അണ്ടര്‍ 16 ഫുട്ബോള്‍: ഇന്ത്യ സൗദിയെ പിടിച്ചുകെട്ടി.

footഎ.എഫ്.സി. അണ്ടര്‍-16 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഞായറാഴ്ച നടന്ന കളിയില്‍ ഇന്ത്യയും സൗദി അറേബ്യയും സമനിലയില്‍ പിരിഞ്ഞു (3-3). രണ്ടു ഗോളുകള്‍ക്ക് മുന്നില്‍നിന്നശേഷമാണ് ഇന്ത്യ സമനിലവഴങ്ങിയത്. ഒന്നാം പകുതിയില്‍ ആതിഥേയര്‍ 2-1ന് മുന്നിട്ടുനിന്നു. ഇന്ത്യക്കുവേണ്ടി അനികേത് യാദവും അമന്‍ ഛേത്രിയും സുരേഷ് വാങ്ജവും ഗോള്‍ നേടിയപ്പോള്‍ ഇരട്ടഗോള്‍ നേടിയ ഫെറസ് താരിഖും അസീസ് സുലൈമാനുമാണ് സൗദിയുടെ സ്കോറര്‍മാര്‍. നിലയുറപ്പിക്കുംമുമ്പ് സൗദിയുടെ വലയില്‍ പന്തെത്തിച്ചാണ് ഇന്ത്യ കളിതുടങ്ങിയത്. അഞ്ചാം മിനിറ്റില്‍ കോമള്‍ തട്ടലിന്റെ പാസില്‍ അനികേത് യാദവ് ആദ്യഗോള്‍ നേടി. 22-ാം മിനിറ്റില്‍ നീലപ്പട ലീഡുയര്‍ത്തിയതോടെ ഗാലറി ആഹ്ലാദത്തിമിര്‍പ്പിലായി. ഇടതുവിങ്ങിലൂടെ ബോറിസ് തങ്ജം നടത്തിയ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. ഇത്തവണ അമന്‍ ഛേത്രിയായിരുന്നു സ്കോറര്‍. 33-ാം മിനിറ്റില്‍ അസീസ് സുലൈമാനിലൂടെ സൗദി ഒരു ഗോള്‍ മടക്കി. പിന്നീട് കളിയുടെ നിയന്ത്രണം അവര്‍ ഏറ്റെടുത്തു. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് സൗദിക്ക് അനുകൂലമായി റഫറി പെനാല്‍റ്റി അനുവദിച്ചു. എന്നാല്‍, മാലി എടുത്ത കിക്ക് ഇന്ത്യന്‍ ഗോളി ധീരജ് തടുത്തിട്ടു. കളിതീരാന്‍ ഏഴുമിനിറ്റ് ബാക്കിനില്ക്കെ ലീഡ് കാത്തുസൂക്ഷിച്ച ഇന്ത്യ വിജയം നേടുമെന്നുതോന്നി. എന്നാല്‍, ആദ്യമത്സരത്തില്‍ യു.എ.ഇ.യ്ക്കെതിരെ കാട്ടിയ പിഴവ് രണ്ടാം മത്സരത്തിലും ആതിഥേയര്‍ ആവര്‍ത്തിക്കുന്നതാണ് കണ്ടത്.  83-ാം മിനിറ്റില്‍ ഫെറസ് താരിഖിലൂടെ സൗദി സമനിലനേടി. ഒരു മിനിറ്റിനകം ഫെറസ് താരിഖ് ടീമിന് ലീഡും സമ്മാനിച്ചു. പക്ഷേ, ഇഞ്ചുറി ടൈമില്‍ കിട്ടിയ പെനാല്‍ട്ടി ആതിഥേയരുടെ മാനംകാത്തു. കളിതീരാന്‍ നിമിഷങ്ങള്‍ ബാക്കിയിരിക്കെ ലാലെങ്മാവിയയെ സൗദി ഗോളി അല്‍ അസ്മാരി ഹഷീം വീഴ്ത്തി. ഇന്ത്യക്കനുകൂലമായി കിട്ടിയ പെനാല്‍റ്റി സുരേഷ് വാങ്ജം ഒരു പിഴവും കൂടാതെ ലക്ഷ്യത്തിലെത്തിച്ചു (3 – 3). 21ന് ഇറാനുമായിട്ടാണ് ഇന്ത്യയുടെ അടുത്തമത്സരം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*