടായിരിക്കണം. അങ്ങനെയുള്ള അഡ്മിഷന്‍ ടിക്കറ്റുള്ളവരെ മാത്രമേ പരീക്ഷയെഴുതാന്‍ അനുവദിക്കുകയുള്ളൂ. ഇതിന്‍റെ പരിശോധനകള്‍ക്കായി അരമണിക്കൂര്‍ മുമ്പേ ഹാളിലെത്തണം. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് പരീക്ഷ തുടങ്ങുന്നത്. ഒന്നരമണിക്ക് പരീക്ഷാകേന്ദ്രത്തിന്റെ കവാടം അടയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയും റെയില്‍വെയും ജലഗതാഗത വകുപ്പും പരീക്ഷാദിനത്തില്‍ പ്രത്യേക സര്‍വീസുകളും സൗകര്യങ്ങളും ഏര്‍പ്പെടുത്തും. അഡ്മിഷന്‍ ടിക്കറ്റില്‍ പരീക്ഷാകേന്ദ്രത്തിന്‍റെ പേരും വിലാസവും ഉണ്ട്. അത് മനസ്സിലാക്കി അവിടേക്കുള്ള വഴിയും എത്താനുള്ള സൗകര്യങ്ങളും മുന്‍കൂട്ടി അറിയുന്നത് നന്നായിരിക്കും.

പാഠ്യപദ്ധതി എസ്.എസ്.എല്‍.സി. നിലവാരത്തില്‍;

എസ്.എസ്.എല്‍.സി. വിജയമാണ് ഈ തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യത. വിവിധ വകുപ്പുകളില്‍ എല്‍.ഡി. ക്ലര്‍ക്കിനുള്ള പാഠ്യപദ്ധതിയാണ് ഈ പരീക്ഷയ്ക്കും സ്വീകരിച്ചിട്ടുള്ളത്. പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങള്‍, കേരള നവോത്ഥാനം, ഗണിതം, മാനസികശേഷി പരിശോധന, ജനറല്‍ ഇംഗ്ലീഷ്, പ്രാദേശികഭാഷ എന്നിവയിലായി 100 മാര്‍ക്കിനുള്ള ചോദ്യങ്ങളുണ്ടാകും. ഉത്തരങ്ങള്‍ അടയാളപ്പെടുത്താന്‍ ഒന്നേകാല്‍ മണിക്കൂറാണ് (75 മിനിറ്റ്) സമയം. ഒരു ഉത്തരം കണ്ടെത്താനും അടയാളപ്പെടുത്താനും ഒരു മിനിറ്റു പോലുമെടുക്കാനില്ല. ഗണിതം, ജനറല്‍ ഇംഗ്ലീഷ്, പ്രാദേശികഭാഷ, മാനസികശേഷി പരിശോധന എന്നിവയില്‍ പരമാവധി മാര്‍ക്ക് നേടാന്‍ കഴിയണം. കാരണം പാഠ്യപദ്ധതിക്കുള്ളില്‍ നിന്നുള്ള ചോദ്യങ്ങളായിരിക്കും ഈ വിഭാഗങ്ങളില്‍ നിന്നുണ്ടാവുക. എന്നാല്‍ പൊതുവിജ്ഞാനവും ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഏതു മേഖലയില്‍നിന്നു വേണമെങ്കിലും വരാം. പരന്ന വായനയും ദീര്‍ഘനാളത്തെ പരിശീലനവുമുള്ളവര്‍ക്കേ ആ മേഖലയില്‍ നിന്ന് കൂടുതല്‍ മാര്‍ക്ക് നേടാനാകൂ. ആ വിഭാഗത്തില്‍ കുറയുന്ന മാര്‍ക്ക് മറ്റു വിഷയങ്ങളില്‍നിന്ന് നേടാനായാല്‍ മികച്ച റാങ്ക് പ്രതീക്ഷിക്കാം. ഇങ്ങനെ മേഖലകള്‍ തിരിച്ച്‌ ശാസ്ത്രീയമായി പഠനം ക്രമീകരിച്ചാലേ ഇത്തരം വലിയ മത്സര പരീക്ഷകളില്‍ നേട്ടമുണ്ടാക്കാനാകൂ. മലായാളത്തിലായിരിക്കും ചോദ്യങ്ങള്‍. ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് തമിഴ്/കന്നഡ ഭാഷകളിലും ചോദ്യങ്ങള്‍ നല്‍കും.

