കേദാര്‍ യാദവ് വിക്കറ്റ് വീഴ്ത്തിയാല്‍ നാട്ടിലേക്ക് മടങ്ങുമെന്ന് സ്റ്റൈറിസ്..!

scczen_261215splstyris_640x320jpgന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ മൂന്നു വിക്കറ്റുകള്‍ പിഴുത ഇന്ത്യന്‍ പാര്‍ട്ട് ടൈം സ്പിന്നറായ കേദാര്‍ യാദവ് കിവീസ് ബാറ്റിങ് നിരയെ നിയന്ത്രിച്ചുനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു. എന്നാല്‍, കിവീസ് ഇന്നിങ്സില്‍ ബോളുകൊണ്ട് വിതച്ചതിലും വലിയ വിനാശമാണ് മുന്‍ കിവീസ് താരവും നിലവില്‍ ക്രിക്കറ്റ് കമന്റേറ്ററുമായ സ്കോട് സ്റ്റൈറിസിന് യാദവിന്റെ പ്രകടനം വരുത്തിവച്ചത്. യാദവ് വിക്കറ്റെടുത്താല്‍ നാട്ടിലേക്ക് വിമാനം പിടിക്കുമെന്ന് പറഞ്ഞ സ്റ്റൈറിസ് ഒടുവില്‍ വാക്കു പാലിക്കാന്‍ കളിതീരുന്നതിന് മുന്‍പ് കമന്ററി ബോക്സ് വിട്ടു. മൊഹാലിയില്‍ നടന്ന ഇന്ത്യ-ന്യൂസീലന്‍ഡ് മൂന്നാം ഏകദിനത്തിനിടെയാണ് കമന്ററി ബോക്സില്‍ രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. കമന്റേറ്റര്‍മാരായി ബോക്സിലുണ്ടായിരുന്നത് മുന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഗവാസ്കര്‍, രവി ശാസ്ത്രി, മുന്‍ കിവീസ് താരം സ്കോട്ട് സ്റ്റൈറിസ് എന്നിവര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിനായി ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനും ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലും മികച്ച പ്രകടനം നടത്തുമ്ബോഴാണ് ആദ്യ മല്‍സരങ്ങളില്‍ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ കേദാര്‍ യാദവിനെ ധോണി ബോളിങ്ങിന് വിളിക്കുന്നത്. ഇതുകണ്ട സ്റ്റൈറിസ് തമാശയ്ക്കോ കാര്യത്തിനോ എന്തോ, ഇങ്ങനെ പറഞ്ഞു; ഇന്നത്തെ മല്‍സരത്തില്‍ യാദവ് ഒരു വിക്കറ്റെങ്കിലും വീഴ്ത്തിയാല്‍ ഞാന്‍ കമന്ററി നിര്‍ത്തി ന്യൂസീലന്‍ഡിലേക്കുള്ള ആദ്യത്തെ വിമാനം പിടിക്കും! ആദ്യ രണ്ട് ഏകദിനങ്ങളില്‍നിന്നായി യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തിയിരുന്നു. അതിനുമുന്‍പ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ യാദവിന്റെ പേരിലുണ്ടായിരുന്നത് ഒരേയൊരു വിക്കറ്റ് മാത്രം. ബോളര്‍ എന്ന നിലയില്‍ അത്ര അറിയപ്പെടുന്ന താരമല്ല യാദവ്. അതിലുപരി, വിക്കറ്റ് കീപ്പറും ഭേദപ്പെട്ട ബാറ്റ്സ്മാനുമാണ് അദ്ദേഹം. അതിനിടെയാണ് അപ്രതീക്ഷിതമായി കേദാര്‍ യാദവില്‍ ധോണിക്ക് മികച്ചൊരു ബോളറെ ലഭിക്കുന്നത്. അതിനിടെയാണ് മൂന്നാം മല്‍സരത്തില്‍ യാദവ് വിക്കറ്റെടുത്താല്‍ താന്‍ കമന്ററി മതിയാക്കി നാട്ടിലേക്ക് മടങ്ങുമെന്ന വാക്കുമായി സ്റ്റൈറിസ് എത്തിയത്. കേദാര്‍ യാദവ് എറിഞ്ഞ ആദ്യ ഓവര്‍ അപകടരഹിതമായി അവസാനിച്ചു. രണ്ടാം ഓവറിന്റെ അവസാന പന്തില്‍ കളി മാറി. യാദവിന്റെ പന്ത് സ്വീപ് ചെയ്യാന്‍ ശ്രമിച്ച കിവീസ് ക്യാപ്റ്റന്‍ വില്യംസന് പിഴച്ചു. പന്ത് നേരെ പാഡില്‍ തട്ടി. യാദവിന്‍റെ എല്‍ബി അപ്പീല്‍ അംഗീകരിക്കപ്പെട്ടു. വില്യംസന്‍ പുറത്ത്. പറഞ്ഞ വാക്കു വിഴുങ്ങി സ്റ്റൈറിസ് കമന്ററി ബോക്സില്‍ തുടരുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍, ഉടന്‍തന്നെ കമന്ററി നിര്‍ത്തിയ സ്റ്റൈറിസ് സ്ഥലം കാലിയാക്കി. മല്‍സരം തീരുന്നതുവരെ അവിടേക്കു വന്നതുമില്ല. അതിനിടെ, സ്റ്റൈറിസ് എവിടെയെന്ന് ട്വിറ്ററിലൂടെ അന്വേഷിച്ച ആരാധകന് ഉടന്‍ ലഭിച്ചു മറുപടി. ഞാന്‍ ഒളിച്ചിരിക്കുകയാണ്! എന്തായാലും സംഭവമൊന്നും അറിയാതെ രണ്ടു വിക്കറ്റ് കൂടി വീഴ്ത്തിയ യാദവ്, ന്യൂസീലന്‍ഡിനെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കവഹിക്കുകയും ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*