വിഴിഞ്ഞം തുറമുഖ പദ്ധതി നടത്തിപ്പിൽ അദാനി ഗ്രൂപ്പിനെ സഹകരിപ്പിക്കുന്നതിനുള്ള സമ്മതപത്രം ഉടൻ നൽകുമെന്ന മന്ത്രി കെ.ബാബു അറിയിച്ചിരുന്നെങ്കിലുംദിവസങ്ങള് കഴിഞ്ഞിട്ടും സർക്കാർ ഉത്തരവ് ഇറങ്ങുകയോ സമ്മതപത്രം നൽകുകയോ ചെയ്തിട്ടില്ല. പദ്ധതിക്കുള്ള സർക്കാർ ഉത്തരവും സമ്മതപത്രവും വൈകുന്നത് ഹൈക്കമാൻഡിന്റെ അതൃപ്തിയെത്തുടർന്നാണെന്നാണ് സൂചന. അതേസമയം, പദ്ധതി അദാനിക്ക് നൽകുന്നതിനെ ഹൈക്കമാൻഡ് എതിർത്തിട്ടില്ലെന്ന് അജയ് തറയിൽ അറിയിച്ചു.പ്രധാനമന്ത്രിയുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന ഗൗതം അദാനിയായിരുന്നു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും പ്രധാന വരുമാന സ്രോതസ്സ്. ബിജെപിയുമായി വലിയ ബന്ധം ഇയാൾക്കുണ്ടെന്നുമാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. മാത്രമല്ല കോൺഗ്രസ് ഭരിക്കുന്ന ഒരു സംസ്ഥാനത്ത് അധാനിക്ക് ഇത്തരമൊരു വൻകിട പദ്ധതി കൈമാറുന്നത് ദേശീയ നേതൃത്വത്തിന്റെ നിലവിലുള്ള നിലപാടുകൾക്ക് എതിരാകുമെന്ന നിലപാടാണ് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമുള്ളത്.അദാനിക്ക് പദ്ധതി കൈമാറുന്നതിൽ സംസ്ഥാന നേതാക്കൾക്കും വിയോജിപ്പുണ്ടായിരുന്നു. കെപിസി പ്രസിഡന്റ് വി.എം. സുധുരീൻ ഇക്കാര്യം നേരിട്ട് ഹൈക്കമാൻഡിന് അറിയിച്ചിരുന്നു. മാത്രമല്ല ഉമ്മൻ ചാണ്ടിയുടെ നിലപാടിനോട് വിയോജിപ്പ് അറിയിച്ച് ചില സംസ്ഥാന നേതാക്കളും ഹൈക്കമാൻഡിന് കത്തെഴുതിയിരുന്നു. എന്നാൽ വിഴിഞ്ഞം പദ്ധതിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് അതൃപ്തി അറിയിച്ചിട്ടില്ലെന്ന് മന്ത്രി കെ.ബാബു വ്യക്തമാക്കി. നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിക്കായുള്ള അനുമതിപത്രം വൈകുന്നത് സാങ്കേതികംമാത്രമാണെന്നും നടപടികള് പുരോഗമിക്കുകയാണെന്ന് തുറമുഖമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്.