മതസൗഹാര്‍ദ്ദത്തിന്‍റെ മാതൃകയായ് അയോധ്യയില്‍ മുംസ്ലീം പള്ളി പുതുക്കി പണിയാന്‍ സഹായിക്കുന്നത് ക്ഷേത്രം അധികാരികള്‍

masjidബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തിന്‍റെ  മുറിവ് രണ്ടര പതിറ്റാണ്ട് കഴിഞ്ഞിട്ടും ഉണങ്ങാതിരിക്കുന്ന സ്ഥലത്തുനിന്നാണ് ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന പുതിയ വാര്‍ത്ത വന്നിരിക്കുന്നത്. 300 വര്‍ഷം പഴക്കമുള്ള പഴകിദ്രവിച്ച മോസ്ക്ക് പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അയോദ്ധ്യയിലെ ഹനുമന്‍ഗര്‍ ക്ഷേത്രമാണ് വാര്‍ത്തയില്‍ നിറയുന്നത്. ക്ഷേത്രത്തോട് ചേര്‍ന്ന് കിടക്കുന്ന അലാംഗിരി മസ്ജിദ് പുനര്‍നിര്‍മ്മിക്കാന്‍  ക്ഷേത്രം അധികാരികള്‍ സമ്മതിച്ചു.  മസ്ജിദ് അപകടാവസ്ഥയിലാണെന്ന് കാണിച്ച്‌ പ്രവേശനം നിഷേധിച്ചുകൊണ്ട് പ്രാദേശിക ഭരണകൂടം നോട്ടീസ് പതിച്ചിന് പിന്നാലെ മസ്ജിദ് പുതുക്കിപ്പണിയാന്‍ ക്ഷേത്രം അധികാരികള്‍ തന്നെ രംഗത്ത് വന്നത്. നിര്‍മ്മാണ ചെലവ് വഹിക്കാനും പരിസരത്ത് മുസ്ലിങ്ങള്‍ക്ക് നിസ്ക്കരിക്കാനും അനുവദിച്ചിട്ടുണ്ട്. ക്ഷേത്രം വക ഭൂമിയിലാണ് മസ്ജിദ് നിലനില്‍ക്കുന്നത്.  തീരുമാനത്തെ ഇസ്ലാമിക സമൂഹവും സ്വാഗതം ചെയ്തിട്ടുണ്ട്. പതിനേഴാം ശതകത്തില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബായിരുന്നു അലാംഗിരി മസ്ജിദ് നിര്‍മ്മിച്ചത്. 1765 ല്‍ നവാബ് ഷുജാവുദ് ദൗള ഇസഌമികളെ നമസ് ചെയ്യാന്‍ അനുവദിക്കണമെന്ന നിബന്ധനയില്‍ മസ്ജിദ് സ്ഥിതി ചെയ്തിരുന്ന അര്‍ഗറ എന്ന് വിളിച്ചിരുന്ന ഇവിടം ഹനുമന്‍ഗറി ക്ഷേത്രത്തിന് സംഭാവന ചെയ്യുകയായിരുന്നു.
എന്നാല്‍ കാലാനുസൃതമായ നവീകരണം സാധ്യമാകാതെ അപകടാവസ്ഥയില്‍ ആയതോടെ ആള്‍ക്കാര്‍ ഇവിടം നമസ്ക്കാരത്തിന്   എത്താതായി. തുടര്‍ന്ന് അടുത്തകാലത്ത് അയോദ്ധ്യ മുനിസിപ്പല്‍ ബോര്‍ഡ് പ്രവേശനം നിഷേധിച്ചുകൊണ്ട് നോട്ടീസ് പതിക്കുകയും ചെയ്തു. തുടര്‍ന്ന് അടുത്തിടെ പ്രദേശത്തെ ഒരുകൂട്ടം മുസ്ലിങ്ങള്‍ ക്ഷേത്രത്തിലെ പ്രധാന പൂജാരിയുമായി കൂടിക്കാഴ്ച നടത്തുകയും മസ്ജിദിന്‍റെ  അറ്റകുറ്റപ്പണികള്‍ക്കായി അനുവാദം തേടുകയും ചെയ്തിരുന്നു.  ഈ കൂടിക്കാഴ്ച മതസൗഹാര്‍ദ്ദത്തിന്‍റെ ഉത്തമ മാതൃകയായി മാറുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*