Breaking News

ജഡ്ജിമാരോട് രാഷ്ട്രപതി: അതിരു വിടരുത്…

കോടതികളുടെ അമിതാധികാScreenshot_32ര പ്രവണത ആപത്താണെന്നു രാഷ്ട്രപതി പ്രണബ് മുഖർജി. മനോവികാരങ്ങളെ നിയന്ത്രിച്ചു സന്തുലനം പാലിച്ചു വേണം വിധി പ്രഖ്യാപിക്കാനെന്ന് അദ്ദേഹം ജഡ്‌ജിമാരോടു പറഞ്ഞു. ദേശീയ ജുഡീഷ്യൽ അക്കാദമിയിൽ സുപ്രീം കോടതി ജഡ്‌ജിമാരുടെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രണബ്. ഭരണഘടനയാണ് ഏറ്റവും ഉന്നതസ്ഥാനത്തെന്നു പറഞ്ഞ രാഷ്ട്രപതി, ജുഡീഷ്യൽ ആക്ടിവിസം അധികാരനിർണയത്തെ ദുർബലമാക്കരുതെന്ന് അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെ ഓരോ ഘടകവും അതതു മേഖലയിൽ മാത്രം പ്രവർത്തിക്കുകയും മറ്റു മേഖലകളിലേക്കു കടന്നുകയറി പ്രവർത്തിക്കാതിരിക്കുകയും വേണം. അധികാരനിർണയം ഭരണഘടനാപരമാണ്. കോടതികൾ അമിതാധികാരം ഉപയോഗിക്കുമ്പോൾ അതു ഭരണഘടനയ്ക്ക് എതിരാവുന്നു – പ്രണബ് പറഞ്ഞു. നിയമനിർമാണ സഭയുടെയും ഭരണനിർവഹണ വിഭാഗത്തിന്റെയും പ്രവർത്തനം കോടതിയുടെ വിശകലനത്തിനു വിധേയമാണ്. കോടതിയുടെ അധികാരത്തെക്കുറിച്ചുള്ള വിലയിരുത്തൽ കോടതി സ്വയം ചെയ്യേണ്ടതാണ് – രാഷ്ട്രപതി പറഞ്ഞു. ജഡ്‌ജിമാരുടെ സ്വാതന്ത്ര്യവും നിയമസംവിധാനത്തിന്റെ ഏകതയും ഏറ്റവും പ്രധാനമാണെന്നും പ്രണബ് പറഞ്ഞു. ഇതു നീതിതേടുന്ന ജനങ്ങൾക്കും ഉപകാരപ്രദമാണ്. നിയമപരമായ വിശകലനം സമൂഹത്തിന്റെ അടിസ്ഥാന ഘടനയിൽപെട്ടതാണ്. അതു മികച്ചതാണോ എന്നു പരിശോധിക്കേണ്ടതു കോടതിതന്നെയാണ്. ഭരണഘടനയെയും നിയമത്തെയും അവസാനമായി വ്യാഖ്യാനിക്കേണ്ടതു കോടതിയാണ്. ജനങ്ങൾക്കു നിയമസംവിധാനത്തിലുള്ള വിശ്വാസം എപ്പോഴും നിലനിൽക്കണം. ഈ വിശ്വാസം നിലനിൽക്കണമെങ്കിൽ നിയമസംവിധാനം ജനങ്ങൾക്കു പ്രാപ്യമായതാവണം. പോസ്റ്റ് കാർഡിൽ സാധാരണക്കാരൻ എഴുതി അയയ്ക്കുന്ന കത്തോ മാധ്യമങ്ങളിൽ വന്ന വാർത്തയോ നിയമനടപടിക്ക് ഇടയാക്കുന്നത് നിയമം സാധാരണക്കാരനിൽനിന്ന് അകലെയല്ലെന്നു കാണിക്കുന്നു. ചെലവു കുറഞ്ഞ നിയമസഹായം ഇന്ത്യയ്ക്ക് അത്യാവശ്യമാണ്. ഏറ്റവും ദുർബലനും ശക്തനും ഒരേപോലെ അതിന് അവസരം ലഭിക്കണമെന്നു മഹാത്മാ ഗാന്ധി പറഞ്ഞത് അദ്ദേഹം എടുത്തുകാട്ടി. രാജ്യത്തു നിയമസാക്ഷരത വർധിപ്പിക്കേണ്ടതിന്റെ ആവശ്യവും രാഷ്ട്രപതി എടുത്തുപറഞ്ഞു. യുവ അഭിഭാഷകരിൽ മൂല്യങ്ങൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. വേഗത്തിൽ കേസുകൾ തീർപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൈകി ലഭിക്കുന്ന നീതി, നീതിനിഷേധത്തിനു തുല്യമാണ്. രാജ്യത്തു മൂന്നു കോടിയിലേറെ കേസുകൾ തീർപ്പാക്കാനുണ്ട്. അവയിൽ 38.5 ലക്ഷം കേസുകൾ 24 ഹൈക്കോടതികളിലായി തീർപ്പാകാതെ കിടക്കുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*