Breaking News

ഗുണ്ടാസംഘം മാര്‍ബിള്‍ വില്‍പ്പനകേന്ദ്രം തകര്‍ത്തു….

 kathiപത്തനംതിട്ട അടൂരില്‍ ജീവനക്കാരെ മര്‍ദിച്ചശേഷം കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി മാര്‍ബിള്‍ വില്‍പ്പനകേന്ദ്രം ഗുണ്ടാസംഘം തല്ലിത്തകര്‍ത്തു. എം.സി. റോഡരികില്‍ അടൂര്‍ കിളിവയലില്‍ നിര്‍മ്മാണം നടക്കുന്ന വി.എ.എസ്. ഫ്‌ളോര്‍സ് ആന്‍ഡ് ഡെക്കേര്‍സ് സ്ഥാപനമാണ് ശനിയാഴ്ച അര്‍ദ്ധരാത്രിയില്‍ 25 പേരോളം വരുന്ന സംഘം തല്ലിത്തകര്‍ത്തത്.
മണക്കാല ശ്രീപുരത്ത് ഭവനില്‍ ബിജു തങ്കച്ചന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. 26നാണ് കടയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. കടയിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെ മര്‍ദിച്ച് കഴുത്തില്‍ കത്തി വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയശേഷമാണ് ആക്രമണം നടത്തിയത്.  കടയോട് ചേര്‍ന്ന് മാര്‍ബിള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി നിര്‍മ്മിച്ച വലിയ മുറി പൂര്‍ണമായും പൊളിച്ചുകളഞ്ഞു. അലുമിനിയം ഷീറ്റിട്ട് നിര്‍മ്മിച്ച മേല്‍ക്കൂരയും പൈപ്പുകളും മെഷീനുകള്‍ ഉപയോഗിച്ച് അറത്തുമാറ്റി അടുത്ത പറമ്പില്‍ കൊണ്ടിട്ടു. നിര്‍മാണത്തിന് എത്തിച്ച സിമന്റ് കട്ടകളെല്ലാം നശിപ്പിച്ചു. പ്രധാന കെട്ടിടത്തിന്റെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ അക്രമികള്‍ അകത്തുണ്ടായിരുന്ന ടൈല്‍സ് അടിച്ചുപൊട്ടിക്കുകയും വലിച്ചുവാരി പുറത്തിടുകയും ചെയ്തിട്ടുണ്ട്. കുറെയധികം പാക്കറ്റ് മാര്‍ബിളുകളും ടൈലുകളും അക്രമിസംഘം കടത്തിക്കൊണ്ടുപോയതായും കടയുടമ പറഞ്ഞു. സ്ഥാപനത്തിലേക്കുള്ള പ്രധാന ഗേറ്റ് അറത്തുമാറ്റിയാണ് അക്രമിസംഘം കടന്നുവന്നത്. കടയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊബൈല്‍ഫോണ്‍ പിടിച്ചുവെച്ചിട്ടാണ് ആക്രമണം നടത്തിയത്. പുനലൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം അഞ്ച് വര്‍ഷത്തേക്കാണ് ബിജു തങ്കച്ചന്‍ വാടകയ്ക്ക് എടുത്തത്. സ്ഥാപനത്തിന്റെ ആവശ്യത്തിനായി നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്ന വിവരം കെട്ടിട ഉടമയെ അറിയിച്ച് അനുമതി വാങ്ങിയിട്ടുള്ളതാണെന്നും ബിജു തങ്കച്ചന്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*