കലോത്സവത്തിന്റെ ചരിത്രം പറയുന്ന പുസ്തകം

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ചരിത്രം വിശദമായി പ്രതിപാദിക്കുന്ന പുസ്തകത്തിന്റെ രചയിതാവാണ് കോഴിക്കോട്ടുകാരന്‍ അനൂപ്. 1956 മുതല്‍ 2010 വരെയുള്ള കലോത്സവ ചരിത്രം അനൂപിന്റെ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അമ്പത് വര്‍ഷത്തെ ചരിത്രം വിശദമായി അറിയാനാഗ്രഹിക്കുന്നവര്‍ ഒന്ന് വലയും. കാരണം ഇത്രയും വിവരങ്ങള്‍ ആരെങ്കിലും സൂക്ഷിച്ചിട്ടുണ്ടാകുമോ എന്ന കാര്യം സംശയമാണ്. എന്നാല്‍ കോഴിക്കോട്ടുകാരന്‍ അനൂപ് അങ്ങനെയല്ല. 1956 മുതല്‍ 2010 വരെയുള്ള കലോത്സവചരിത്രം അറിയണമെങ്കില്‍ അനൂപ് എഴുതിയ പുസ്തകം വായിച്ചാല്‍ മതി.1956ല്‍ കേരളസംസ്ഥാനം രൂപീകരിച്ച വര്‍ഷം തന്നെ സംസ്ഥാനത്ത് ആദ്യ സ്‌കൂള്‍ കലോത്സവം നടന്നു. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.സിഎസ് വെങ്കിടേശ്വരന്റെ നേതൃത്വത്തിലാണ് കേരളത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മത്സരം നത്തേണ്ടതിനെകുറിച്ച് ആലോചന നടക്കുന്നതും നടപ്പിലാക്കുന്നതും. പിന്നീടിങ്ങോട്ട് 50 തിലേറെ വര്‍ഷങ്ങള്‍ നീണ്ട കലാമാമാങ്കം തന്നെയായിരുന്നു സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നടന്നത്. എന്നാല്‍ ഇക്കലാം വരെ നടന്ന കലോത്സവചരിത്രത്തെ ആരും കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ല.

ഈ സാഹചര്യത്തിലാണ് കോഴിക്കോട്ടുകാരന്‍ ജി അനൂപിന്റെ പുസ്തകത്തിന്റെ പ്രസക്തി. 1956 മുതല്‍ 2010 ല്‍ കോഴിക്കോടു നടന്ന കലോത്സവം വരെയുള്ള ചരിത്രം അന്വേഷിച്ചറിഞ്ഞ് അദ്ദേഹം ഒരു ഗ്രന്ഥത്തിന് രൂപം നല്‍കി. ഇന്നത് വലിയൊരു വിവരസ്രോതസ്സാണ്. ഒന്നരവര്‍ഷത്തെ അലച്ചിലിനും പഠനത്തിനും ഒടുവില്‍ ലക്ഷങ്ങള്‍ ചിലവഴിച്ചാണ് അനൂപ് പുസ്തകം തയ്യാറാക്കിയത്. സ്വര്‍ണക്കപ്പിന്റേതടക്കമുള്ള ചരിത്രം , വിവിധ റിപ്പോര്‍ട്ടുകള്‍, അയ്യായിരത്തിലധികം ഫോട്ടോകള്‍ തുടങ്ങിയവ ഈ ചരിത്ര പുസ്തകത്തിലുണ്ട്്. കലോത്സവങ്ങളില്‍ പങ്കെടുത്ത് പ്രതിഭകളാകുകയും പിന്നീട് സമൂഹത്തിന്റെ നാനാതുറകളില്‍ പ്രശസ്തരാകുകയും ചെയ്ത ഒട്ടെറേപേരുടെ മുഖങ്ങള്‍ നമുക്കിതില്‍ കാണാം. ഗാനഗന്ധര്‍വ്വനും, മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖരും ഇതില്‍ ചുരുക്കം ചിലര്‍. ഇത്രയൊക്കെയായിട്ടും വിദ്യാഭ്യാസ വകുപ്പ് തന്റെ ഈ ഉദ്യമത്തെ കാര്യമായി പ്രോത്സാഹിപ്പിച്ചില്ലെന്ന പരാതി അനൂപിനുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും ലൈബ്രറികള്‍ക്കും ഇതൊരു വിവരസ്രോതസ്സായി നല്‍കാമെന്ന ആവശ്യം എപ്പോഴേ വെച്ചെങ്കിലും അത് ഗൗരവമായെടുത്തില്ലെന്ന് അനൂപ് പറയുന്നു.

2010 മുതലുള്ള ചരിത്രവും അനൂപ് സൂക്ഷിക്കുന്നു. കലോത്സവം വീണ്ടും കോഴിക്കോടെത്തുമ്പോള്‍ അനൂപ് തയ്യാറാണ് എഴുതപ്പെടാന്‍ പോകുന്ന ചരിത്രങ്ങള്‍ രേഖപ്പെടുത്താന്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*