കൂടുതല്‍ പരീക്ഷാകേന്ദ്രം തിരുവനന്തപുരത്താണ്;

2014 ലാണ് വിജ്ഞാപനം ക്ഷണിച്ചതെങ്കിലും അപേക്ഷകര്‍ കൂടുതലുള്ളതിനാല്‍ പരീക്ഷാ നടത്തിപ്പ് നീട്ടിക്കൊണ്ടു പോവുകയായിരുന്നു. സാധാരണ അപേക്ഷകര്‍ കൂടുതലുള്ള പരീക്ഷകള്‍ പലഘട്ടങ്ങളായി നടത്തി മാര്‍ക്കുകള്‍ സമീകരിക്കുന്നതാണ് പി.എസ്.സി.യുടെ രീതി. എന്നാല്‍ ഒരു സ്ഥാപനത്തിലെ ഒരേതസ്തികയിലേക്കുള്ള പരീക്ഷയായതിനാല്‍ ഘട്ടങ്ങളായി നടത്തുന്നത് യുക്തിസഹമാകില്ലെന്ന് വിമര്‍ശനമുയര്‍ന്നു. അതുകൂടി കണക്കിലെടുത്താണ് ഒറ്റപ്പരീക്ഷ തന്നെ നടത്താന്‍ കമ്മിഷന്‍ തീരുമാനിച്ചത്. ഏറ്റവുംവലിയ പരീക്ഷയെന്ന നിലയ്ക്കുള്ള പ്രത്യേക തയ്യാറെടുപ്പുകള്‍ക്ക് പരീക്ഷാ കണ്‍ട്രോളര്‍ എന്‍.നാരായണശര്‍മയാണ് നേതൃത്വം നല്‍കുന്നത്. അണ്‍എയ്ഡഡ് സ്കൂളുകളും പരീക്ഷാകേന്ദ്രമായി നിശ്ചയിച്ചിട്ടുണ്ട്. വനിതാ അപേക്ഷകര്‍ക്ക് ആവശ്യപ്പെട്ട താലൂക്കില്‍ തന്നെ പരമാവധി കേന്ദ്രങ്ങള്‍ ഒരുക്കും. ഏറ്റവും കൂടുതല്‍ പരീക്ഷാകേന്ദ്രങ്ങള്‍ തിരുവനന്തപുരത്താണ്, കുറവ് കാസര്‍കോടും. ഓരോ പരീക്ഷാകേന്ദ്രത്തിലും പി.എസ്.സി.യുടെ ഒരു ഉദ്യോഗസ്ഥനെങ്കിലും മേല്‍നോട്ടത്തിന് ഉണ്ടാകുന്നതാണ് രീതി. എന്നാല്‍ കമ്മിഷന് 1800 ജീവനക്കാരാണ് ആകെയുള്ളത്. ഇവരെ മുഴുവന്‍ പരീക്ഷാജോലിക്ക് നിയോഗിക്കുന്നുണ്ട്. ബാക്കിയുള്ള കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥസംഘം ഇടവിട്ട് പരിശോധനയ്ക്കെത്തും.

മറി കടക്കുന്നത് സര്‍വകലാശാല അസിസ്റ്റന്റിന്‍റെ റെക്കോര്‍ഡാണ്;  

ഇതിനു മുമ്പ് പി.എസ്.സി. നടത്തിയ ഏറ്റവുംവലിയ പരീക്ഷ സര്‍വകലാശാല അസിസ്റ്റന്റിന്റേതായിരുന്നു. കഴിഞ്ഞ മെയ് 24നാണ് ആ പരീക്ഷ നടത്തിയത്. 5,41,823 പേര്‍ക്കായി അന്ന് 2223 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചത്. എന്നാല്‍ അപേക്ഷകരില്‍ മൂന്നര ലക്ഷത്തോളം പേരേ പരീക്ഷയെഴുതാനെത്തിയുള്ളൂ. ബാക്കിയുള്ളവര്‍ക്കൊരുക്കിയ സൗകര്യം അന്ന് പാഴ്ചെലവായി. ബിവറേജസ് കോര്‍പ്പറേഷനിലെ 60 എന്‍.ജെ.ഡി. ഒഴിവുകളിലേക്കാണ് വിജ്ഞാപനം ക്ഷണിച്ചതെങ്കിലും നിലവില്‍ 200ലേറെ ഒഴിവുകളുള്ളതായാണ് വിവരം. റാങ്ക്പട്ടിക പ്രസിദ്ധീകരിച്ച്‌ മൂന്നു വര്‍ഷത്തെ പ്രതീക്ഷിത ഒഴിവുകളിലേക്കും ഇതില്‍ നിന്നായിരിക്കും നിയമനം നടത്തുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*